
സ്വന്തം ലേഖകൻ: പുതിയ കൊവിഡ് വകഭേദങ്ങളുടെ വ്യാപനം ചെയ്യുന്നത് തടയുന്നതിനായി കർശന യാത്രാ നിയന്ത്രണങ്ങൾ വേണമെന്ന് ടോണി ബ്ലെയർ ഉൾപ്പെടെയുള്ള പ്രമുഖർ ബ്രിട്ടനിലെ ബോറിസ് ജോൺസൺ സർക്കാരിനോട് ആവശ്യപ്പെട്ടു. കുതിച്ചുയരുന്ന വൈറസ് വ്യാപനം തടയാൻ “കോമൺ ട്രാവൽ പാസ്” അനിവാര്യമാണെന്ന് ബ്ലെയർ അഭിപ്രായപ്പെട്ടു.
“വാക്സിനേഷൻ അല്ലെങ്കിൽ ടെസ്റ്റിംഗ് നില തെളിയിക്കാനും പരിശോധിക്കാവുന്ന മാർഗ്ഗങ്ങളിലൂടെ അത് ചെയ്യാനും കഴിയുന്നുണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് ആളുകളെ വീണ്ടും യാത്ര ചെയ്യാൻ അനുവദിക്കാൻ കഴിയൂ”, ബ്ലെയർ കൂട്ടിച്ചേർത്തു.
അതിനിടെ കോവിഡിന്റെ രോഗവ്യാപന ശേഷി വര്‍ധിപ്പിച്ച പുതിയ കൊറോണ വൈറസ് വകഭേദങ്ങള്‍ നിരവധി രാജ്യങ്ങളിലേക്ക് വളരെ വേഗം പടര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. യുകെയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വകഭേദം 70 ഓളം രാജ്യങ്ങളിലേക്കും ദക്ഷിണാഫ്രിക്കയിലെ വകഭേദം 31 രാജ്യങ്ങളിലേക്കും പടര്‍ന്നതായി കഴിഞ്ഞ ദിവസം പുറത്ത് വിട്ട പകര്‍ച്ചവ്യാധി റിപ്പോര്‍ട്ടില്‍ ഡബ്യുഎച്ച്ഒ പറയുന്നു.
ബ്രിട്ടനിലെ VOC 202012/01 എന്ന വകഭേദം ഒരാഴ്ചയില്‍ 10ലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. പുതിയ പഠനങ്ങള്‍ ഈ വകഭേദം മാരകമാണെന്ന് ചൂണ്ടിക്കാണിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത്തരം പഠനങ്ങള്‍ പ്രാഥമികമാണെന്നും അവ സ്ഥിരീകരിക്കാന്‍ കൂടുതല്‍ വിശലകനം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
അതേ സമയം ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ വകഭേദം ഒരാഴ്ച കൊണ്ട് എട്ട് രാജ്യങ്ങളിലേക്കാണ് പടര്‍ന്നത്. 501Y.V2 എന്ന ഈ വകഭേദത്തെ മുന്‍ വകഭേദങ്ങളെ പോലെ എളുപ്പം നിര്‍വീര്യമാക്കാന്‍ ആന്റിബോഡികള്‍ക്ക് സാധിക്കുന്നില്ലെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
ബ്രസീലില്‍ കണ്ടെത്തിയ മൂന്നാമതൊരു കൊവിഡ് വകഭേദം എട്ട് രാജ്യങ്ങളിലേക്ക് പടര്‍ന്നിട്ടുണ്ട്. P1 എന്ന ഈ വകഭേദവും എളുപ്പം പടരുന്നതും കൂടുതല്‍ കടുത്ത രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുന്നതുമാണ്.
കൊറോണ വാക്സീനുകള്‍ക്കുള്ള കയറ്റുമതി നിയന്ത്രണങ്ങള്‍ യൂറോപ്യന്‍ യൂണിയന് പരിഹരിച്ചതായി റിപ്പോർട്ടുണ്ട്. വാക്സിൻ കയറ്റുമതി ലൈസന്‍സ് ആവശ്യകത സംബന്ധിച്ച് വെള്ളിയാഴ്ച യൂറോപ്യന്‍ യൂണിയന് കമ്മീഷന് തീരുമാനിച്ചതായി ബ്രസല്‍സിലെ വിദേശ വ്യാപാരത്തിന്റെ ഉത്തരവാദിത്തമുള്ള കമ്മീഷന് വൈസ് പ്രസിഡന്റ് വാല്‍ഡിസ് ഡോം ബ്രോവാസ്കിസ് പറഞ്ഞു.
ഇതോടെ ഭാവിയില്‍, യൂറോപ്യന്‍ യൂണിയന് നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ കൊറോണ വാക്സീനുകളുടെ കയറ്റുമതി നിയന്ത്രിക്കാനും കഴിയും. ബ്രിട്ടന്റെയും സ്വീഡന്റെയും സംയുക്ത സംരംഭമായ അസ്ട്രാ സെനെക വാക്സീന് കൊറോണയ്ക്കെതിരെ ഉപയോഗിക്കാന്‍ യൂറോപ്യന്‍ യൂണിയന് അംഗീകാരം നല്കി. യൂണിയന്റെ മെഡിസിന്‍സ് ഏജന്‍സിയുടെ ശുപാര്‍ശപ്രകാരമാണിത്. നിലവില്‍ ഫൈസര്‍ ബയോണ്‍ടെക്, മൊഡേണ എന്നിവയ്ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത്. കൊറോണ പ്രതിരോധത്തിനുള്ള മൂന്നാമത്തെ വാക്സീന് ആണിത്.
ഇത് 70 ശതമാനം ഫലപ്രദമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ കൊറോണ വൈറസീന്റെ അടിസ്ഥാന ഘടകമായ വെക്ടോര്‍ വൈറസിനെ തടയാന്‍ ഈ വാക്സീന് ഏറെ ഫലപ്രദമാണന്നാണ് ഇഎംഎ കണക്കുകൂട്ടുന്നത്. യൂറോപ്യന്‍ യൂണിയന് കമ്മീഷന് മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ആണ് അനുമതി നല്കിയ കാര്യം പ്രഖ്യാപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല