
സ്വന്തം ലേഖകൻ: ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ഇംഗ്ലണ്ടിൽ എൻഎച്ച്എസ് അഴിച്ചു പണി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. കൊവിഡ് വ്യാപനത്തിൽ നിന്ന് പഠിച്ച പാഠങ്ങളെ അടിസ്ഥാനമാക്കിയാണ് പരിഷ്ക്കരണമെന്നും നിലവിൽ ചുവപു നാടയിൽ കുടുങ്ങി വീർപ്പുമുട്ടുന്ന എൻഎച്ച്എസിനെ രക്ഷപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം അവകാശപ്പെടുന്നു.
വിവിധ ആരോഗ്യ ഏജസികളെയും സമിതികളേയും നീക്കം ചെയ്ത് എൻഎച്ച്എസ് ബോഡികളുടെ നേരിട്ടുള്ള നിയന്ത്രണം സർക്കാർ ഏറ്റെടുക്കുന്നതിനാണ് പുതിയ നീക്കം വഴി തുറക്കുക. എന്നാൽ കൊവിഡ് മഹാമാരി ഒരു ഒഴികഴിവായി ഉപയോഗിക്കുന്നതിലൂടെ എൻഎച്ച്എസ് ബോഡികളുടെ അധികാരം പിടിച്ചെടുക്കുകയാണ് സർക്കാർ എന്ന് ആരോപണം ഉയർന്നു കഴിഞ്ഞു.
2012 ൽ ഡേവിഡ് കാമറൂണിന്റെ സഖ്യ സർക്കാർ അവതരിപ്പിച്ച എൻഎച്ച്എസ് പരിഷ്കാരങ്ങളെയാണ് ധവളപത്രവും തുടർന്ന് നിയമ നിർമ്മാണവും വഴി ബോറിസ് ജോൺസൺ സർക്കാർ പിഴുതെറിയാൻ ശ്രമിക്കുന്നത്. 1948 ൽ ലേബറിന്റെ അനൂറിൻ ബെവൻ എൻഎച്ച്എസിന് അടിത്തറയിട്ടതിന് ശേഷം നടന്ന ഏറ്റവും നിർണായക അഴിച്ചുപണിയായിരുന്നു ഡേവിഡ് കാമറൂണിൻ്റെ ആരോഗ്യ സെക്രട്ടറി ആൻഡ്രൂ ലാൻസ്ലി നടപ്പിലാക്കിയ പരിഷ്കാരങ്ങൾ.
ആ പരിഷ്ക്കാരങ്ങൾ വൈറ്റ്ഹാളിൽ നിന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിന് അധികാരം കൈമാറി, പ്രാദേശികമായി ആരോഗ്യ പരിരക്ഷ നൽകുന്നതിനായി ക്ലിനിക്കൽ കമ്മീഷനിംഗ് ഗ്രൂപ്പുകൾ (സിസിജി) സ്ഥാപിക്കുകയും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് എന്ന പുതിയൊരു വാച്ച്ഡോഗിനെ അവതരിപ്പിക്കുകയും ചെയ്തു.
പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന് പകരമായി ഒരു പുതിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് പ്രൊട്ടക്ഷൻ (എൻഐഎച്ച്പി) സ്ഥാപിക്കാനാണ് വരാൻ പോകുന്ന അഴിച്ചുപണിയിൽ ഹാൻകോക്ക് പ്രധാനമായും ലക്ഷ്യമിടുന്നത്. ആരോഗ്യ നയത്തിന്റെ മൊത്തത്തിലുള്ള നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള പ്രധാനമന്ത്രിയുടെ നീക്കത്തിന് പിന്നിൽ കൊവിഡ് വ്യാപനം തുടക്കത്തിൽ തന്നെ തടയാൻ കഴിയാതിരുന്ന എൻഎച്ച്എസിനോടുള്ള നിരാശയാണെന്ന് കൺസർവേറ്റീവ് എംപിമാർ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വർഷം യുകെയിൽ കൊറോണ വൈറസിന്റെ ആദ്യ തരംഗം ഉണ്ടായപ്പോൾ, ജോൺസണും മുതിർന്ന മന്ത്രിമാരും ആരോഗ്യ സമിതികൾക്ക് ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല എന്ന അഭിപ്രായമാണ് സർക്കാരിനെ അതൃപ്തരാക്കിയത്.
പുതിയ പരിഷ്ക്കാരങ്ങൾക്കെതിരെ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്ട. “നമ്മൾ ഒരു മഹാമാരിയുടെ നടുവിലായിരിക്കുമ്പോൾ ഇത് സംഭവിക്കുന്നത് നിർഭാഗ്യകരമാൺ,“ അസോസിയേഷൻ്റെ വൈസ് ചെയർ ഡോ. ഡേവിഡ് റിഗ്ലി സ്കൈ ന്യൂസിനോട് പറഞ്ഞു.
സ്കൂളുകൾ വീണ്ടും തുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സ്കോട്ട്ലൻഡിലെ കൗമാരക്കാരായ വിദ്യാർഥികൾക്ക് ആഴ്ചയിൽ രണ്ടുതവണ ഹോം കൊറോണ വൈറസ് പരിശോധന നടത്തുമെന്ന് റിപ്പോർട്ടുകൾ. സ്വയം അല്ലെങ്കിൽ മാതാപിതാക്കളുടെയോ രക്ഷിതാവിന്റെയോ സഹായത്തോടെ പരിശോധന നടത്തി ടെസ്റ്റ് ഫലങ്ങൾ ഓൺലൈനിൽ ലോഗിൻ ചെയ്ത് സർക്കാരിനെ അ റിയിക്കുകയും വേണം.
വേഗത്തിലുള്ള ഫലങ്ങൾ നൽകാൻ കഴിയുന്ന ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ അസിംപ്റ്റോമാറ്റിക് ടെസ്റ്റിംഗിനായി ഉപയോഗിക്കും. വിദ്യാർഥികൾക്ക് ഈ ടെസ്റ്റ് നിർബന്ധമാക്കിയിട്ടില്ലെങ്കിലും ക്ലാസുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കുന്നതിന് വിദ്യാർത്ഥികളെ പദ്ധതിയിൽ പങ്കാളികളാകാൻ പ്രോത്സാഹിപ്പിക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ജോൺ സ്വിന്നി പറഞ്ഞു.
ഫെബ്രുവരി 22 മുതൽ സ്കോട്ട്ലൻഡിലെ സ്കൂളുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നതിന് മുന്നോടിയായാണ് സർക്കാർ സെൽഫ് ടെസ്റ്റ് പദ്ധതികൾ അനാവരണം ചെയ്തത്. തുടക്കത്തിൽ, പ്രീ സ്‌കൂളറുകളെയും ചില പ്രാഥമിക വിദ്യാർത്ഥികളെയും മുതിർന്ന വിദ്യാർത്ഥികളെയുമാണ് സ്കൂളുകളിലേക്ക് മടങ്ങി വരാൻ അനുവദിക്കുക.
കൊടും തണുപ്പിൽ വി റക്കുന്ന വടക്കൻ സ്കോട്ട്ലൻഡിൽ താപനില മൈനസ് 25 ഡിഗ്രിയിലേക്ക് താഴ്ന്നു. 25 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന താപനിലയാണെന്ന് ഇതെന്നാണ് റിപ്പോർട്ടുകൾ. സ്കോട്ടിഷ് ഹൈലാൻഡിലെ ബ്രെയിമറിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മൈനസ് 22.9 ഡിഗ്രി രേഖപ്പെടുത്തിയത്. 1995 ന് ശേഷമുള്ള ഏറ്റവും തണുപ്പുള്ള രാത്രിയിലാണ് ഈ താപനില ലഭിച്ചതെന്ന് മെറ്റ് അധികൃതർ അ റിയിച്ചു.
നേരത്തെ, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കിൻബ്രേസിൽ മൈനസ് 20.5 ഡിഗ്രിയും സ്കോട്ടിഷ് ഹൈലൈൻഡായ ബ്രെയ്മറിൽ മൈൻസ് 21.4 ഡിഗ്രിയും രേഖപ്പെടുത്തിയിരുന്നു. 2010 ഡിസംബർ 23 ന് മൈനസ് 22.3 ഡിഗ്രി വരെ താപനില താഴ്ന്നതിന് ശേഷം യുകെയിൽ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന താപനിലയായിരുന്ന് ഇവ രണ്ടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല