1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2021

സ്വന്തം ലേഖകൻ: നിക്ഷേപകർ, പ്രഫഷനലുകൾ, കലാകാരന്മാർ തുടങ്ങിയവർക്ക് അതതു രാജ്യങ്ങളിലെ പൗരത്വം നിലനിർത്തിക്കൊണ്ട് പൗരത്വം നൽകാൻ യുഎഇ. ആദ്യമായാണു യുഎഇ ഇരട്ട പൗരത്വം അനുവദിക്കുന്നത്. അതേസമയം, ഇതിന് ഉന്നതാധികാര സമിതിയുടെ നാമനിർദേശത്തിലൂടെ മാത്രമാകും അവസരം. അപേക്ഷ നൽകാനാകില്ല. ഡോക്ടർമാർ, കണ്ടുപിടുത്തങ്ങൾ നടത്തിയവർ, ശാസ്ത്രജ്ഞർ, എൻജിനീയർമാർ, കലാകാരന്മാർ, എഴുത്തുകാർ, ബുദ്ധിജീവികൾ തുടങ്ങിയവർക്കും പങ്കാളിക്കും മക്കൾക്കും ഇരട്ട പൗരത്വം ലഭിക്കും.

ഇരട്ടപൗരത്വം അംഗീകരിച്ചിട്ടില്ലാത്തതിനാൽ ഇന്ത്യക്കാർക്ക് ഈ തീരുമാനം അത്ര പ്രയോജനം ചെയ്യില്ലെങ്കിലും യുഎഇ പൗരത്വം മതിയെന്നു വയ്ക്കുന്നവർക്ക് അതു നേടാനുള്ള അവസരമാണു തെളിയുന്നത്. നേരത്തേ, സ്വദേശികളെ വിവാഹം ചെയ്യുന്ന വിദേശികൾ, അവരുടെ മക്കൾ, പ്രസിഡന്റിന്റെ ശുപാർശയുള്ള പ്രവാസികൾ എന്നിവർക്കു മാത്രമാണു യുഎഇ പൗരത്വം നൽകിയിരുന്നത്.

ഇരട്ട പൗരത്വം ഇന്ത്യ അംഗീകരിച്ചിട്ടില്ലാത്തതിനാൽ യുഎഇ പൗരത്വം നേടുന്നവർക്ക് മൂന്നു മാസത്തിനുള്ളിൽ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടും. പൗരത്വം ലഭിക്കുന്ന തീയതി മുതൽ മൂന്നു മാസത്തിനുള്ളിൽ പാസ്പോർടിന്റെ കാലാവധി നഷ്ടമാകും.

പിന്നീട് അവർ നാട്ടിലേക്ക് വരണമെങ്കിൽ വിദേശ രാജ്യത്തേക്കു പോകുമ്പോൾ ആവശ്യമായ വീസയും മറ്റും വേണ്ടി വരും. ഇങ്ങനെയുള്ളവർക്ക് ഇന്ത്യയിൽ ഒസിഐ കാർഡിന് അപേക്ഷിക്കാം. ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ എന്ന കാർഡ് ലഭിച്ചാൽ ഇന്ത്യയിൽ ജീവിതകാലം മുഴുവൻ വന്നുപോകാനുള്ള അനുമതി ലഭിക്കും.

പൊലീസ് അധികൃതരെയും മറ്റും വരുന്ന വിവരം അറിയിക്കേണ്ട ആവശ്യമില്ല. കൃഷിഭൂമിയോ പ്ലാന്റേഷനുകളോ ഒഴികെ താമസത്തിനും വാണിജ്യ ആവശ്യത്തിനും വസ്തുവകകൾ വാങ്ങാനും കാർഡ് ഉടമകൾക്ക് അവകാശമുണ്ട്. വിദ്യാഭ്യാസ കാര്യങ്ങൾക്കും എൻആർഐകൾക്ക് ഉള്ള അതേ അവകാശങ്ങൾക്ക് ഇവർക്കും ഉണ്ട്.

മെഡിക്കൽ പ്രവേശനപരീക്ഷയ്ക്ക് ഹാജരാകാനും കഴിയും. ഒസിഐ കാർഡുകൾ തിരിച്ചറിയൽ കാർഡുകളായിത്തന്നെ പരിഗണിക്കും. താമസം സംബന്ധിച്ച തെളിവ് ആവശ്യമായി വന്നാൽ താമസിക്കുന്ന സ്ഥലം സംബന്ധിച്ച് നോട്ടറി സാക്ഷ്യപ്പെടുത്തിയ രേഖകൾ ഹാജരാക്കാമെന്നും വ്യവസ്ഥയുണ്ട്.

അതേ സമയം വോട്ടവകാശം ഇല്ലെന്നതിനു പുറമേ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും കഴിയില്ല. രാഷ്ട്രപതി,ഉപരാഷ്ട്രപതി, സുപ്രീംകോടതി ജഡ്ജി എന്നീ പദവികൾ അലങ്കരിക്കാനും കഴിയില്ല. സർക്കാർ ഉദ്യോഗം നേടാനും ഒസിഐ കാർഡുള്ളവർക്ക് അനുവാദമില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.