
സ്വന്തം ലേഖകൻ: മാർച്ചിൽ സ്കൂളുകൾ തുറക്കുന്നതോടെ ബ്രിട്ടനിൽ “അൺലോക്കിന്“ തുടക്കമാകുമെന്ന് വാക്സിനേഷൻ മന്ത്രി നാദിം സഹാവി വ്യക്തമാക്കി. ഫെബ്രുവരി 22 ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിക്കാനിരിക്കുന്ന അൺലോക്ക് റോഡ് മാപ്പിനെക്കു റിച്ച് സൂചന നൽകുകയായിരുന്നു അദ്ദേഹം. മാർച്ച് 8 ന് ഇംഗ്ലണ്ടിൽ സ്കൂളുകൾ വീണ്ടും തുറക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായും നാദിം സഹാവി സ്ഥിരീകരിച്ചു.
അതേസമയം ബ്രിട്ടൻ മഹാമാരിയുടെ രണ്ടാം തരംഗം മറികടന്നതായുള്ള റിപ്പോർട്ടുകൾക്കിടയിലും മാർച്ചിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചേക്കില്ലെന്ന സൂചനയുമായി ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കൽ ഓഫീസർ രംഗത്തെത്തി. ഏറ്റവും ദുർബലരായ നാല് ഗ്രൂപ്പുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്കിക്കഴിഞ്ഞാലും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മാർച്ചിനപ്പുറത്ത് തുടരേണ്ടതുണ്ടെന്ന് പ്രൊഫസർ ക്രിസ് വിറ്റി സൂചന നൽകി.
70 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് സ്വീകരിച്ച് കഴിഞ്ഞാൽ തന്നെ വൈറസ് മരണങ്ങൾ ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇംഗ്ലണ്ട് ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു. എന്നാൽ ആശുപത്രി അഡ്മിഷൻ നിരക്കുകൾ വളരെ കൂടുതലായിരിക്കുമെന്ന മുന്നറിയിപ്പും നൽകി. എൻഎച്ച്എസിന് കൂടുതൽ സമ്മർദ്ദം ഏൽപ്പിക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കുമെന്ന അഭിപ്രായമാണ് ക്രിസ് വിറ്റി മുന്നോട്ട് വയ്ക്കുന്നത്.
അതേസമയം സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം കൊറോണ വൈറസ് മരണങ്ങളും കേസുകളും കുറയുന്നത് കാണിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ. ഇന്നലെ 19,202 അണുബാധകളും 1,322 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ആഴ്ചയിൽ 25 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബ്രിട്ടന്റെ രണ്ടാമത്തെ തരംഗത്തെ മറികടന്ന് പൊട്ടിത്തെറി നിയന്ത്രണ വിധേയമാക്കിയിട്ടും, 35,000 രോഗികൾ ഇപ്പോഴും കോവിഡുമായി ആശുപത്രികളിൽ ചികിൽസയിലാണ്. കഴിഞ്ഞ വസന്തകാലത്തെ ഏറ്റവും ഉയർന്ന നിരക്കായ 20,000 ത്തിൽ നിന്ന് വളരെ ഉയർന്നതാണ് ഈ കണക്ക് എന്നതാണ് ആശങ്ക കൂട്ടുന്നത്.
50 വയസ്സിനു മുകളിലുള്ള എല്ലാവരും ഉൾപ്പെടുന്ന അവശേഷിക്കുന്ന ആറ് മുൻഗണനാ ഗ്രൂപ്പുകൾക്ക് അവരുടെ ആദ്യ ഷോട്ട് വാക്സിൻ നൽകുന്നതുവരെ എൻഎച്ച്എസിൻ്റെ മേലുള്ള സമ്മർദ്ദത്തിൽ കു റവുണ്ടാവില്ലെന്നും പ്രൊഫസർ വിറ്റി മുന്നറിയിപ്പ് നൽകി. നിലവിൽ ഒരു കോടിയിലേറെ ആളുകൾക്ക് വാക്സീന്റെ ആദ്യ ഡോസ് നൽകിക്കഴിഞ്ഞു.
കൊവിഡ് ബാധിച്ചു മരിച്ച ബ്രിട്ടന്റെ കൊവിഡ് ഹീറോയെ രാഷ്ട്രം സ്നേഹാദരങ്ങളോടെ ആദരിച്ചു. കൊവിഡ് കാലത്തെ ഏറ്റവും വലിയ ചാരിറ്റി ഇവന്റിന് കാരണക്കാരനായ ക്യാപ്റ്റൻ ടോം മൂറിനെ ആദരിക്കാൻ ബ്രിട്ടീഷ് പാർലമെന്റ് ഇന്നലെ ഒരു മിനിറ്റ് മൗനം ആചരിച്ചു. ഒപ്പം പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ രാജ്യത്തെ മുഴുവൻ ആളുകളും വൈകിട്ട് ആറിന് കൈയടികളോടെ ഈ ഹീറോയ്ക്ക് അന്ത്യാഞ്ജലിയും അർപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല