
സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് തപോവന്‍ മേഖലയിലെ റെയ്‌നി ഗ്രാമത്തിന് മുകളിലായി തടാകം രൂപപ്പെടുന്നതായി റിപ്പോര്‍ട്ട്. അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയാണ് തടാകം രൂപപ്പെട്ടിരിക്കുന്നത്.
പ്രദേശത്ത് നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുന്നതിനാല്‍ സാഹചര്യം വിലയിരുത്താന്‍ സംസ്ഥാന ദുരന്ത നിവാരണ സേന സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തടാകം രൂപപ്പെടുന്നതായി ഉത്തരാഖണ്ഡ് ഡി.ജി.പി. അശോക് കുമാറും സ്ഥിരീകരിച്ചു.
സംസ്ഥാന ദുരന്ത നിവാരണ സേന സാഹചര്യം പരിശോധിച്ചതിന് ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഡി.ഐ.ജി. എസ്.ഡി.ആര്‍.എഫ്. റിഥിം അഗര്‍വാള്‍ പറഞ്ഞു. ഋഷിഗംഗയില്‍ വെള്ളം ഉയരുന്നതായും സമീപപ്രദേശങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ചമോലി പോലീസ് അറിയിച്ചിരുന്നു.
വെള്ളപ്പാച്ചിലില്‍ മണ്ണും സിമന്റും അടിഞ്ഞ എന്‍ടിപിസിയുടെ തപോവന്‍-വിഷ്ണുഗഡ് വൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമം ആറാം ദിവസവും തുടരുകയാണ്. തുരങ്കത്തില്‍ 35 പേരെങ്കിലും ഇപ്പോഴും അകപ്പെട്ടുകിടക്കുകയാണെന്നാണു നിഗമനം.
ടണലില്‍ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ മാറ്റി ഉള്ളില്‍ കടക്കുന്നതിനു പകരം അവിശിഷ്ടങ്ങള്‍ക്കിടയിലൂടെ തുരന്ന് അകത്ത് കടക്കാനുള്ള ശ്രമമാണു നടത്തുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ദ്വാരമുണ്ടാക്കി ടണലിനുള്ളിലേക്ക് ഓക്‌സിജന്‍ പമ്പ് ചെയ്തുവിടാനുള്ള ശ്രമവും നടത്തുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
ഇന്നലെ ഋഷിഗംഗയില്‍ നേരിയതോതില്‍ ജലനിരപ്പുയര്‍ന്നതോടെ ഉച്ചയ്ക്കു 2.30 മുതല്‍ 4 വരെ തപോവനിലെ പ്രധാനതുരങ്കത്തിലും റേനി ഗ്രാമത്തിലും രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. രണ്ടു മണിക്കൂറിനു ശേഷമാണ് രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചത്. ഇതുവരെ 36 മൃതദേഹങ്ങളാണു കണ്ടെടുത്തത്. ഇനി 169 പേരെ കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല