
സ്വന്തം ലേഖകൻ: വകഭേദം വന്ന കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ യു.എ.ഇയിൽനിന്നുള്ള യാത്രാ വിമാനങ്ങൾക്ക് ബ്രിട്ടൻ വിലക്ക് ഏർപ്പെടുത്തിയതോടെ യാത്രക്കാർ പ്രതിസന്ധിയിൽ. വെള്ളിയാഴ്ചയാണ് നിരോധനം നിലവിൽ വന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാന റൂട്ടുകളിലൊന്നായ ദുബൈ – ലണ്ടൻ സർവിസും താൽക്കാലികമായി ഉണ്ടാകില്ല.
വിമാനങ്ങൾ റദ്ദാക്കിയ പശ്ചാത്തലത്തിൽ യു.എ.ഇയിലുള്ള യു.കെ യാത്രക്കാരുടെ വിസ കാലാവധി സൗജന്യമായി ദീർഘിപ്പിച്ചു നൽകാൻ യു.എ.ഇ തീരുമാനിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ വിസാ കാലാവധി തീരുന്നവർക്ക് ഈ തീരുമാനം ആശ്വാസമാകും. യു.എ.ഇക്ക് പുറമെ ബുറുണ്ടി, റുവാണ്ട എന്നീ രാജ്യങ്ങളിലേക്കും വിമാന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിലൂടെ വരുന്നവർക്ക് ബ്രിട്ടനിലേക്ക് പ്രവേശനം ഉണ്ടാകില്ല. എന്നാൽ ബ്രിട്ടീഷ്, ഐറിഷ് പൗരൻമാർക്ക് നിയന്ത്രണങ്ങളോടെ നാട്ടിൽ തിരിച്ചെത്താം. ഇവർ യു.എ.ഇ ഒഴിവാക്കി മാറ്റു രാജ്യങ്ങളിലൂടെ വരണം. കൂടാതെ പത്തുദിവസം സെൽഫ് ഐസൊലേഷനിലും കഴിയണം.
ബ്രിട്ടനിലേക്കുള്ള എല്ലാ യാത്രാ വിമാനങ്ങളും നിർത്തിവെച്ചതായി എമിറേറ്റ്‌സും ഇത്തിഹാദ് എയർവേയ്‌സും അറിയിച്ചു. ടിക്കറ്റ് എടുത്തവർ എയർലൈൻസുമായി ബന്ധപ്പെടണമെന്ന് ദുബൈ വിമാനത്താവളം അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. അബൂദബിയിൽനിന്ന് യു.കെയിലേക്ക് ഇത്തിഹാദ് ദിവസവും മൂന്ന് വിമാനങ്ങൾ സർവിസ് നടത്തിയിരുന്നു. ദുബൈയിൽനിന്ന് എമിറേറ്റ്സ് നാല് സർവിസുകളും നടത്തിയിരുന്നു. ഇതിന് പുറമെ ബ്രിട്ടീഷ് എയർവേഴ്സിെൻറ സർവിസുമുണ്ടായിരുന്നു.
ക്രിസ്മസ്–നവവത്സരം ആഘോഷിക്കാൻ നാട്ടിലേയ്ക്ക് പോയ ഒട്ടേറെ പേരും അവിടെയുള്ള വിദ്യാർഥികളും മറ്റും യുഎഇയിലേയ്ക്ക് തിരിച്ചുവരാനുണ്ട്. ബർമിങ് ഹാം, ഗ്ലാസ്ഗോ, ലണ്ടന്‍, മാഞ്ചസ്റ്റർ എന്നിവിടങ്ങളിലേയ്ക്കുള്ള വിമാനങ്ങളാണ് എമിറേറ്റ്സ് റദ്ദാക്കിയത്. അബുദാബിയിൽ നിന്ന് യുകെയിലേക്കുള്ള എല്ലാ സര്‍വീസുകളും ഇത്തിഹാദും റദ്ദാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല