
സ്വന്തം ലേഖകൻ: ഒമാനിലെ വിദേശ തൊഴിലാളികളുടെ തൊഴിൽ പദവി മാറ്റുന്നതിനുള്ള അവസാന തീയതി ജനുവരി 26 വരെയായി നീട്ടി നൽകി. തൊഴിൽ മന്ത്രാലയം വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്. തൊഴിൽ വിപണി ക്രമീകരിക്കുന്നതിെൻറ ഭാഗമായി കഴിഞ്ഞ ഡിസംബർ ആറ് മുതലാണ് തൊഴിൽ മന്ത്രാലയം പദവി മാറ്റി നൽകി തുടങ്ങിയത്. ജനുവരി ആറ് വരെയായിരുന്നു ഇൗ സേവനം ആദ്യം പ്രഖ്യാപിച്ചത്. ഇത് പിന്നീട് 21 വരെയും പിന്നീട് 26 വരെയുമാക്കി നീട്ടുകയായിരുന്നു.
വിസാ വിലക്കുള്ള തസ്തികകളിൽ ജോലി ചെയ്യുന്നവർ ലഭ്യമായിട്ടുള്ള മറ്റ് പ്രൊഫഷനുകളിലേക്ക് മാറണം. അല്ലാത്ത പക്ഷം നിലവിലുള്ള റസിഡൻറ് കാർഡിെൻറ കഴിയുന്ന പക്ഷം അത് പുതുക്കി നൽകില്ല. സനദ് സെൻററുകളിൽ ബന്ധപ്പെട്ടാൽ വിസാ വിലക്കുള്ള തസ്തികയാണോ എന്നത് അറിയാൻ കഴിയും. ഇത് മാറ്റുന്നതിനായി സ്പോൺസറുടെ തിരിച്ചറിയൽകാർഡ് സഹിതം സനദ് സെൻററുകളിൽ ചെന്നാൽ മതി. ഒാൺലൈൻ നടപടിക്രമങ്ങൾ പൂർത്തിയായാൽ ആർ.ഒ.പി സേവന കേന്ദ്രങ്ങളിലെത്തി തിരിച്ചറിയൽ കാർഡുകൾ മാറ്റിവാങ്ങണം.
അവസാന തീയതി നീട്ടിയത് മലയാളികൾ അടക്കമുള്ളവർക്ക് ആശ്വാസ്യമായി. സെയിൽസ്, പർച്ചേഴ്സ് വിഭാഗങ്ങളിൽ റെപ്രസേൻററ്റീവ്, പ്രൊമോട്ടർ തസ്തികകളിൽ തൊഴിലെടുക്കുന്ന പലരും ഇനിയും തസ്തിക മാറ്റിയിട്ടില്ല. ഒാരോരുത്തരുടെയും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട താഴ്ന്ന തസ്തികകളിലേക്കാണ് വിസ മാറ്റി നൽകുന്നത്. ഭാവിയിൽ വിലക്ക് മുന്നിൽ കണ്ട് നിലവിൽ വിലക്ക് ബാധകമല്ലാത്ത ഉയർന്ന തസ്തികകളിൽ നിന്ന് താഴ്ന്ന തസ്തികകളിലേക്ക് മാറിയവരും നിരവധിയുണ്ട്.
ബിസിനസിെൻറ ലൈസൻസ് മാനദണ്ഡങ്ങൾ പ്രകാരം വിദേശ തൊഴിലാളികളെ ഒരു സ്ഥാപനത്തിന് കീഴിലുള്ള ഒരു ആക്ടിവിറ്റിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനും ഇപ്പോൾ അനുമതി നൽകുന്നുണ്ട്. അംഗീകൃത തൊഴിൽ കരാറിെൻറ അടിസ്ഥാനത്തിലുള്ള വിദേശ തൊഴിലാളികളുടെ വേതനം ഭേദഗതി ചെയ്യാനും ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. വിദേശ തൊഴിലാളികളെ ഒരു തൊഴിലുടമയിൽ നിന്ന് മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യാനും നിബന്ധനകൾക്ക് വിധേയമായി തൊഴിൽ മന്ത്രാലയം അനുമതി നൽകുന്നുണ്ട്.
ഒമാനിലെ 72 ശതമാനം മരണങ്ങൾക്കും കാരണം ജീവിതശൈലീ രോഗങ്ങൾ
ഒമാനിലെ 72 ശതമാനം മരണങ്ങൾക്കും കാരണം നാലു ജീവിത ശൈലി രോഗങ്ങളെന്ന് ഒമാൻ ആരോഗ്യ വകുപ്പ്. ഹൃദ്രോഗങ്ങൾ, പ്രമേഹം, കാൻസർ, ഗുരുതര ശ്വാസകോശ രോഗങ്ങൾ എന്നിവയാണ് കൂടുതൽ മരണങ്ങൾക്കും കാരണമാകുന്നത്. 18 ശതമാനം മരണങ്ങളും അകാലത്തിലാണ് സംഭവിക്കുന്നതെന്നും ആരോഗ്യമന്ത്രാലയത്തിലെ പകർച്ചവ്യാധിയിതര രോഗ വിഭാഗത്തിെൻറ റിപ്പോർട്ടിൽ പറയുന്നു.
ഹൃദ്രോഗമാണ് മരണകാരണങ്ങളിൽ പ്രധാന വില്ലൻ. 36 ശതമാനം മരണങ്ങളാണ് ഹൃദ്രോഗം മൂലം ഉണ്ടാകുന്നത്. കാൻസർ മൂലം 11 ശതമാനം പേരും ഗുരുതര ശ്വാസകോശ രോഗങ്ങൾ നിമിത്തം രണ്ടു ശതമാനം മരണങ്ങളും സംഭവിക്കുന്നു. ജീവിതശൈലി രോഗങ്ങൾ ഉള്ളവർക്ക് കൊവിഡ് വൈറസ് ബാധ ഗുരുതരമാകാൻ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. ഒമാനി ജനസംഖ്യയുടെ 35 ശതമാനം പേർ അമിത ഭാരമുള്ളവരും 30 ശതമാനം പേർ പൊണ്ണത്തടിയന്മാരുമാണ്. 15 ശതമാനം പ്രമേഹ ബാധിതരാണുഉള്ളത്. അമിത രക്ത സമ്മർദമുള്ളവരുടെ എണ്ണവും വർധിച്ചുവരുകയാണ്.
11 വയസ്സുവരെയുള്ള കുട്ടികൾ സ്കൂളിൽ മാസ്ക് ധരിക്കേണ്ടതില്ല
11 വയസ്സുവരെയുള്ള കുട്ടികളെ സ്കൂളുകളിൽ മുഖാവരണം ധരിക്കുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചില സാഹചര്യങ്ങളിൽ മാത്രമാണ് ഇവർക്ക് മാസ്ക് നിർബന്ധം. സ്വദേശി സ്കൂളുകളിൽ ഒന്ന്, നാല്, അഞ്ച്, ഒമ്പത്, 11 ഗ്രേഡുകളിലെ വിദ്യാർഥികൾക്ക് ക്ലാസുകൾ പുനരാരംഭിച്ച പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രാലയത്തിെൻറ നിർദേശം. 12 വയസ്സിനു മുകളിൽ പ്രായമുള്ളവർ മുഖാവരണം ധരിക്കുകയും മുൻകരുതൽ നടപടികൾ പാലിക്കുകയും വേണം. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല