
സ്വന്തം ലേഖകൻ: കൊവിഡ് മനുഷ്യശരീരത്തിലെ ചില അവയവങ്ങളെ ഗുരുതരമായ തരത്തിൽ ബാധിക്കുമെന്ന് പഠനം. പ്രധാനമായും ആറ് അവയവങ്ങളെയാണ് കൊറോണവൈറസ് നോട്ടമിടുന്നത്. അവയ്ക്ക് കൊവിഡ് 19 ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ നിസ്സാരമല്ല. ഇതിൽ ആദ്യത്തേത് നമ്മുടെ ശ്വാസകോശം തന്നെയാണ്.
കൊവിഡ് രോഗ മുക്തരായ പലരും ക്ഷീണവും നെഞ്ചുവേദനയും ശ്വാസംമുട്ടലും തുടർന്നും തങ്ങൾക്ക് അനുഭവപ്പെട്ടതായി പറയുന്നു. ശ്വാസകോശത്തിലെ കോശ സംയുക്തങ്ങളെയും വായു അറകളെയും എല്ലാം പ്രതികൂലമായി ബാധിക്കും കൊവിഡ്. ഇത് നിങ്ങളുടെ ശ്വാസകോശ ആരോഗ്യത്തെ തകിടം മറിക്കാം.
കരളിലെ കോശങ്ങളും കോവിഡിനെ ദീർഘകാല പ്രത്യാഘാതം ബാധിക്കപ്പെടാവുന്നവയാണ്. കൊവിഡ് രോഗ മുക്തരിൽ കരൾ രസങ്ങളുടെ തോത് ഉയരുന്നതായും അസാധാരണ കരൾ പ്രവർത്തനം ഉണ്ടാകുന്നതായും റിപ്പോർട്ടുകളുണ്ട്. കൊവിഡ് ഇളക്കിവിടുന്ന സൈറ്റോകീൻ പ്രവാഹത്തിൽ പല രോഗികളുടെയും കരളിന്റെ പ്രവർത്തനം പഴയതു പോലെ ആയില്ലെന്നും വരാം. കൊവിഡ് കാലത്തു കഴിക്കുന്ന മരുന്നുകളും കരളിന്റെ ആരോഗ്യത്തിന് കോട്ടം ഉണ്ടാക്കാം.
ദീർഘകാലത്തേക്ക് കൊവിഡ് രോഗബാധിതരുടെ ഹൃദയാരോഗ്യത്തെയും കൊവിഡ് താളം തെറ്റിക്കാം. രക്തത്തിൽ ക്ലോട്ടുകൾ രൂപപ്പെടാനും ഹൃദയസ്തംഭനം ഉണ്ടാകാനും കൊറോണോ വൈറസ് ബാധ മൂലം കഴിയും. കൊവിഡ് രോഗ മുക്തരിൽ കണ്ടുവരുന്ന മറ്റൊരു പ്രശ്നം കിഡ്നിയുടെ മന്ദഗതിയിലുള്ള പ്രവർത്തനമാണ്.
മൂത്രത്തിന്റെ അളവ് കുറയുന്നതും മൂത്രമൊഴിക്കലിന്റെ ആവൃത്തി കുറയുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായി ഡോക്ടർമാർ പറയുന്നു. യുവാക്കൾ പോലും ഇതിൽ നിന്നു രക്ഷപ്പെടുന്നില്ല എന്നത് ആശങ്കയേറ്റുന്നു. പ്രമേഹമോ രക്താതിസമ്മർദമോ ഉള്ളവരിൽ കിഡ്നി പ്രശ്നം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
തലച്ചോറാണ് ദീർഘകാലത്തേക്ക് ബാധിക്കപ്പെടാവുന്ന മറ്റൊരു അവയവം. കൊവിഡ് രോഗമുക്തരിൽ പലരും തലവേദന, തലകറക്കം, കാഴ്ച മങ്ങൽ, ആശയക്കുഴപ്പം തുടങ്ങിയ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അൽസ്ഹൈമേഴ്സ്, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങളും കോവിഡിന്റെ ദീർഘകാല പ്രത്യാഘാതങ്ങളുടെ സാധ്യത പട്ടികയിൽ ഉണ്ട്.
വയറും കുടലുകളും ആണ് കൊവിഡ് പ്രഹരം ഏൽപ്പിക്കുന്ന മറ്റൊരിടം. കൊവിഡ് രോഗലക്ഷണങ്ങളായ അതിസാരം, ഛർദ്ദി, മനം മറിച്ചിൽ, വിശപ്പില്ലായ്മ, വയറുവേദന തുടങ്ങിയവ രോഗമുക്തിക്ക് ശേഷവും പലരിലും തുടരുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല