1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2021

സ്വന്തം ലേഖകൻ: ഡിസംബർ അവസാന വാരം മുതൽ ആഞ്ഞടിച്ച് അമ്പതിനായിരത്തിലേറെ ആളുകളുടെ ജീവനെടുത്ത കൊവിഡിൻ്റെ യുകെ വകഭേദത്തെ പിടിച്ചുകെട്ടാനായതിൻ്റെ ആശ്വാസത്തിൽ ബ്രിട്ടൻ. ആയിരത്തി എണ്ണൂറും കടന്ന് കുതിച്ച പ്രതിദിന മരണം കുത്തനെ കു റഞ്ഞു. ദിവസേന രോഗികളായി മാറുന്നവരുടെ എണ്ണം എഴുപതിനായിരത്തിന് അടുത്തുനിന്നും ഇരുപതിനായിരത്തിൽ താഴെയായി. 16,840 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.

ആശുപത്രികളിലേക്കുള്ള രോഗികളുടെ ഒഴുക്കിനും കുറവുണ്ടാകുന്നതായാണ് റിപ്പോട്ടുകൾ. റോയൽ ലണ്ടനിലെയും മറ്റും സ്പെഷൽ കൊവിഡ് വാർഡിൽ മൂന്നിലൊന്നു വെന്റിലേറ്ററുകളും ഒഴിഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിലാണ് വാക്സീൻ വിതരണം രാജ്യത്ത് പുരോഗമിക്കുന്നത്. ഒരു കോടിയിലേറെ ആളുകൾക്ക് വാക്സീന്റെ ആദ്യ ഡോസ് നൽകിക്കഴിഞ്ഞു. ദിവസേന അഞ്ചു ലക്ഷത്തോളം ആളുകൾക്കാണ് ഇപ്പോൾ വാക്സീൻ വിതരണം ചെയ്യുന്നത്.

എൺപതു വയസിനു മുകളിലുള്ള 95 ശതമാനം പേർക്കും വാക്സീൻ നൽകാനായി. എഴുപതു കഴിഞ്ഞവർക്കും മറ്റ് രോഗാവസ്ഥകൾ അലട്ടുന്നവർക്കും അടുത്തയാഴ്ച അവസാനത്തോടെ വാക്സീൻ വിതരണം പൂർത്തിയാകും. ഈയാഴ്ച അവസാനത്തോടെ പല സ്ഥലങ്ങളിലും അറുപത്തഞ്ചു വയസ് കഴിഞ്ഞവർക്കുള്ള വിതരണം ആരംഭിക്കും. ലോക്‌ഡൗണും വാക്സീനും ഫലവത്താകുന്നതോടെ ഈ വേനൽക്കാലത്ത് ഉല്ലാസയാത്രകളും സാധാരണ ജീവിതവും അനുവദിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.

നിലവിലെ രീതിയിൽ കാര്യങ്ങൾ പുരോഗമിച്ചാൽ മാർച്ച് എട്ടിനു തന്നെ സ്കൂളുകൾ തുറന്നു പ്രവർത്തിപ്പിക്കാൻ തീരുമാനമുണ്ടാകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യോർക്ക്ഷെയറിലെ ഒരു വാക്സീനേഷൻ കേന്ദ്രം സന്ദർശിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഇതോടൊപ്പം ലോക്‌ഡൗൺ നിയന്ത്രണങ്ങളിലും ഇളവ് അനുവദിച്ചേക്കുമെന്നാണ് സൂചന.

എന്നാൽ രാജ്യത്ത് എട്ടിടങ്ങളിൽ വകഭേദം വന്ന ദക്ഷിണാഫ്രിക്കൻ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതും കെന്റ് വൈറസിന് വീണ്ടും രൂപമാറ്റം സംഭവിച്ചതായുള്ള റിപ്പോർട്ടുകളും ഈ പ്രത്യാശയ്ക്ക് മങ്ങലേൽപ്പിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കൻ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ സ്ഥലങ്ങളിൽ ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി പരിശോധന തുടങ്ങി. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ പോലും പരിശോധിച്ച് വ്യാപനം തടയാനാണ് ശ്രമം. 105 പേരിലാണ് ദക്ഷിണാഫ്രിക്കൻ വകഭേദം ഇതിനോടകം സ്ഥിരീകരിച്ചിട്ടുള്ളത്.

ബ്രിട്ടന്റെ ലോക്ക്ഡൗൺ ഹീറോ കേണൽ ടോം മൂർ കൊവിഡ് ബാധിച്ച് മരിച്ചു

തന്റെ നൂറാം പിറന്നാളിന് സ്വന്തം വീടിനു പിറകിലെ ഗാർഡനിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്ന് എൻഎച്ച്എസിനായി 33 മില്യൺ പൗണ്ടിലേറെ ചാരിറ്റി ഫണ്ട് നേടിക്കൊടുത്ത കേണൽ ടോം മൂർ ഒടുവിൽ കൊവിഡ് ബാധിച്ച് മരിച്ചു. ബെഡ് ഫോർഡ് ആശുപത്രിയിലായിരുന്നു ഈ കൊവിഡ് ഹീറോയുടെ അന്ത്യം. കൊറോണ കാലത്തെ ഏറ്റവും വലിയ ചാരിറ്റി ഇവന്റിലൂടെ ലോകശ്രദ്ധയാകർഷിച്ച ടോം മൂർ നൂറാം വയസിൽ പുതിയ ചരിത്രം സൃഷ്ടിച്ച്, ഹീറോ പരിവേഷം അണിഞ്ഞാണ് ഈ ലോകത്തോടു യാത്ര പറഞ്ഞത്.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ക്യാപ്റ്റനായിരുന്ന ടോമിന് ഈ ചാരിറ്റി ഈവന്റിന്റെ പേരിൽ എലിസബത്ത് രാജ്ഞി കേണൽ പദവിയും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൽ ഓണററി അംഗത്വവും സമ്മാനിച്ചിരുന്നു. നൂറാം ജന്മദിനത്തിന് ഫ്ലൈ സല്യൂട്ടു വരെ നൽകിയാണ് ബ്രിട്ടൻ ഈ മുൻ സൈനികനെ ആദരിച്ചത്.

ബ്രിട്ടനിലെ നാഷനൽ ഹെൽത്ത് സർവീസസിന് 1000 പൗണ്ട് സമാഹരിക്കാനായി ക്യാപ്റ്റൻ മൂർ കഴിഞ്ഞ വർഷം നടത്തിയ ‘100 തവണ പൂന്തോട്ടനടത്ത ചാലഞ്ചി’ലൂടെ ലഭിച്ചത് 3.2 കോടി പൗണ്ടാണ്. നടക്കാൻ സഹായിക്കുന്ന ഫ്രെയിമിന്റെ സഹായത്തോടെ വീട്ടുപൂന്തോട്ടത്തിൽ ധനസമാഹരണ ചാലഞ്ച് നടത്തിയത് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.