
സ്വന്തം ലേഖകൻ: കൊവിഡ് വാക്സീൻ എടുക്കാത്ത സ്കൂൾ അധ്യാപകർ 14 ദിവസം ഇടവിട്ട് സ്വന്തം ചെലവിൽ പിസിആർ ടെസ്റ്റ് എടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ഇതേസമയം ആരോഗ്യ കാരണങ്ങളാൽ വാക്സീൻ എടുക്കാൻ സാധിക്കാത്തവരുടെ പിസിആർ ടെസ്റ്റിനുള്ള തുക മന്ത്രാലയം വഹിക്കും. നേരത്തേ അധ്യാപകർക്കും 12 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്കും സൗജന്യ പിസിആർ ടെസ്റ്റിനു മന്ത്രാലയം സൗകര്യം ഒരുക്കിയിരുന്നു.
4–12 വരെയുള്ള സ്കൂളിൽ നേരിട്ട് പഠിക്കാൻ എത്തുന്നവർക്ക് ഉമിനീർ (സലൈവ) പരിശോധനയും സർക്കാർ ചെലവിലാണ് നടത്തിവരുന്നത്. സർക്കാർ ജീവനക്കാർക്കു ആഴ്ചയിൽ ഒരിക്കലും ഷോപ്പിങ് മാൾ, റസ്റ്ററന്റ്, കോഫി ഷോപ്പ് തുടങ്ങി ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർ 2 ആഴ്ചയിൽ ഒരിക്കലും കൊവിഡ് ടെസ്റ്റ് എടുത്തിരിക്കണമെന്ന് ഫെഡറൽ അതോറിറ്റി പോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് അറിയിച്ചിരുന്നു. അജ്മാൻ, ഉമ്മുൽഖുവൈൻ സർക്കാരുകളും സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
കൊവിഡ് മാനദണ്ഡം പാലിക്കാത്തവരുടെ ശമ്പളം കുറയ്ക്കാനും പദ്ധതിയുണ്ട്. നിയമലംഘകർക്കു ആദ്യ 2 തവണ രേഖാമൂലം മുന്നറിയിപ്പു നൽകും. മൂന്നാം തവണയും നിയമം ലംഘിച്ചാൽ ശമ്പളത്തിൽ നിന്ന് പിഴ ഈടാക്കും. 3 മുതൽ 5 ദിവസത്തെ ശമ്പളമാകും കുറയ്ക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല