1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2021

സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡ് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 29 ആയി. 35 പേർ കൂടി ടണലിൽ കുടുങ്ങി കിടപ്പുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു. രക്ഷാപ്രവർത്തനം കേന്ദ്ര സർക്കാർ നിരീക്ഷിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.

ദുരന്തം നേരിടാൻ സാധ്യമായ എല്ലാ സഹായവും കേന്ദ്രം നൽകുമെന്ന് അമിത് ഷാ പറഞ്ഞു. 25 മുതൽ 35 പേർ വരെ ടണലിൽ കുടുങ്ങിയതായി സംശയമുണ്ട്. സംസ്ഥാനത്തിന് സഹായം നൽകും. ദുരന്തം ഉണ്ടായ ഉടൻ കേന്ദ്രം ഇടപെട്ടു. കൂടുതൽ സേനയെ അയച്ചു. ജലവൈദ്യുത പദ്ധതിക്ക് വലിയ നാശമാണ് സംഭവിച്ചത്. തകരാറിലായ പാലങ്ങൾ ഉടൻ പുനർനിർമ്മിക്കും.
ഞായറാഴ്ച രാത്രി മുതൽ ഐടിബിപി, എൽഡിആർഎഫ്, എസ്ഡിആർഫ് സംഘങ്ങൾ സംയുക്തമായി ആരംഭിച്ച രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. രക്ഷാ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ ഉപകരണവും എത്തിച്ചതായി ഐടിബിപി വക്താവ് വിവേക് കുമാർ പാണ്ഡേ അറിയിച്ചു. മുന്നൂറോളം ഐടിബിപി പ്രവർത്തകരെ ആണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്.

സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് ഡിജി എസ്.എസ്.ദേസ്വാൾ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. “നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണ്. തപോവൻ പ്രദേശത്തെ രണ്ട് തുരങ്കങ്ങളിലാണ് ആളുകൾ കുടുങ്ങിയത്. ഇതിൽ ഒന്നിലുണ്ടായിരുന്ന 12 പേരെ രക്ഷപ്പെടുത്തി. അവരിൽ ചിലർക്ക് പരുക്കുകളും ശ്വസന പ്രശ്നങ്ങളുമുണ്ട്. എല്ലാവർക്കും വൈദ്യസഹായം നൽകി ഐടിബിപിയുടെ ജോഷിമത്ത് ആശുപത്രിയിലേക്ക് മാറ്റി,” അദ്ദേഹം പറഞ്ഞു.

മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ ഉത്തരാഖണ്ഡിന് കൈത്താങ്ങായി ഹരിയാന സർക്കാർ. 11 കോടി രൂപയുടെ ധനസഹായം ഉത്തരാഖണ്ഡിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ നൽകും. ഹരിയാന ഇൻഫോർമേഷൻ ആൻഡ് പബ്ലിക് റിലേഷനാണ് ഇക്കാര്യം അറിയിച്ചത്.

മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് കേന്ദ്ര സർക്കാരും അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. പരിക്കേറ്റവർക്ക് 50,000 രൂപ ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ ഉത്തരാഖണ്ഡ് സർക്കാരും ദുരന്തത്തിനിരയായവർക്ക് ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ വീതം നൽകുമെന്നാണ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് അറിയിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.