
സ്വന്തം ലേഖകൻ: കൊവിഡ്–19നു കാരണമായ കൊറോണ വൈറസ് പടർന്നത് വവ്വാലുകളിൽ നിന്നോ ശീതീകരിച്ച ഭക്ഷ്യവസ്തുക്കളിൽ നിന്നോ ആകാമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം അറിയിച്ചു. എന്നാൽ, ഇവ ഏതെങ്കിലും പരീക്ഷണശാലയിൽ നിന്ന് അബദ്ധത്തിൽ പുറത്തായതാകാൻ സാധ്യതയില്ലെന്നും കൊവിഡ്–19 ആദ്യമായി കണ്ടെത്തിയ വുഹാൻ നഗരത്തിൽ അന്വേഷണം നടത്തിയ സംഘത്തിന്റെ തലവൻ പീറ്റർ ബെൻ എംബാരെക് പറഞ്ഞു.
2019 അവസാനം വുഹാനിലെ കടൽവിഭവച്ചന്തയിലാണ് കൊറോണ വൈറസ് ആദ്യം കണ്ടെത്തിയത്. വുഹാനിലെ ലാബിൽ നിന്നാണ് വൈറസ് പടർന്നതെന്ന് ആരോപണമുണ്ടായിരുന്നു. വൈറസ് മനുഷ്യനിലേക്ക് എത്തിയ വഴി സങ്കീർണമാണെന്നും കൊറോണ വൈറസുകളുടെ സമൃദ്ധ ഉറവിടമായ വവ്വാലുകളിൽ നിന്ന് മറ്റ് ഏതെങ്കിലും മാധ്യമത്തിലൂടെയാവാം ഇവ മനുഷ്യനിലേക്ക് എത്തിയതെന്നു കരുതുന്നതായും സംഘം വ്യക്തമാക്കി.
കൊവിഡ് ആദ്യം കണ്ടെത്തിയ ഡിസംബർ 19ന് ആഴ്ചകൾ മുൻപു തന്നെ വുഹാനിലോ മറ്റിടങ്ങളിലോ വൈറസ് പടർന്നിട്ടുണ്ടാകാമെന്നും ചൈനയിലെ വിദഗ്ധ സംഘത്തിന്റെ തലവൻ ലിയാങ് വാനിയൻ പറഞ്ഞു. വന്യജീവികളുടെ ശീതീകരിച്ച മാംസം വിറ്റിരുന്ന ഒട്ടേറെ പേർ വുഹാൻ ചന്തയിലുണ്ടായിരുന്നു. ഇവയിൽ നിന്ന് വൈറസ് പടരാനുള്ള സാധ്യതയേറെയാണെന്നും എംബാരെക് പറഞ്ഞു.
വൈറസിന്റെ ഉറവിടമെന്ന് ആരോപിക്കപ്പെട്ടിരുന്ന വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും കൊവിഡ് രൂക്ഷമായിരുന്ന ഹുവാനനിലെ കടൽവിഭവച്ചന്തയും 10 രാജ്യങ്ങളിലെ വിദഗ്ധരടങ്ങിയ സംഘം സന്ദർശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല