
സ്വന്തം ലേഖകൻ: രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് എക്സിറ്റ്-റീ എൻട്രി വീസ തൊഴിലുടമയുടെ ‘അബ്ഷിർ ‘അല്ലെങ്കിൽ ‘മുഖീം’ വഴി ഓൺലൈനായി പുതുക്കാനും തിയതി നീട്ടാനും കഴിയുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) വ്യക്തമാക്കി. രാജ്യാന്തര വിമാന സർവീസുകൾ ഇനിയും പുനഃസ്ഥാപിക്കാത്ത സാഹചര്യത്തിൽ അവധിയിയിൽ പോയ പ്രവാസികൾ പത്തു മാസത്തിലേറെയായി രാജ്യത്തിന് പുറത്ത് തങ്ങേണ്ടി വന്നതിനാൽ, രേഖകൾ പുതുക്കാൻ കഴിയുമോ എന്ന ചോദ്യത്തിനാണ് ജവാസാത്ത് വ്യക്തത നൽകിയത്.
വീസ കാലാവധി തീർന്ന് ആറുമാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് തങ്ങിയവർ വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കണമെന്നും സൗദി പാസ്പോർട്ട് വിഭാഗം പറഞ്ഞു. 2020 മാർച്ച് മുതലാണ് കൊവിഡ് വൈറസ് വ്യാപിച്ചതിനെ തുടർന്ന് രാജ്യാന്തര സർവീസുകൾ രാജ്യം നിർത്തിവച്ചത്.
കഴിഞ്ഞ വർഷം ഫെബ്രുവരി 25 നും മേയ് 24 നും ഇടയിൽ അവധി തീരുന്ന പ്രവാസികളുടെ എക്സിറ്റ്, റിഎൻട്രി വീസകൾ 2020 ഏപ്രിൽ മുതൽ തന്നെ സൗജന്യമായി മൂന്നുമാസത്തേക്ക് സ്വമേധയാ പുതുക്കി നൽകിയിരുന്നു. നിലവിൽ രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെയും അവരുടെ ആശ്രിതരുടെയും രേഖകൾ ഓൺലൈനായി പുതുക്കാനുള്ള സംവിധാനം രാജ്യം തുടരുന്നുണ്ടെങ്കിലും സ്വമേധയാ പുതുക്കപ്പെടുകയില്ല എന്നതാണ് വ്യത്യാസം.
രാജ്യത്ത് സന്ദർശക വിസയിലുള്ള പ്രവാസികൾക്കും ആശ്രിത വീസയിലുള്ളവർക്കും ജിസിസി പൗരന്മാർക്കും അഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിർ സേവനങ്ങൾ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. സർക്കാർ സേവനങ്ങൾക്ക് ഓഫീസുകളിൽ നേരിട്ട് ഹാജരാകാതെ ഓൺലൈൻ വഴി ആപ്ലിക്കേഷനിലൂടെ നിർവഹിക്കാനാകുമെന്നതാണ് അബ്ഷിറിന്റെ പ്രത്യകത. രാജ്യത്ത് ഇഖാമ നമ്പർ ഉള്ളവർ അത് ഉപയോഗിച്ചും സന്ദർശക വീസയിൽ ഉള്ളവർ ബോർഡർ നമ്പർ ഉപയോഗിച്ചുമാണ് അബ്ഷിറിൽ റജിസ്റ്റർ ചെയ്യേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല