1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2021

സ്വന്തം ലേഖകൻ: കുവൈത്തിലേക്കും സൗദിയിലേക്കും പോകാൻ ദുബായിലെത്തി കുടുങ്ങുന്നവരുടെ വാർത്തകൾ പുറത്തുവന്നിട്ടും കൂടുതൽ പേർ വീണ്ടും എത്തുന്നെന്ന് കോൺസുലേറ്റ്. അതത് രാജ്യങ്ങൾ അതിർത്തികൾ തുറക്കാതെയും വിമാന സർവീസ് ആരംഭിക്കാതെയും ആരും അവിടങ്ങളിലേക്ക് പോകാൻ ശ്രമിക്കരുതെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻപുരി അഭ്യർഥിച്ചു. ഇന്നലെയും 35 മലയാളികൾ ദുബായിൽ എത്തിയിരുന്നു.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഈ രാജ്യങ്ങളിലേക്ക് പോകാൻ ആരും തുനിയരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. ഐപിഎഫ്, കെഎംസിസി, ഷാർജ ഇന്ത്യൻ അസോസിയേഷൻ, മർക്കസ് തുടങ്ങിയവയുടെ ഭാരവാഹികളുമായി ഈ വിഷയം കോൺസുലേറ്റ് അധികൃതർ ചർച്ച ചെയ്തു.

ഭീമമായ തുക നൽകി ദുബായിലെത്തി ക്വറന്റീനിൽ കഴിഞ്ഞിട്ടു പോകുന്നത് പ്രായോഗികമല്ല. കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ഇതിലെ അപകടവും എല്ലാവരും തിരിച്ചറിയണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. 1400 പേരാൺ് ഇങ്ങനെ ഇരുരാജ്യങ്ങളിലേക്കും പോകാനായി എത്തി ദുബായിൽ കുടുങ്ങിയത്.

യുഎഇയിൽ കുടുങ്ങിയ സൗദി, കുവൈത്ത് വീസക്കാർക്കു തിരിച്ചുപോകാൻ 330 ദിർഹത്തിന് ടിക്കറ്റ് നൽകുമെന്ന് എയർ ഇന്ത്യാ എക്സപ്രസ് അറിയിച്ചിട്ടുണ്ട്. ദുബായ്, ഷാർജ സെക്ടറുകളിലെ വിമാനങ്ങളിലാണ് ഈ സൗകര്യമെന്നു എയർലൈൻ ട്വീറ്റ് ചെയ്തു.

കൊവിഡ് വ്യാപനം ശക്തമായതിനാൽ അടിയന്തര ആവശ്യമില്ലാത്തവർ ഇന്ത്യൻ കോൺസുലേറ്റിൽ നേരിട്ട് എത്തുന്നത് ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. ഓൺലൈൻ ഉൾപ്പടെ വിവിധ മാർഗങ്ങളിലൂടെ കോൺസുലേറ്റുമായി ബന്ധപ്പെടാം.

80046342 എന്ന ടോൾഫ്രീ നമ്പരിൽ 24 മണിക്കൂർ സേവനം ലഭ്യമാണ്. PBSK ആപ് വഴിയും ബന്ധപ്പെടാം. pbsk.dubai@mea.gov.in എന്ന മെയിലിലോ 0543090571 എന്ന വാട്സാപ്പിലോ ബന്ധപ്പെടാമെന്നും അറിയിച്ചു. എല്ലാവരും യുഎഇ ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശം ശക്തമായി പാലിക്കണമെന്നും അഭ്യർഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.