
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ അനധികൃത കുടിയേറ്റക്കാർക്ക് വാക്സിൻ രജിസ്ട്രേഷൻ; “നോ ഡിപോർട്ടേഷൻ റിസ്ക്“ ഉറപ്പുമായി സർക്കാർ. രാജ്യം മുഴുവൻ പ്രതിരോധശേഷി കൈവരിക്കാനും ലോക്ക്ഡൗൺ ലഘൂകരിക്കാനുമാണ് അഭൂതപൂർവമായ നീക്കം. എല്ലാവരുടേയും സുരക്ഷയ്ക്കായി എല്ലാവർക്കും ജബ് ലഭിക്കേണ്ടതുണ്ട് എന്നതാണ് ഇതിലെ ധാർമ്മികതയെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
എന്നാൽ അനധികൃത കുടിയേറ്റക്കാർ വാക്സിനുകൾക്കായി രെജിസ്റ്റർ ചെയ്യുന്നത് മറ്റ് അവകാശങ്ങൾ നേടുന്നതിനുള്ള മാർഗമായി പദ്ധതി ഉപയോഗിക്കാൻ കഴിയില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കുത്തിവയ്പ് എടുക്കാൻ ഒരു ജിപിയിൽ രജിസ്റ്റർ ചെയ്താൽ ഹോം ഓഫീസ് ഒരു നടപടിയും സ്വീകരിക്കില്ല. ക്രമരഹിതമായ പദവി’ ഉള്ള വിദേശികളുടെ എണ്ണത്തിന് ഔദ്യോഗിക കണക്കുകളൊന്നും നിലവിലില്ല, എന്നാൽ ചില കണക്കുകൾ പ്രകാരം 1.3 മില്ല്യൺ അനധികൃത കുടിയേറ്റക്കാർ ഉണ്ടെന്നാണ്.
ഇമിഗ്രേഷൻ നില കണക്കിലെടുക്കാതെ യുകെയിൽ താമസിക്കുന്ന എല്ലാവർക്കും കൊറോണ വൈറസ് വാക്സിനുകൾ സൗജന്യമായി നൽകുമെന്ന് സർക്കാർ വക്താവ് കഴിഞ്ഞ രാത്രി അറിയിച്ചു. ജിപിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരെ ആദ്യ അവസരത്തിൽ തന്നെ ബന്ധപ്പെടുന്നു. ജിപിയിൽ രജിസ്റ്റർ ചെയ്യാത്തവരുമായി ബന്ധപ്പെടാൻ വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റുകളുമായും ബാഹ്യ സംഘടനകളുമായും ചേർന്ന് പ്രവർത്തിക്കുകയാണ്.
അനധികൃത കുടിയേറ്റക്കാരിൽ എല്ലാ വിഭാഗങ്ങളും വാക്സിനായി മുന്നോട്ട് വന്നാൽ അവർക്ക് യാതൊരു പ്രത്യാഘാതവും നേരിടേണ്ടി വരില്ലെന്ന് സർക്കാർ ഉറപ്പുനൽകുന്നു. സന്ദർശകരായി അല്ലെങ്കിൽ ഹ്രസ്വകാല വിസകളിൽ നിയമാനുസൃതമായി എത്തിച്ചേർന്നെങ്കിലും തിരികെ പോകാത്തവർ, ഇംഗ്ലീഷ് ഇതര ഭാഷകൾ മാത്രം സംസാരിക്കുന്നവർ ഉൾപ്പെടെയുള്ള സന്ദർശകർ എന്നിവർ ഉൾപ്പെടെയുള്ളവരെ വാക്സിൻ എടുക്കുന്നതിനായി പ്രോത്സാഹിപ്പിക്കുന്നതിനായി പബ്ലിസിറ്റി കാമ്പെയ്നുകൾ നടത്തും.
പ്രതിരോധ കുത്തിവയ്പ്പിനായി മുന്നോട്ട് വരുന്ന രോഗികളിൽ ‘ഇമിഗ്രേഷൻ സ്റ്റാറ്റസ് ചെക്കുകൾ വേണ്ടായെന്ന് എൻഎച്ച്എസ് ട്രസ്റ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് പരിശോധനയോ രോഗത്തിന് ചികിത്സയോ ഉള്ള ആർക്കും ഇത് ബാധകമാണ്. ആരോഗ്യ സാമൂഹ്യ പരിപാലന വകുപ്പ് ഹോം ഓഫീസുമായി ‘പരിമിത’ ഡാറ്റ മാത്രമേ കൈമാറ്റം ചെയ്യുകയുള്ളൂ. അനധികൃതമായി കുടിയേറുന്നവരുടെ ഐഡന്റിറ്റി പോലീസിനോ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്കോ കൈമാറില്ല.
പ്രായത്തിനും ആരോഗ്യത്തിനും അനുസരിച്ച് വാക്സിനേഷനായി, ഇമ്യൂണൈസേഷൻ ജോയിന്റ് കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള ജാബ് ഷെഡ്യൂളിൽ കുടിയേറ്റക്കാർക്ക് അവരുടെ സമയത്തിനായി കാത്തിരിക്കേണ്ടി വരും.
അതിനിടെ ബ്രിട്ടീഷ് ഗവേഷകർ ഒരു പുതിയ ക്ലിനിക്കൽ ട്രയൽ ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. രണ്ട് ഡോസ് വ്യത്യസ്ത കൊവിഡ് വാക്സിനുകൾ ഒരു വാക്സിൻ നൽകുന്ന രണ്ട് ഡോസുകളേക്കാൾ തുല്യമോ വലുതോ ആയ രോഗ പ്രതിരോധ ശേഷിയ്ക്ക് കാരണമാകുമോ എന്നാണ് ഗവേഷകർ പരീക്ഷിക്കുന്നത്. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം.
ഫലം അനുകൂലമായാൽ അതി രൂക്ഷമായ വാക്സിൻ ക്ഷാമം മൂലം താളം തെറ്റുന്ന വാക്സിനേഷൻ പദ്ധതികൾക്ക് പുതുജീവൻ ലഭിക്കും. നിലവിലെ ചരക്ക് നീക്കത്തിലെ കാലതാമസവും മറ്റ് കുറവുകളും ചുരുങ്ങിയത് ഹ്രസ്വകാലത്തേക്കെങ്കിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ വാക്സിൻ ക്ഷാമം നേരിടാൻ ഈ നീക്കം രാജ്യങ്ങളെ പ്രാപ്തരാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല