
സ്വന്തം ലേഖകൻ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന എല്ലാ യാത്രക്കാർക്കും പി.സി.ആർ പരിശോധന നടത്തുന്നത് ഫെബ്രുവരി ഏഴുമുതൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഇതിനായി ആറു പരിശോധന കേന്ദ്രങ്ങൾ തയാറാക്കി. ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയാണ് ഏകോപനം. പരിശോധനക്ക് സ്വകാര്യ ക്ലിനിക്കുകളെ ചുമതലപ്പെടുത്തും.
നാല് അംഗീകൃത ലബോറട്ടറികളുമായി എയർപോർട്ട് ഗ്രൗണ്ട് സർവിസ് പ്രൊവൈഡർമാർ ചർച്ച നടത്തിവരുകയാണ്. പരിശോധന ഫീസ് 30 ദീനാർ ആയിരിക്കും. ഇത് വിമാനക്കമ്പനികളിൽനിന്ന് ഈടാക്കും. സ്വാഭാവികമായും വിമാനക്കമ്പനികൾ ഇത് ടിക്കറ്റ് നിരക്കിനൊപ്പം ചേർക്കുന്നതോടെ യാത്രക്കാരുടെ സാമ്പത്തിക ഭാരം വർധിക്കും. ഒന്നാം ടെർമിനലിൽ മൂന്നു പരിശോധന കേന്ദ്രങ്ങളും മൂന്ന്, നാല്, അഞ്ച് ടെർമിനലുകളിൽ ഒാരോ കേന്ദ്രവുമാണ് പ്രവർത്തിക്കുക എന്നാണ് റിപ്പോർട്ടുകൾ.
കുവൈത്ത് വിമാനത്താവളത്തിൽ യാത്രക്കാരിൽനിന്ന് യൂസേഴ്സ് ഫീ ഇൗടാക്കാനുള്ള തീരുമാനം 2021 ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. കുവൈത്തിലേക്ക് വരുന്നവരിൽനിന്ന് രണ്ടു ദീനാറും ഇവിടെനിന്ന് തിരിച്ചുപോകുന്നവരിൽനിന്ന് മൂന്നു ദീനാറുമാണ് ഇൗടാക്കുക. ഇത് വിമാനടിക്കറ്റിനൊപ്പം ഇൗടാക്കാൻ വിമാനക്കമ്പനികൾക്ക് നിർദേശം നൽകും.
വിമാനത്താവള സർവിസുകൾക്കും ഒാപറേഷൻ മാനേജ്മെൻറിനുമുള്ള ചെലവ് എന്ന നിലക്കാണ് അധിക ഫീസ് ഇൗടാക്കുന്നത്. ഇതുവഴി പ്രതിവർഷം 40 ദശലക്ഷം ദീനാറിെൻറ വരുമാനമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. അധിക ഫീസ് സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ബാധകമാണ്. 2019ൽ 7.831 ദശലക്ഷം യാത്രക്കാർ കുവൈത്തിൽനിന്ന് പുറത്തുപോയി. കോവിഡ് പ്രതിസന്ധി കാരണം സർവിസുകൾ ആകെ താളംതെറ്റിയതിനാൽ 2020ലെ കണക്കുകൾ അവലോകനത്തിന് ആധാരമാക്കാൻ കഴിയില്ല.
മാസങ്ങളോളം വിമാനത്താവളം അടച്ചിടേണ്ടിവന്നു. തുറന്ന ഘട്ടത്തിൽ പരിമിതമായി മാത്രമേ സർവിസുകൾ നടന്നുള്ളൂ. പ്രതിസന്ധി ഒഴിഞ്ഞ് സർവിസുകൾ സാധാരണ നിലയിലാകുേമ്പാൾ ഗണ്യമായ തുക യൂസേഴ്സ് ഫീ ഇനത്തിൽ ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നേരേത്ത എട്ടു ദീനാർ യൂസേഴ്സ് ഫീസ് ഇൗടാക്കണമെന്നതായിരുന്നു നിർദേശമെങ്കിലും കുവൈത്തിലേക്ക് വരുന്നവരിൽനിന്ന് രണ്ടു ദീനാറും ഇവിടെനിന്ന് തിരിച്ചുപോകുന്നവരിൽനിന്ന് മൂന്നു ദീനാറും ഇൗടാക്കിയാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല