1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2021

സ്വന്തം ലേഖകൻ: യുഎഇയിൽ പഠിക്കുന്ന വിദേശവിദ്യാർഥികൾക്ക് അവരുടെ രക്ഷിതാക്കളെയും രാജ്യത്തേക്ക് കൊണ്ടുവരാം. ഈ വർഷത്തെ ആദ്യ മന്ത്രിസഭായോഗത്തിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം താമസ വീസാ നിയമത്തിൽ നിർണായകമാറ്റം വരുത്താനുള്ള തീരുമാനത്തിന് അംഗീകാരം നൽകി. ഇതടക്കം നിരവധി തീരുമാനങ്ങൾക്കാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്.

ഗൾഫിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ കേന്ദ്രം എന്നനിലയിൽ യുഎഇയിലെ 77 സർവകലാശാലകളിലായി ആയിരക്കണക്കിന് വിദ്യാർഥികളാണ് പഠിക്കുന്നത്. സാമ്പത്തികഭദ്രതയുള്ള 18 വയസ്സ് പൂർത്തിയായ വിദ്യാർഥികൾക്കാണ് രക്ഷിതാക്കളെ സ്പോൺസർ ചെയ്യാനും അവരോടൊപ്പം താമസിച്ച് യുഎഇയിൽ പഠിക്കാനും അനുമതിയുള്ളത്.

രാജ്യത്തെ സാമ്പത്തിക, ബാങ്കിങ് മേഖലകളെ പിന്തുണയ്ക്കുന്ന പുതിയ ഡെബ്റ്റ് സ്ട്രാറ്റജിക്കും മന്ത്രിസഭായോഗം അംഗീകാരം നൽകി. ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രചാരണത്തിന് കരുത്തുപകരാൻ എമിറേറ്റ്‌സ് ടൂറിസം കൗൺസിൽ സ്ഥാപിച്ചു. യുഎഇയുടെ സാമ്പത്തികമേഖലയെ സുസ്ഥിരപ്പെടുത്താനുള്ള തീരുമാനങ്ങൾക്കും അംഗീകാരം നൽകി. നയം നടപ്പാക്കാൻ പുതിയ ഫെഡറൽ കൗൺസിൽ രൂപവത്കരിച്ചു. സോഫ്റ്റ് പവറിന്റെ സൂചകങ്ങളിൽ ആഗോളതലത്തിൽ യുഎഇ 18-ാം സ്ഥാനത്താണെന്നും ഫലപ്രാപ്തി സൂചകങ്ങളിൽ പതിനൊന്നാമത് ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകത്ത് ഏറ്റവും സജീവമായി നിൽക്കുന്നതും ക്രിയാത്മകമായി പ്രവർത്തിക്കുന്നതുമായ രാജ്യങ്ങളിലൊന്നാണ് യുഎഇ നവമാധ്യമങ്ങളിലൂടെ യുഎഇയുടെ കീർത്തി പങ്കിടുന്നതിനുള്ള ശ്രമങ്ങൾ വികസിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം അവസാനത്തോടെ യുഎഇ കൂടുതൽ കരുത്ത് നേടും. ആരോഗ്യത്തിന് തന്നെയായിരിക്കും പ്രധാന സ്ഥാനമെന്നും അതിലൂടെ ഭാവിയിലേക്കുള്ള ശുഭയാത്ര തുടരുമെന്നും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.