
സ്വന്തം ലേഖകൻ: കാര്‍ഷിക നിയമത്തിന്റെ പേരില്‍ ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ ആഹ്വാനം ചെയ്ത ദേശീയപാത ഉപരോധം ശക്തം. ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു മണിവരെയാണ് ദേശീയ, സംസ്ഥാന പാതകള്‍ ഉപരോധിക്കുന്നത്. റോഡുകളില്‍ ഇരുന്നാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്.
എന്നാല്‍ ബംഗലൂരു, പൂനെ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിഷേധിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹിയില്‍ അനുമതി കൂടാതെ പ്രതിഷേധിച്ചവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മണ്ഡി ഹൗസ്, ഐ.ടി.ഒ, ഡല്‍ഹി ഗേറ്റ്, ഖാന്‍ മാര്‍ക്കറ്റ് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു.
സംഘര്‍ഷ സാധ്യത പരിഗണിച്ച് ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ റോഡുകള്‍ ഉപരോധിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഹരിയാനയിലും പഞ്ചാബിലും ഉപരോധം ശക്തമാണ്.
കര്‍ഷകരുടെ അക്രമരഹിത സമരത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വ്യക്തമക്കി. ദേശീയ താല്‍പര്യത്തിനു വേണ്ടിയാണ് ഈ സമരം. മൂന്നു നിയമങ്ങളും കര്‍ഷകരെയും തൊഴിലാളികളെയും മാത്രമല്ല, രാജ്യത്തെ മുഴുവന്‍ ബാധിക്കുന്നതാണെന്നും രാജുല്‍ ഗാന്ധി പറഞ്ഞു.
ജമ്മു കശ്മീരില്‍ ജമ്മു-പത്താന്‍കോട്ട് ദേശീയപാത കര്‍ഷകര്‍ ഉപരോധിച്ചു. ഉപരോധം മുന്നില്‍ കണ്ട് അതീവ ജാഗ്രതയിലാണ് പോലീസ്. 50,000 ഓളം പോലീസ് , പരാമിലിട്ടറി ദ്യോഗസ്ഥരെയാണ് അതിര്‍ത്തി അടക്കം വിവിധ സ്ഥലങ്ങളില്‍ വിന്യസിക്കുക. ഐടിബിപി, സിആര്‍പിഎഫ്, ആര്‍എഎഫ് എന്നീ സേനകളും പോലീസിനൊപ്പം ക്രമസമാധാന പാലനത്തിന് രംഗത്തുണ്ട്.
അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ എന്‍.എസ്.ജിയും സ്വാത് സംഘവും ഒരുങ്ങിയിരിക്കുകയാണ്. ബോംബ്, ഡോഗ് സ്‌ക്വാഡും വിവിധയിടങ്ങളില്‍ തമ്പടിച്ചിട്ടുണ്ട്.
കാര്‍ഷിക നിയമത്തിലും കര്‍ഷക പ്രക്ഷോഭത്തിലും പാര്‍ലമന്റിൽ ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഉപാധികളോടെയാണ് ചര്‍ച്ചയ്ക്ക് തയാറെന്ന നിര്‍ദ്ദേശം കേന്ദ്രം പ്രതിപക്ഷത്തിന് മുന്നില്‍ വയ്ക്കുന്നത്. ലോക്സഭാ സ്തംഭനം ഒഴിവാക്കാന്‍ എന്ന നിലയ്ക്കാണ് കേന്ദ്രത്തിന്റെ നീക്കം.
നന്ദി പ്രമേയ ചര്‍ച്ചയുമായി സഹകരിക്കണം, ബില്ലുകളിന്മേല് ചര്‍ച്ചയ്ക്ക് തയാറാകണം, ബജറ്റ് പാസാക്കാന്‍ പിന്തുണയ്ക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്.
ഇക്കാര്യത്തില്‍ ആലോചിച്ച് മറുപടി പറയാമെന്നാണ് പ്രതിപക്ഷ നിലപാട്. കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അടുത്ത ദിവസം രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച ചെയ്ത് തിങ്കളാഴ്ച തീരുമാനം അറിയിക്കാമെന്നാണ് പ്രതിപക്ഷം അറിയിച്ചിരിക്കുന്നത്.
ബജറ്റ് സമ്മേളനത്തിന്റെ നാല് ദിവസം കര്‍ഷക പ്രക്ഷോഭം മുന്‍നിര്‍ത്തി പ്രതിപക്ഷം സഭാ നടപടികള്‍ തടസപ്പെടുത്തിയിരുന്നു. പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുക്കാതെ മുന്നോട്ടുപോയ കേന്ദ്ര സര്‍ക്കാര്‍ അടുത്ത സമ്മേളനത്തില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന നിലപാടിലായിരുന്നു. എന്നാല്‍ മുന്നണിക്കുള്ളില്‍ തന്നെ ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നതോടെയാണ് കേന്ദ്രം നിലപാട് മയപ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല