
സ്വന്തം ലേഖകൻ: രാജ്യാന്തര കുടിയേറ്റത്തിൽ വൻതോതിലുള്ള ഇടിവ് രേഖപ്പെടുത്തുമ്പോഴും ഇന്ത്യക്കാർ ലോകത്തെ ഏറ്റവും വലിയ കുടിയേറ്റക്കാരെന്ന് യുഎൻ റിപ്പോർട്ട്. കുടിയേറ്റ രാജ്യങ്ങളുടെ പട്ടികയിൽ അറബ്-ഇസ്‌ലാമിക മേഖലയിൽ സൗദി അറേബ്യ മുന്നിട്ട് നിൽക്കുന്നു. ലോകത്ത് മൂന്നാം സ്ഥാനത്താണ് സൗദി.
ഐക്യരാഷ്ട സഭ പുറത്തിറക്കിയ ഇന്റർനാഷനൽ മൈഗ്രേഷൻ റിപ്പോർട്ട് 2020 പ്രകാരം മഹാമാരിയുടെ കാലത്ത് കുടിയേറ്റത്തിൽ 30 ശതമാനത്തിന്റെ കുറവുണ്ടായി. 2019നും 2020 ഇടയിൽ ഏകദേശം രണ്ട് ദശലക്ഷം കുടിയേറ്റക്കാരുടെ കുറവുണ്ടായതായി റിപ്പോർട്ട് നിരീക്ഷിക്കുന്നു.
രാജ്യാന്തര കുടിയേറ്റക്കാരിൽ മൂന്നിൽ രണ്ട് പേരും 20 രാജ്യങ്ങളിൽ മാത്രമാണ് താമസിക്കുന്നത്. 51 ദശലക്ഷം രാജ്യാന്തര കുടിയേറ്റക്കാർക്ക് ആതിഥേയത്വം വഹിക്കുന്ന അമേരിക്കയാണ് ഏറ്റവും വലിയ കൂടിയേറ്റ രാജ്യമായി തുടരുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അമേരിക്കയിൽ മാത്രം ആഗോള മൊത്തം കണക്കിന്റെ 18% ത്തിന് തുല്യം കുടിയേറ്റക്കാരാണ് വസിക്കുന്നത്.
16 ദശലക്ഷം കുടിയേറ്റക്കാരുള്ള ജർമനിയാണ് ഈ വിഭാഗത്തിൽ രണ്ടാമത്തെ രാജ്യം. സൗദി അറേബ്യ മൂന്നാമത്തെ രാജ്യമായി നില നിലനിൽക്കുന്നു. സൗദിയിൽ മാത്രം 13 ദശലക്ഷം കുടിയേറ്റക്കാർ ഉണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. തുടർന്ന് വരുന്ന രാജ്യങ്ങളായ റഷ്യൻ ഫെഡറേഷനിൽ 12 ദശലക്ഷവും യുകെയിൽ 9 ദശലക്ഷവും കുടിയേറ്റക്കാരാണ് അധിവസിക്കുന്നത്.
2020 അവസാനത്തോടെ തങ്ങളുടെ മാതൃ രാജ്യത്തിന് പുറത്ത് താമസിക്കുന്നവർ ആകെ 281 ദശലക്ഷം വരും. 2000 ൽ ഇത് 173 ദശലക്ഷവും 2010 ൽ 221 ദശലക്ഷവുമായിരുന്നു. രാജ്യാന്തര കുടിയേറ്റക്കാർ നിലവിലെ ലോക ജനസംഖ്യയുടെ 3.6 ശതമാനത്തെ പ്രതിനിധീകരിക്കുന്നതായും റിപ്പോർട്ട് പറയുന്നു. ആകെ 18 ദശലക്ഷം ഇന്ത്യക്കാരാണ് തങ്ങളുടെ രാജ്യത്തിന് പുറത്ത് താമസിക്കുന്നത്. ഇത് കൊണ്ട് തന്നെ ലോകത്തെ ഏറ്റവും വലിയ കുടിയേറ്റക്കാരും ഇന്ത്യയാണ്. 11 ദശലക്ഷം വീതം കുടിയേറ്റക്കാർ ഉള്ള മെക്സിക്കയും റഷ്യയുമാണ് ഇന്ത്യക്ക് തൊട്ട് പിന്നിൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല