
സ്വന്തം ലേഖകൻ: സൌദിയിലെ എഞ്ചിനീയറിങ്ങ് മേഖലയിലെ സ്വദേശിവത്കരണം ഈ മാസം 14 മുതല്‍ ആരംഭിക്കും. സൌദി പൗരന്മാരായ എഞ്ചിനീയര്‍മാര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുകയാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഇതിനായുള്ള പദ്ധതികള്‍ അധികൃതല്‍ ആരംഭിച്ചിട്ടുണ്ട്. കുറഞ്ഞത് ഏഴായിരത്തോളം സൌദി എഞ്ചിനീയര്‍മാര്‍ക്ക് ഈ വര്‍ഷം തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമമാണ് സൌദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്സിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നത്.
മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ചാണ് ഇതിനായുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് യോഗ്യരായ സ്വദേശി എഞ്ചിനീയര്‍മാരെ കണ്ടെത്തുവാനായി സൌദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്സിന്റെ നേതൃത്വത്തില്‍ പുതിയ പോര്‍ട്ടല്‍ ആരംഭിച്ചത്. പോര്‍ട്ടല്‍ വഴി സ്വകാര്യ മേഖലയിലെ കമ്പനികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് അനുയോജ്യരായ എഞ്ചിനീയര്‍മാരെ കണ്ടെത്താനാകും. വിവിധ മന്ത്രാലയവുമായും വകുപ്പുകളുമായും സഹകരിച്ചുകൊണ്ടാണ് സൌദി എഞ്ചിനീയര്‍മാര്‍ക്കുള്ള തൊഴിലവസരത്തിന് ശ്രമങ്ങള്‍ തുടരുന്നത്. നിരവധി സൌദി എഞ്ചിനീയര്‍മാര്‍ ഇതിനകം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സൌദി എഞ്ചിനീയര്‍മാരുടെ കടന്നുവരവ് ഈ മേഖലയിലുള്ള സ്വദേശി എഞ്ചിനീയര്‍മാരുടെ തൊഴിലില്ലായ്മ നിരക്ക് കുറക്കാനാകുമെങ്കിലും വിദേശ എഞ്ചിനീയര്‍മാര്‍ ഈ മേഖല സാവധാനം വിടുവാനും കാരണമാക്കും. ഇതിനകംതന്നെ പല വിദേശികള്‍ക്കും തൊഴില്‍ നഷ്ടമായിട്ടുണ്ട്. നിലവില്‍ അഞ്ചു വര്‍ഷം പരിചയസമ്പത്തുള്ള വിദേശ എഞ്ചിനീയര്മാര്ക്കുമാത്രമെ ഈ മേഖലയില്‍ പ്രവൃത്തിക്കുവാന്‍ നിയമം അനുവദിക്കുന്നുള്ളു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല