
സ്വന്തം ലേഖകൻ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർമാണം പൂർത്തീകരിച്ച പുതിയ പാസഞ്ചർ ടെർമിനൽ ഉദ്ഘാടനം ചെയ്തു. പുതിയ ടെർമിനൽ പ്രവർത്തനത്തിന് പൂർണസജ്ജമാണെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു. ഇവിടെ ഒരുക്കിയിട്ടുള്ള സൗകര്യങ്ങളെക്കുറിച്ചും ബഹ്റൈെൻറ വിവിധ ഭാഗങ്ങളിൽനിന്നും എത്തിച്ചേരേണ്ട റൂട്ടുകളെക്കുറിച്ചും വിശദമാക്കുന്ന വിഡിയോ പുറത്തിറക്കിയിരുന്നു. അറൈവൽ, ഡിപ്പാർച്ചർ ലോഞ്ചുകളിലേക്ക് വരുന്നതിനുള്ള റോഡുകളും പാർക്കിങ് ഏരിയകളും നിർണയിച്ചിട്ടുണ്ട്. കൂടുതൽ യാത്രക്കാെര ഉൾക്കൊള്ളാനും മെച്ചപ്പെട്ട സേവനം നൽകാനും പുതിയ ടെർമിനൽ വഴി സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഓട്ടോമാറ്റിക് ബാഗ് ഡ്രോപ് സംവിധാനം ഉൾപ്പെടെ സാങ്കേതിക രംഗത്ത് ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ യാത്രക്കാർക്ക് നവ്യാനുഭവമാകും. രുചി വൈവിധ്യങ്ങളോടെ ഒരുക്കിയ ഭക്ഷണ സ്റ്റാളുകളും വിശാലമായ ഷോപ്പിങ് സൗകര്യങ്ങളും ആസ്വദിക്കാനും അവസരമുണ്ട്. എമിഗ്രേഷൻ ചെക്ക് പോയൻറുകളിൽ ബയോമെട്രിക് തിരിച്ചറിയൽ സംവിധാനങ്ങളുള്ള ഇ-ഗേറ്റുകൾ വന്നതോടെ ദീർഘനേരം കൗണ്ടറുകളിൽ കാത്തുകെട്ടി നിൽക്കേണ്ട സാഹചര്യവും ഒഴിവാകും. സൂക്ഷ്മമായ സുരക്ഷ സംവിധാനത്തോടെയാണ് ഇതിെൻറ പ്രവർത്തനം.
സാങ്കേതിക തികവിെൻറ കാര്യത്തിൽ മേഖലയിലെ ഏറ്റവും മികച്ച വിമാനത്താവളമായി ബഹ്റൈൻ ഇൻറർനാഷനൽ എയർപോർട്ട് മാറിയതായി ആക്ടിങ് വൈസ് പ്രസിഡൻറ് ഐ.സി.ടി. മഹ്മൂദ് സിദ്ദീഖി പറഞ്ഞു. പഴുതില്ലാത്ത സുരക്ഷ ഒരുക്കുന്നു എന്നത് മാത്രമല്ല, യാത്രക്കാർക്ക് അതിവേഗം യാത്ര നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്നു എന്നതാണ് എടുത്തുപറയേണ്ട പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1125 കി.മീ ഫൈബർ ഒപ്റ്റിക് കേബ്ൾ, 4000 സി.സി.ടി.വി കാമറകൾ, 440 വിമാന വിവര സ്ക്രീനുകൾ, 740 വൈഫൈ പോയൻറുകൾ എന്നിവ നിലവിലെ യാത്ര സൗകര്യം പതിന്മടങ്ങ് വർധിപ്പിക്കും. ഹോട്ടൽ ആൻഡ് സ്പാ, ക്ലിനിക്, കുട്ടികളെ പരിചരിക്കാനുള്ള പ്രത്യേക റിക്രിയേഷൻ ഏരിയ എന്നിവയുമുണ്ട്. 4000 സ്ക്വയർ മീറ്ററിൽ ഡ്യൂട്ടി ഫ്രീ ഷോപ്, 21 വൈവിധ്യമാർന്ന ഭക്ഷണ സ്റ്റാളുകൾ എന്നിവയും പുതിയ ടെർമിനലിെൻറ ഭാഗമാണ്. ആർട്ട് ഗാലറിയും തിയറ്ററും ഉൾക്കൊള്ളുന്ന അൽ ഖൈസറിയ സൂഖിൽ തദ്ദേശീയ ഉൽപന്നങ്ങൾ ലഭിക്കും. വിമാനത്താവളത്തിലെ പാർക്കിങ് ഏരിയയും വികസിപ്പിച്ചിട്ടുണ്ട്. 5500 വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാം. അതുപോലെ കുറഞ്ഞ സമയം നിർത്തിയിടാൻ മൾട്ടി സ്റ്റോർ കാർ പാർക്കിങ്ങും ഒരുക്കിയിട്ടുണ്ട്. എല്ലായിടത്തും ഓട്ടോമാറ്റിക് മെഷിനിലൂടെ പാർക്കിങ് ഫീസ് അടക്കാം.
അതിനിടെ ജനിതകമാറ്റം വന്ന കൊറോണ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ നടപടി കടുപ്പിക്കാൻ അധികൃതർ തീരുമാനിച്ചു. ഇതുമായി ബന്ധെപ്പട്ട പുതിയ നിർദേശങ്ങൾ ബഹ്റൈൻ ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മാനിഅ് വിശദമാക്കി. ജനുവരി 31 ഞായർ മുതൽ മൂന്നാഴ്ചത്തേക്ക് സ്വകാര്യ, സർക്കാർ സ്കൂളുകളിലെയും കിൻറർ ഗാർട്ടനുകളിെലയും ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പഠനം ഒാൺലൈനാക്കും. എന്നാൽ, ജീവനക്കാർ സ്ഥാപനങ്ങളിൽ ഹാജരാകണം. കോഫി ഷോപ്പുകളിലെയും റസ്റ്റാറൻറുകളിലെയും ഡൈൻ ഇൻ സർവിസും മൂന്നാഴ്ചത്തേക്ക് നിർത്തിവെക്കും.
വരുംദിവസങ്ങളിലെ കൊവിഡ് വ്യാപനനിരക്ക് പരിഗണിച്ചായിരിക്കും തുടർ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. കൊവിഡ് പ്രതിരോധ നിയമങ്ങൾ കർശനമായി നടപ്പാക്കുമെന്ന് പബ്ലിക് സെക്യൂരിറ്റി ചീഫ് മേജർ ജനറൽ താരിഖ് ബിൻ ഹസൻ അൽ ഹസൻ വ്യക്തമാക്കി. റസ്റ്റാറൻറുകൾ, ഹോട്ടലുകൾ, കച്ചവടസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കും. നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കും. വരുംദിവസങ്ങളിൽ കൂടുതൽ കൊവിഡ് പരിശോധന ഏർപ്പെടുത്തുമെന്നും അൽ മാനിഅ് കൂട്ടിച്ചേർത്തു.
പുതിയ പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്നുള്ള ആദ്യ യാത്ര യു.എ.ഇയിലേക്ക്. ഗള്‍ഫ് എയറിന്റെ വിമാനമാണ് അബൂദബിയിലേക്ക് ആദ്യമായി പറന്നുയര്‍ന്നത്. ഗതാഗത മന്ത്രി കമാല്‍ ബിന്‍ അഹ്മദ് മുഹമ്മദ്, എയര്‍പോര്‍ട്ട് കമ്പനി അധികൃതര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് യാത്രയയപ്പ് നല്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നത് കൂടിയായിരുന്നു കന്നിയാത്ര.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല