1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2021

സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിനായി യുഎസ് കാബിനറ്റ് അംഗങ്ങള്‍ ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണിത്. യുഎസ് മാധ്യമങ്ങളാണ് ട്രംപിനെ വൈറ്റ്ഹൗസില്‍ നിന്ന് പുറത്താക്കുന്നതിനുള്ള സാധ്യതകള്‍ കാബിനറ്റ് അംഗങ്ങള്‍ തേടുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമേരിക്കന്‍ ഭരണഘടനയുടെ 25-ാം ഭേദഗതിയെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഒരു പ്രസിഡന്റിന് തന്റെ ഓഫീസിന്റെ അധികാരങ്ങളും ചുമതലകളും നിറവേറ്റാന്‍ കഴിയുന്നില്ല എന്ന് വിധിക്കുകയാണെങ്കില്‍ വൈസ് പ്രസിഡന്റിനും കാബിനറ്റിനും അദ്ദേഹത്തെ നീക്കം ചെയ്യാന്‍ അനുവദിക്കുന്നതാണ് ഈ ചട്ടം.

ട്രംപിനെ നീക്കം ചെയ്യാനുള്ള നടപടികള്‍ നടപ്പിലാകണമെങ്കില്‍ വൈസ് പ്രസിഡന്റ് മെക്കല്‍ പെന്‍സ് മുന്നിട്ടിറങ്ങേണ്ടതുണ്ട്‌. ട്രംപില്‍ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ടതായി ചില റിപ്പബ്ലിക്കന്‍ നേതാക്കള്‍ വിശേഷിപ്പിച്ചെന്നും 25-ാം ഭേദഗതി ചര്‍ച്ച ചെയ്‌തെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം മൈക്കല്‍ പെന്‍സ് ഇതുവരെ ഔപചാരികമായി ഒന്നും സമര്‍പ്പിച്ചിട്ടില്ലെന്നും എന്നാല്‍ അഭൂതപൂര്‍വ്വമായ നീക്കത്തെ കുറിച്ച്‌ ചര്‍ച്ചകള്‍ നടന്നാതായും സി.ബി.എസ് റിപ്പോര്‍ട്ട് ചെയ്തു.

തന്റെ അനുകൂലികളായ പ്രതിഷേധക്കാരെ പ്രോത്സാഹിപ്പിക്കല്‍, നവംബര്‍ മൂന്നിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍, മറ്റ് വിചിത്രമായ പെരുമാറ്റം എന്നിവ ട്രംപിന്റെ നയിക്കാനുള്ള കഴിവിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബെഡന്‍ അധികാരമേറ്റെടുക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കെ, ഡെമോക്രാറ്റിക് എംപിമാര്‍ 25-ാം ഭേദഗതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രംപിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡെമാക്രാറ്റിക് ഹൗസ് ജൂഡീഷ്യറി കമ്മിറ്റി വൈസ് പ്രസിഡന്റ് പെന്‍സിന് കത്തയക്കുകയും ചെയ്തു.

അതിനിടെ കാപ്പിറ്റോൾ അക്രമ സംഭവങ്ങളിലുള്ള നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ്​ ട്രം​പ് നീക്കം തുടങ്ങി. സ്വയം മാപ്പു നൽകാൻ പ്രസിഡന്‍റിന് അധികാരമുണ്ടെന്ന വാദം ഉയർത്തിയാണ് ട്രംപിന്‍റെ പുതിയ നീക്കം. ഈ വിഷയത്തിൽ വൈറ്റ് ഹൗസ് കൗൺസിൽ പാറ്റ് സിപോലോൻ, സഹായികൾ, അഭിഭാഷകർ അടക്കമുള്ള നിയമവിദഗ്ധരുടെ ഉപദേശം തേടിയതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ട്രംപ് സ്വയം മാപ്പുനൽകിയാൽ അത് അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കുമെന്നാണ് റിപ്പോർട്ട്.

ലോ​ക​ത്തെ പ​ഴ​ക്ക​മേ​റി​യ ജ​നാ​ധി​പ​ത്യ രാ​ഷ്​​ട്ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന അ​മേ​രി​ക്ക​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ്​ ജ​ന​വി​ധി മ​റി​ക​ട​ക്കാ​ൻ പ്ര​സി​ഡ​ൻ​റ്​ പ്ര​ത്യ​ക്ഷ അ​ക്ര​മ​ത്തി​ന്​ ആ​ഹ്വാ​നം ചെ​യ്യു​ന്ന​ത്. ജോ ​ബൈ​ഡ​‍ന്‍റെ വി​ജ​യം അം​ഗീ​ക​രി​ക്കാ​തെ, തെ​ര​ഞ്ഞെ​ടു​പ്പ്​ അപഹരിച്ചുവെ​ന്ന്​ നി​ര​ന്ത​രം ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചി​രു​ന്ന ട്രം​പ്​ വൈ​റ്റ്​​ഹൗ​സി​ന്​ സ​മീ​പം ത​ടി​ച്ചു​കൂ​ടി​യ അ​നു​യാ​യി​ക​ളോ​ട്​ കാ​പി​റ്റ​ലി​ലേ​ക്ക്​ നീ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കാപ്പിറ്റോൾ മന്ദിരത്തില്‍ നടന്ന അക്രമ സംഭവങ്ങളെ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്യാബിനറ്റ് അംഗം രാജിവെച്ചു. വിദ്യാഭ്യാസ സെക്രട്ടറി ബെറ്റ്‌സി ഡേവോസാണ് രാജിവെച്ചത്. ക്യാപിറ്റോളിലെ സംഭവവികാസങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വലിയ നാണക്കേട് ഉണ്ടാക്കിയെന്ന് പാര്‍ട്ടി അംഗങ്ങള്‍ വിലയിരുത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.