
സ്വന്തം ലേഖകൻ: യുഎസിൽ ഭൂരിഭാഗം കൗണ്ടികളിലെയും താമസക്കാര്‍ക്ക് വൈറസ് ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് മുന്നറിയിപ്പ്. എല്ലാവരും സുരക്ഷിതരാവുന്നതുവരെ ആരും സുരക്ഷിതരല്ലെന്ന് ഫെഡറല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മാസ്‌ക്ക് നിർബന്ധമാക്കുന്ന എക്സിക്യുട്ടീവ് ഉത്തരവ് കർശനമായി നടപ്പാക്കാനും കൌണ്ടികൾക്ക് നിർദേശമുണ്ട്.
പുതിയതും കൂടുതല്‍ വ്യാപനശേഷിയുള്ളതുമായ കൊവിഡ് വേരിയന്റുകള്‍ അമേരിക്കയില്‍ നിന്ന് കണ്ടെത്തിയതോടെ കൂടുതല്‍ ആശങ്കയിലാണ് ജനങ്ങള്‍. ഗവേഷകര്‍ ഒരു കലിഫോര്‍ണിയ വേരിയന്റ് കണ്ടെത്തിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ വേരിയന്റുമായി സമാനതകള്‍ പങ്കിടുന്ന ഒരു ബ്രസീലിയൻ വകഭേദത്തേയും അമേരിക്കയില്‍ ആദ്യമായി കണ്ടുപിടിച്ചു.
വാക്‌സീന്‍ നിര്‍മ്മാതാക്കളാകട്ടെ തങ്ങളുടെ മരുന്നുകള്‍ ദക്ഷിണാഫ്രിക്കന്‍ വേരിയന്റിനെതിരെ ഫലപ്രദമാകുമോ എന്ന ആശങ്കയിലാണ്. അതിവേഗം വ്യാപിക്കുന്ന യുകെ വേരിയന്റ് മാര്‍ച്ചോടെ അമേരിക്കയില്‍ പ്രബലമാകുമെന്ന് ഫെഡറല്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വൈറസ് പടരാതിരിക്കാനുള്ള പുതിയ സംരംഭത്തിന്റെ ഭാഗമായി അമേരിക്കയിലെ യാത്രക്കാര്‍ക്ക് മാസ്‌ക് ധരിക്കണമെന്ന് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പുറപ്പെടുവിച്ച 11 പേജുള്ള ഉത്തരവ് പ്രകാരം, രാജ്യത്തുടനീളം പ്രവേശിക്കുന്നതും യാത്ര ചെയ്യുന്നതുമായ യാത്രക്കാര്‍ എല്ലാ ഗതാഗത കേന്ദ്രങ്ങളിലും മുഖം മൂടണം.
“എയര്‍പോര്‍ട്ട്, ബസ് ടെര്‍മിനല്‍, മറീന, തുറമുഖം, സബ്‌വേ സ്‌റ്റേഷന്‍, ടെര്‍മിനല്‍, ട്രെയിന്‍ സ്‌റ്റേഷന്‍, യുഎസ് പോര്‍ട്ട് ഓഫ് എന്‍ട്രി അല്ലെങ്കില്‍ ഗതാഗതം നല്‍കുന്ന മറ്റേതെങ്കിലും സ്ഥലം,” എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കയറുന്നതിലും ഇറങ്ങുമ്പോഴും യാത്രാ സമയത്തും കണ്‍വെന്‍ഷനിലുള്ള ഏതൊരു വ്യക്തിയും മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കണ്‍വെന്‍സ് ഓപ്പറേറ്റര്‍മാര്‍ ശ്രമിക്കണമെന്നും നിയമം അനുശാസിക്കുന്നു.
അതിനിടെ ഇറ്റലിയിൽ റെഡ് സോൺ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നു. കൊവിഡ് രോഗവ്യാപന നിരക്ക് വളരെയേറെ കൂടുതലുള്ള റെഡ് സോൺ പ്രദേശങ്ങൾ ഫെബ്രുവരി ഒന്നു മുതൽ ഇല്ലാതാകും. ഇടത്തരം അപകട സാധ്യതയുള്ള ഓറഞ്ചു സോണിൽ ആയിരുന്ന റോം, മിലാൻ തുടങ്ങിയ പ്രദേശങ്ങൾ തിങ്കളാഴ്ച മുതൽ അപകട സാധ്യത തീരെക്കുറഞ്ഞ യെല്ലോ സോണിലേയ്ക്ക് മാറും. അപകട സാധ്യത ഒട്ടുമില്ലാത്ത വൈറ്റ് സോണിൽ രാജ്യത്തെ ഒരു പ്രദേശവുമില്ല എന്നതും ശ്രദ്ധേയം.
നവംബർ ആറു മുതൽ അടച്ചിട്ടിരുന്ന മ്യൂസിയങ്ങളും ആർക്കിയോളജിക്കൽ സൈറ്റുകളും ഫെബ്രുവരി ഒന്നു മുതല്‍ തുറന്നു പ്രവർത്തിക്കാൻ അനുവദിച്ചിട്ടുണ്ടെങ്കിലും സന്ദർശകർക്കുള്ള പ്രവേശനം തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ മാത്രമാക്കി നിയന്ത്രിച്ചിട്ടുണ്ട്. പൂല്യ, സർദേഞ്ഞ, സിസിലി, ഉംമ്പ്രിയ, ബൊൾസാനോ തുടങ്ങിയ സ്ഥലങ്ങൾ ഓറഞ്ചു സോണിൽ തുടരുമെന്നും അധികൃതർ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല