
സ്വന്തം ലേഖകൻ: ഒമാനിൽ എൻഒസി നിബന്ധന ഒഴിവാക്കിയുള്ള തീരുമാനം ജനുവരി ഒന്നുമുതൽ നിലവിൽവന്നെങ്കിലും വിദേശ തൊഴിലാളികൾക്ക് ജോലി മാറുന്നതിന് ചില നിബന്ധനകൾ ബാധകമാണെന്ന് അധികൃതർ അറിയിച്ചു. നിലവിലുള്ള തൊഴിൽ കരാറിന്റെ കാലാവധി കഴിയണമെന്നതാണ് പ്രധാന നിബന്ധനയെന്ന് ആർ.ഒ.പി വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
നിലവിലെ തൊഴിൽ കരാർ കാലാവധി പൂർത്തിയാവുകയോ അല്ലെങ്കിൽ തൊഴിൽ കരാർ റദ്ദാക്കുകയോ വേണം. ഇതോടൊപ്പം നിലവിലെ തൊഴിലുടമക്ക് ജോലി മാറുന്നയാളുമായി വിവിധ വിഷയങ്ങളിൽ ധാരണയിൽ ഏർപ്പെടാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
അതിനിടെ, കഴിഞ്ഞ രണ്ടുവർഷ കാലയളവിനിടെ ജോലി ഉപേക്ഷിച്ച് നാട്ടിൽ പോയവർ ജനുവരി ഒന്നിനുശേഷം ഒമാനിലേക്ക് തിരികെ വരാൻ വിസിറ്റിങ് വിസക്ക് അപേക്ഷിച്ചപ്പോൾ കിട്ടാതിരുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മറ്റൊരു സ്പോൺസർക്കു കീഴിലാണ് വരുന്നതെങ്കിൽ എൻഒസി കൂടി വേണമെമെന്നാണ് മറുപടിയെന്ന് വിസ നിഷേധിക്കപ്പെട്ടവർ പറയുന്നു.
എൻഒസി റദ്ദാക്കൽ വിഷയവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്നാണ് നിയമ മേഖലയുമായി ബന്ധപ്പെട്ടവരും പറയുന്നത്. ഇക്കാര്യത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ വ്യക്തത കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല