
സ്വന്തം ലേഖകൻ: കുവൈത്തില്‍ 2020-2021 അധ്യായന വര്‍ഷം ഇ ലേണിംഗ് തുടരുമെന്ന് കുവൈത്ത് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.അലി അല്‍ മുദാഫ് അറിയിച്ചു.
രാജ്യത്ത് അടുത്ത കുറെ ദിവസങ്ങളായി പ്രതിദിന കൊവിഡ് രോഗികള്‍ ആയിരം എത്തിയ സാഹചര്യത്തിലാണ് കൊവിഡ് പ്രതിരോധ നടപടികള്‍ വീണ്ടും ശക്തമാക്കുന്നതിന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചത്. എന്നാല്‍ സ്‌കൂള്‍ വിദ്യാഭ്യാസം ക്രമേണ സാധാരണ അധ്യയനത്തിലേക്ക് കൊണ്ടുവരുന്നതിന് മന്ത്രാലയം ശ്രമിക്കുന്നതിനിടയിലാണ് വീണ്ടും കൊവിഡ് രോഗികള്‍ ഗണ്യമായി വര്‍ധിച്ചത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് ഇ ലേണിംഗ് സംവിധാനം തുടരുന്നതിന് തീരുമാനിച്ചതെന്നും മന്ത്രി വിശദീകരിച്ചു. ഇതനുസരിച്ചു രാജ്യത്തെ എല്ലാ പൊതു സ്‌കൂളുകളും സ്വകാര്യ സ്‌കൂളുകളും മതകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇ ലേണിംഗ് സംവിധാനം തുടരണം.
അന്താരാഷ്ട്ര തലത്തില്‍ നിലവിലുള്ള കൊവിഡ് പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചു സ്‌കൂള്‍ വിദ്യാഭ്യാസം ഇ ലേണിംഗ് സംവിധാനത്തില്‍ തുടരണമെന്നും കൂടാതെ സ്‌കൂള്‍ ഫീസ് വെട്ടി കുറക്കണമെന്നും പാര്‍ലമെന്റ് അംഗം ഒസാമ അല്‍ മുനവാര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.
സ്വകാര്യ സ്‌കൂളുകളിലും യൂണിവേഴ്‌സിറ്റികളിലും മറ്റു എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിവിലുള്ള ഫീസ് കുറക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം നടപടി സ്വീകരിക്കണമെന്നും എം പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.
ഷാർജയിലും 100% ഓൺലൈൻ അധ്യയനം
നഴ്സറി ക്ലാസുകളടക്കം നൂറു ശതമാനം ഓൺലൈൻ ക്ലാസിലേക്ക് മാറ്റിയതായി അധികൃതർ.കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണിത്. സർക്കാർ, സ്വകാര്യ സ്കൂളുകളെല്ലാം ഇനി മുതൽ ഓൺലൈൻ മാത്രമായിരിക്കും. ഷാർജ അടിയന്തര ദുരന്ത നിവാരണ സമിതി വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണിത്. ഈ മാസാവസാനം വരെ ക്ലാസുകൾ ഓൺ ലൈനിൽ തുടരാനാണു തീരുമാനം. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തീരുമാനം പുനഃപരിശോധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല