
സ്വന്തം ലേഖകൻ: യുഎസ് – ചൈന വാണിജ്യയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിയറ്റ്‌നാം, ഇന്ത്യ എന്നിവിടങ്ങളിലേക്ക് മാക്ബുക്ക്, ഐപാഡ്, ഐഫോണ്‍ ഉള്‍പ്പടെയുള്ള സുപ്രധാന ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാറ്റാനുള്ള ശ്രമത്തിലാണ് ആപ്പിള്‍.
ഈ വര്‍ഷം പകുതിയോടെ വിയറ്റ്‌നാമില്‍ ഐപാഡ് നിര്‍മാണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ 5ജി സൗകര്യമുള്ള ഐഫോണ്‍ 12 ഫോണുകളുടെ നിര്‍മാണം ഇന്ത്യയില്‍ ആരംഭിക്കും. ഇത് ഐഫോണുകള്‍ക്ക് ഇന്ത്യയില്‍ വിലകുറയുന്നതിന് ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഐപാഡുകളെയും ഐഫോണുകളേയും കൂടാതെ എയര്‍പോഡുകള്‍, ഹോംപോഡ് മിനി, മാക്ബുക്ക് എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ചൈനയില്‍നിന്ന് മാറ്റാനുള്ള ശ്രമത്തിലാണ് ആപ്പിള്‍. ഹോംപോഡ് അവതരിപ്പിച്ചത് മുതല്‍ തന്നെ വിയറ്റ്‌നാമില്‍ വെച്ചാണ് നിര്‍മിക്കുന്നത്. ഇവിടുത്തെ ഹോംപോഡ് ഉല്‍പാദനം വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആപ്പിളിനെ കൂടാതെ മറ്റ് കമ്പനികളും ചൈന വിടാൻ ഒരുങ്ങുകയാണെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. ആപ്പിളിന് വേണ്ടി ഉപകരണങ്ങള്‍ നിര്‍മിച്ച് നല്‍കുന്ന ഫോക്‌സ്‌കോണ്‍, ലക്‌സ്‌ഷെയര്‍ പ്രിസിഷന്‍ ഇന്‍സ്ട്രി പോലുള്ള സ്ഥാപനങ്ങളും വിയറ്റ്‌നാമില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
ചൈനക്ക് പുറത്തേക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരുന്നതോടെ ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാവും ഇന്ത്യ. അതേസമയം. ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് രൂക്ഷമായ യുഎസ്-ചൈന വാണിജ്യ തര്‍ക്കത്തില്‍ പുതിയ പ്രസിഡന്റായ ജോ ബൈഡന്റെ ഇടപെടലില്‍ അയവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല