
സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയ കുവൈത്ത് 21 മുതൽ വിദേശികളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ, ഇന്ത്യയുൾപ്പെടെ യാത്രാനിരോധനമുള്ള 35 രാജ്യങ്ങളിൽനിന്ന് നേരിട്ടുള്ള വിമാന സർവീസ് ഇല്ല. എങ്കിലും, മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങിയതിനു ശേഷം കുവൈത്തിൽ പ്രവേശിക്കാം. ഇങ്ങനെ കുവൈത്തിലേക്കു പുറപ്പെട്ട ഒട്ടേറെ മലയാളികളാണ് ഇപ്പോൾ ദുബായിൽ കുടുങ്ങിയിട്ടുള്ളത്. 21 മുതൽ ഇവർക്കു യാത്ര സാധ്യമാകും.
കുവൈത്തിലേക്കുള്ള വിമാനത്തിൽ 35 യാത്രക്കാർ മാത്രമായിരിക്കണമെന്ന് നിബന്ധനയുണ്ട്. പ്രതിദിനം 100 പേർക്ക് മാത്രമാണു പ്രവേശനം. എന്നാൽ, അവിടെ നിന്നു പുറത്തേക്കുള്ള വിമാനങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണം ഇല്ല. കുവൈത്തിൽ എത്തുന്നവർക്ക് 7 ദിവസം സ്വന്തം ചെലവിൽ ഹോട്ടൽ ക്വാറൻറീനും 7 ദിവസം ഹോം ക്വാറൻറീനും നിർബന്ധമാണ്.
കുവൈത്തിലേക്ക് വരുന്നവർക്ക് നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീന് 43 ഹോട്ടലുകൾ സജ്ജം. ഹോട്ടൽ ഉടമകളുടെ സംഘടന പട്ടിക വ്യോമയാന വകുപ്പിനു കൈമാറി. കൂടുതൽ ഹോട്ടലുകൾ അസോസിയേഷനെ സമീപിച്ചിട്ടുണ്ട്. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തി പട്ടിക വിപുലപ്പെടുത്തുമെന്ന് അസോസിയേഷൻ വൃത്തങ്ങൾ വ്യക്തമാക്കി. kuwaitmosafer.com എന്ന ഒാൺലൈൻ പ്ലാറ്റ്ഫോം വഴിയാണ് ഹോട്ടലുകൾ ബുക്ക് ചെയ്യേണ്ടത്. ഏതു ഹോട്ടലുകൾ വേണമെന്ന് യാത്രക്കാരന് തീരുമാനിക്കാം.
ആറു രാത്രിയിലേക്കും ഏഴു പകലിലേക്കും കുറഞ്ഞ നിരക്ക് 120 ദീനാറും കൂടിയ നിരക്ക് 330 ദീനാറുമാണ്. ത്രീ സ്റ്റാർ സിംഗ്ൾ റൂം 120 ദീനാർ, ഡബ്ൾ റൂം 180 ദീനാർ, ഫോർ സ്റ്റാർ സിംഗ്ൾ റൂം 180 ദീനാർ, ഡബ്ൾ റൂം 240 ദീനാർ, ഫൈവ് സ്റ്റാർ സിംഗ്ൾ റൂം 270 ദീനാർ, ഡബ്ൾ റൂം 330 ദീനാർ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഭക്ഷണത്തിന് ദിവസം ആറു ദീനാർ മുതൽ 10 ദീനാർ വരെ ഇൗടാക്കും.
വിമാനത്താവളത്തിലും ഏഴാം ദിവസവും ആർടി പിസിആർ പരിശോധന നടത്തും. Kuwait Mosafer ആപ്പിലൂടെ ഹോട്ടൽ ബുക്കിങ് ഉറപ്പാക്കിയ ശേഷം മാത്രമേ യാത്രക്കാരെ പ്രവേശിപ്പിക്കൂ. പുതിയ നിബന്ധനകൾ പ്രവാസികളുടെ യാത്രച്ചെലവ് ഇരട്ടിയാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല