
സ്വന്തം ലേഖകൻ: ജനറൽ ഡയറക്ടറേറ്റ് ഓഫ് റെഡിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് വീസ നടപടികൾക്ക് ഇനി ഇ-മെഡിക്കൽ പരിശോധന ഫലങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അറിയിച്ചു . ഫെബ്രുവരി 14 മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരുക. ഇത് പ്രകാരം ബന്ധപ്പെട്ട വകുപ്പിൽ നിന്നുള്ള ഓൺലൈൻ ലിങ്ക് മുഖാന്തരമുള്ള മെഡിക്കൽ പരിശോധന ഫലമാണ് സ്വീകരിക്കുക . നിലവിൽ മെഡിക്കൽ പരിശോധനാ ഫലങ്ങള്‍ ഇ-മെയിലിൽ പിഡിഎഫ് പേപ്പർ രൂപത്തിൽ അയച്ചു കൊടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. അത്തരത്തിലുള്ള പ്രക്രിയകൾക്കാണ് മാറ്റം വരുന്നത്.
ഫെബ്രുവരി 14 മുതൽ ജിഡിആർഎഫ്എ ബന്ധപ്പെട്ട വകുപ്പുകളുമായി ഒരു ഇലക്ട്രോണിക് ലിങ്ക് സജീവമാക്കുകയും പ്രിന്റ്ഔട്ടിന്റെ ആവശ്യകത ഇല്ലാതാകുകയും ചെയ്യും. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ലോഞ്ചിംഗ് ചെയ്ത ദുബായ് പേപ്പർലെസ് സ്ട്രാറ്റജിയുടെ ഭാഗമായാണ് ഇത്തരത്തിലൊരു മാറ്റം. സമഗ്രമായി കടലാസ് രഹിത സർക്കാർ ചട്ടക്കൂട് നിർമ്മിക്കുന്നതിനും, ദുബായിയെ സമ്പൂർണ്ണ സ്മാർട്സിറ്റിയാകാനുള്ള നേതൃത്വ കാഴ്ചപ്പാടിന്റെ ഭാഗവുമാണ് പുതിയ നിയമം എത്തിയിരിക്കുന്നത്. അതോറിറ്റികളിലെ ജീവനക്കാരനോ ഉപഭോക്തവോ 2021 ശേഷം പേപ്പറുകൾ അച്ചടിക്കേണ്ടതില്ല. ദുബായ് പേപ്പർലെസ് സ്ട്രാറ്റജിയാണ് ലക്ഷ്യം വെക്കുന്നത്.സർക്കാർ ഇടപാടുകളില്‍ പ്രതിവർഷം ഒരു ബില്യൺ പേപ്പറുകളുടെ ഇടപാട് ആണ് ഇതോടെ ഇല്ലാതെ ആകുന്നത്.
വീസകൾ പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യുന്നതിന് -മെഡിക്കൽ പരിശോധന നിർബന്ധമാണ്.പുതിയ താമസ വീസ പാസ്പോർട്ടിൽ അടിക്കാനും, അത് പുതുക്കുവാനുമുള്ള പ്രധാന നടപടിയാണ് ഉപഭോക്താവിന്റെ ആരോഗ്യ പരിശോധന. അതിലെ ഫലം ലഭ്യമായാൽ മാത്രമാണ് വീസ സ്റ്റാമ്പ് ചെയ്യുകയുള്ളൂ. ദുബായിലെ അമർ കേന്ദ്രങ്ങളിലും ടൈപ്പിംഗ് സെന്ററുകളിലും പരിശോധനയ്ക്കുള്ള അപേക്ഷ ടൈപ്പ് ചെയ്യാവുന്നതാണ് . ഇത്തരത്തിൽ ആരോഗ്യ വകുപ്പിലേക്ക് മുൻകൂട്ടി അപേക്ഷ നൽകി മെഡിക്കൽ പരിശോധന നടത്തേണ്ടത്. ഫീസിന്റെ അടിസ്ഥാനത്തിൽ സമയബന്ധിതമായി ലഭിക്കുന്ന വിവിധ സേവനങ്ങളും ഇതിനുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല