
സ്വന്തം ലേഖകൻ: മലയാളികളെ സൈബർ ഹണിട്രാപ്പിലാക്കുന്ന സംഘം വ്യാപകമാകുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്. മൊബൈൽ ഫോണിൽ വിഡിയോ കോളിലെത്തി നഗ്നത പ്രദർശിപ്പിച്ചു പുരുഷൻമാരെ കുരുക്കി പണം തട്ടുന്ന സംഘത്തെ കരുതിയിരിക്കണം എന്നാണ് നിർദേശം. തന്റെ സുഹൃത്തുക്കളിൽ ഒരാളായ മാധ്യമപ്രവർത്തകനെ വലയിലാക്കിയ സംഭവം വിശദീകരിച്ചുകൊണ്ട് തൃശൂർ സിറ്റി സൈബർ സെല്ലിന്റെ ചുമതലയുള്ള എഎസ്ഐ ടി.ഡി. ഫീസ്റ്റോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു.
ഒരു ഹായ്‍യിൽ തുടങ്ങുന്ന അപരിചിതയായ യുവതിയുടെ സംഭാഷണം ലൈംഗികച്ചുവയിലേക്കും പിന്നീടു ലൈവ് വിഡിയോ സെക്സിനു ക്ഷണിക്കുന്നതിലേക്കും എത്തുന്നതാണു പതിവ്. തന്റെ നഗ്നതയ്ക്കൊപ്പം പുരുഷന്റെ മുഖം വ്യക്തമാകുന്ന ദൃശ്യം കിട്ടിക്കഴിഞ്ഞാൽ പിന്നെ സ്വഭാവം മാറും. പിന്നീടു സംസാരിക്കാനെത്തുന്നതു പുരുഷൻമാരായിരിക്കും.
വാട്സാപ്പിലും ഫെയ്സ്ബുക് മെസഞ്ചറിലും ഭീഷണി സന്ദേശങ്ങളെത്തുന്നതാണ് അടുത്ത പടി. അതിനു വഴങ്ങുന്നവരാണ് ശരിക്കും പെടുക. ഒരു തവണ പണം കൊടുത്താൽ പിന്നെ അതുകൂടി പറഞ്ഞായിരിക്കും ഭീഷണിപ്പെടുത്തുക. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഭീഷണിയിൽ ഭയന്ന് പണം നൽകാൻ പുരുഷൻമാർ സമ്മതിക്കുന്നതാണ് ഇവർക്കു സൗകര്യമാകുന്നത്.
സമൂഹമാധ്യമങ്ങളിൽ അപരിചിതരുമായി കൂട്ടുകൂടാതിരിക്കുക എന്നതാണു തട്ടിപ്പിൽ പെടാതിരിക്കാനുള്ള ആദ്യ വഴിയെന്ന് എഎസ്ഐ ടി.ഡി. ഫീസ്റ്റോ. ഫെയ്സ്ബുക്കിൽ മൊബൈൽ നമ്പർ പബ്ലിക്കാക്കി ഇടാതിരിക്കാൻ ശ്രദ്ധിക്കണം. ഇവിടെ നിന്നായിരിക്കും മിക്കപ്പോഴും തട്ടിപ്പു സംഘങ്ങൾ ഫോൺ നമ്പരുകൾ സംഘടിപ്പിക്കുക. അഥവാ അത്തരം കുരുക്കിൽ പെട്ടാലും സംഘത്തിന്റെ ഭീഷണിക്കു വഴങ്ങാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം.
കെണിയിൽപെട്ടാൽ, സഹായിക്കുമെന്ന് ഉറപ്പുള്ള ഏറ്റവും അടുത്ത സുഹൃത്തുക്കളോടു പറയാം. അവരുടെ പിന്തുണ ധൈര്യം പകരും. തൽക്കാലത്തേക്കു ഫെയ്സ്ബുക് അക്കൗണ്ട് പ്രവർത്തനരഹിതമാക്കാം. സൈബർ സെല്ലിലോ സൈബർ പൊലീസിലോ പരാതിപ്പെടുക. ഒരു കാരണവശാലും തട്ടിപ്പുകാരുടെ ഭീഷണിക്കു വഴങ്ങി പണം കൊടുക്കരുത്. മനോധൈര്യം കൈവിടാതിരിക്കുകയാണ് പ്രധാനപ്പെട്ട കാര്യമെന്നും ഫീസ്റ്റോ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല