
സ്വന്തം ലേഖകൻ: കുവൈത്തിൽ നിലവിലുള്ള ഗാർഹിക തൊഴിലാളി ക്ഷാമം രൂക്ഷം. റിക്രൂട്ട്മെൻറ് നിലക്കുകയും അവധിക്കു നാട്ടിൽപോയ തൊഴിലാളികൾക്ക് തിരിച്ചുവരാൻ കഴിയാതിരിക്കുകയും ചെയ്തതോടെയാണ് ഒഴിവുകളുടെ എണ്ണം കൂടിയത്. കുവൈത്തിൽ 80,000 ഗാർഹിക തൊഴിലാളികളുടെ കുറവുള്ളതായാണ് റിക്രൂട്ട്മെൻറ് ഒാഫിസ് യൂനിയൻ മേധാവി ഖാലിദ് അൽ ദക്കാൻ വിദേശകാര്യ മന്ത്രാലയത്തിനും മാൻപവർ അതോറിറ്റിക്കും നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നത്.
റമദാനിൽ പൊതുവെ ഗാർഹിക തൊഴിലാളികളുടെ ആവശ്യം കൂടുതലാണ്. റമദാന് ഇനി രണ്ടര മാസം കൂടിയേ ഉള്ളൂ. കോവിഡ് കാലത്ത് നിർത്തിവെച്ച റിക്രൂട്ട്മെൻറ് പുനരാരംഭിച്ചിട്ടുണ്ട്. ഫിലിപ്പീൻസ്, ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നീ അഞ്ചു രാജ്യങ്ങളിൽനിന്ന് റിക്രൂട്ട്മെൻറ് പുനരാരംഭിക്കാനാണ് അനുമതി നൽകിയത്. കുവൈത്തിൽ ഏറ്റവും കൂടുതൽ വീട്ടുജോലിക്കാരുള്ളത് ഇന്ത്യ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നീ രാജ്യക്കാരാണ്.
ഇന്ത്യയിൽനിന്ന് റിക്രൂട്ട്മെൻറ് അപേക്ഷ കുറവാണ്. കുവൈത്തിലേക്ക് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാൻ 10,000 ഡോളർ സെക്യൂരിറ്റി തുക കെട്ടിവെക്കണമെന്ന് ഫിലിപ്പീൻസ് നിബന്ധന വെക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. രാജ്യത്തെ ഗാർഹിക തൊഴിലാളി ക്ഷാമം പരിഹരിക്കണമെങ്കിൽ മറ്റു രാജ്യങ്ങളുമായി കരാറിൽ എത്തേണ്ടത് അത്യാവശ്യമാണ്. റിക്രൂട്ട്മെൻറ് ചെലവുകൾ ഗണ്യമായി വർധിച്ചിട്ടുണ്ട്.
സർക്കാർ നിഷ്കർഷിച്ച 990 ദീനാർ എന്ന റിക്രൂട്ട്മെൻറ് ഫീസിൽ ആളെ കൊണ്ടുവരുന്നത് പ്രായോഗികമല്ല. ക്വാറൻറീൻ, പി.സി.ആർ പരിശോധന, ഉയർന്ന വിമാന ടിക്കറ്റ് നിരക്ക്, വിദേശ രാജ്യങ്ങളിൽ നൽകേണ്ട റിക്രൂട്ട്മെൻറ് ഫീസ് വർധന തുടങ്ങിയ ചെലവുകൾ വർധിച്ചതിനാൽ 990 ദീനാറിന് റിക്രൂട്ട്മെൻറ് സാധ്യമല്ല. അതുകൊണ്ടുതന്നെ ഫീസ് വർധിപ്പിക്കാൻ അനുമതി നൽകണമെന്നും യൂണിയൻ വാദിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല