
സ്വന്തം ലേഖകൻ: ക്യൂബൻ സാന്പത്തികമേഖല സ്വകാര്യ മേഖലയ്ക്കു തുറന്നുകൊടുക്കുന്നു. രണ്ടായിരത്തിനു മുകളിൽ വ്യവസായ വിഭാഗങ്ങളിൽ സ്വകാര്യവത്കരണം അനുവദിക്കുമെന്ന് തൊഴിൽവകുപ്പു മന്ത്രി മാർത്ത എലേന ഫെയ്റ്റോ അറിയിച്ചു. നേരത്തേ 127 വിഭാഗങ്ങളിൽ മാത്രമാണ് അനുമതിയുണ്ടായിരുന്നത്.
യുഎസിലെ മുൻ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ഉപരോധങ്ങളും കോവിഡും മൂലം സന്പദ്വ്യവസ്ഥ തകർന്നു തരിപ്പണമായ സാഹചര്യത്തിലാണു കമ്യൂണിസ്റ്റ് രാജ്യം മാറിച്ചിന്തിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം സാന്പത്തികമേഖല 11 ശതമാനമാണ് ഇടിഞ്ഞത്. മുപ്പതു വർഷത്തിനിടെ ആദ്യമായിട്ടാണ് ഇത്തരമൊരു തകർച്ച.
അടിസ്ഥാന ആവശ്യങ്ങൾക്കുള്ള വസ്തുക്കൾക്കു പോലും ക്യൂബയിൽ ക്ഷാമം അനുഭവപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. സ്വകാര്യ മേഖലയുടെ വികസനവും ഉത്പാദനശക്തികളെ സ്വതന്ത്രമാക്കലുമൊക്കെയാണ് പുതിയ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നതെന്നു മന്ത്രി മാർത്ത വിശദീകരിച്ചു. 124 വ്യവസായ വിഭാഗങ്ങളെ സ്വകാര്യവത്കരണത്തിൽ നിന്നു മാറ്റിനിർത്തിയിട്ടുണ്ടെന്നും അവ പൂർണമായും സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
കരകൗശല വിദഗ്ധർ, ടാക്സി ഡ്രൈവർമാർ, വ്യാപാരികൾ എന്നിവരുടെ ചെറുകിട ബിസിനസ് സംരംഭങ്ങളും ചെറുകിട കർഷകരും ഉൾപ്പെടുന്നതാണു നിലവിൽ ക്യൂബയിലെ സ്വകാര്യ മേഖല. അറുപതു വർഷം നീണ്ട ശത്രുത അവസാനിപ്പിക്കാൻ മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും മുൻ ക്യൂബൻ നേതാവ് റൗൾ കാസ്ട്രോയും 2015ൽ ഉണ്ടാക്കിയ ധാരണ ക്യൂബയ്ക്ക് ചെറിയ ഉത്തേജനം പകരുന്നതായിരുന്നു.
എന്നാൽ ഒബാമയ്ക്കുശേഷം അധികാരമേറ്റ ഡോണൾഡ് ട്രംപ് ക്യൂബയ്ക്കെതിരേ ഉപരോധങ്ങൾ തിരിച്ചു കൊണ്ടുവന്നു. പ്രധാന വരുമാനമാർഗമായ ടൂറിസം വ്യവസായം കൊവിഡ് മൂലം പ്രതിസന്ധിയിലായതും ക്യൂബയ്ക്കു വൻ തിരിച്ചടിയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല