
സ്വന്തം ലേഖകൻ: ഡല്‍ഹി ചെങ്കോട്ടയില്‍ ഇന്നലെ അഴിഞ്ഞാടിയവര്‍ ടിക്കറ്റ് കൗണ്ടറുകൾ പൂർണമായും അടിച്ചു തകർത്തു. സുരക്ഷ സ്കാനറുകളും സിഐഎസ്എഫ് വാഹനങ്ങളും നശിപ്പിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ചെങ്കോട്ടയ്ക്കുള്ളില്‍ മാത്രം ഉണ്ടായത്. റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിയിലുണ്ടായ സംഘർഷത്തിന് ശേഷം ഡൽഹി കനത്ത സുരക്ഷാ വലയത്തിലാണ് ഇപ്പോൾ.
സംഘർഷത്തിൽ കൊല്ലപ്പെട്ട കർഷകൻ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അതേസമയം, ചെങ്കോട്ടയിൽ പതാക ഉയർത്താൻ നേതൃത്വം നൽകിയ ദീപ് സിദ്ധുവിന്റെ രാഷ്ട്രീയ ബന്ധത്തെ ചൊല്ലി വിവാദം കനക്കുകയാണ്. ഭാവി പരിപാടികൾ ചർച്ച ചെയ്യാൻ ഇന്ന് സംയുക്ത സമര സമിതി യോഗം ചേരും.
റജിസ്റ്റര്‍ ചെയ്ത ആകെ കേസുകളുടെ എണ്ണം 23 ആയി. പൊലീസിനു നേരെ വാള് വീശിയ നിഹാങ്ക് സിഖുകാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയാളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. പഞ്ചാബിലെ തരന് സ്വദേശി ജുഗ്രാജ് സിങ് ആണ് പതാക ഉയര്‍ത്തിയത്.
അതേസമയം, പതാക ഉയര്‍ത്തലിന് നേതൃത്വം നല്കിയ പഞ്ചാബി നടന് ദീപ് സിദ്ദു ബിജെപിക്കാരനെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. പ്രധാനമന്ത്രിക്കൊപ്പം ഇയാള്‍ നില്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദീപ് സിദ്ദുവുമായി ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് ബിജെപി എം.പിയും നടനുമായ സണ്ണി ഡിയോള്‍ രംഗത്തുവന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല