
സ്വന്തം ലേഖകൻ: യുഎസിലെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം മൂലം ജനജീവിതം ഏറെക്കുറെ നിശ്ചലമായി. കനത്ത മഞ്ഞുവീഴ്ചയും മൈനസിന് താഴെ തുടരുന്ന താപനിലയും മൂലം ടെക്‌സാസിലെ സ്ഥിതിയാണ് കൂടുതല്‍ രൂക്ഷമായി തുടരുന്നത്. വിവിധ സംസ്ഥാനങ്ങളിലായി 21 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കാലാവസ്ഥ ഇതേ രീതിയില്‍ തുടര്‍ന്നാല്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
2.7 ദശലക്ഷം വീടുകളില്‍ വൈദ്യുതി നിലച്ചിരിക്കുകയാണ്. ഇത് മൂലം വീടുകള്‍ക്കുള്ളില്‍ താപനില വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത നിലയിലാണ്. പ്രകൃതി വാതക കിണറുകള്‍, വിതരണത്തിനുള്ള കുഴലുകള്‍, കാറ്റാടി യന്ത്രങ്ങള്‍ എന്നിവ കനത്ത മഞ്ഞില്‍ തണുത്തുറഞ്ഞതോടെ തടസ്സപ്പെട്ട വൈദ്യുതി ഉത്പാദനവും വിതരണവും ഈ ആഴ്ച അവസാനത്തോടെ മാത്രമേ പുനഃസ്ഥാപിക്കാന്‍ സാധിക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു.
കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് റോഡുകള്‍ വിജനമാണ്. ശുദ്ധജല വിതരണവും ഭാഗികമായി തടസ്സപ്പെട്ട നിലയിലാണ്. ഹൂസ്റ്റണിലെ ആശുപത്രികളിലും ടെക്‌സാസിലെ ഭൂരിഭാഗം വീടുകളിലും ജലവിതരണം നിലച്ചതായാണ് റിപ്പോര്‍ട്ട്. 21 പേരുടെ മരണം സ്ഥിരീകരിച്ചുവെങ്കിലും കൂടുതല്‍ പേര്‍ മരിച്ചിരിക്കാൻ ഇടയുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
പ്രധാനമായും പ്രകൃതിവാതകമാണ് ടെക്‌സാസില്‍ ഊര്‍ജ്ജോത്പാദനത്തിന് ഉപയോഗിക്കുന്നത്. പ്രതികൂല കാലാവസ്ഥ ഊര്‍ജ്ജോത്പാദനത്തെ രൂക്ഷമായി തന്നെ ബാധിച്ചിരിക്കുകയാണ്. ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി ടെക്‌സാസില്‍ അടിയന്തരമായി ജനറേറ്ററുകള്‍ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അനുമതി നല്‍കിക്കഴിഞ്ഞു.
അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ വീടുകളുപേക്ഷിച്ച് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കൂട്ടം കൂടുന്നത് കോവിഡ് വ്യാപനം വര്‍ധിപ്പിക്കുമെന്ന് ആശങ്കയും നിലനില്‍ക്കുന്നു. വാക്‌സിന്‍ വിതരണവും താത്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.
ടെക്‌സാസ് കൂടാതെ ലൂസിയാന, കെന്റക്കി, മിസ്സോറി എന്നീ സംസ്ഥാനങ്ങളിലും കനത്ത മഞ്ഞു വീഴ്ച തുടരുകയാണ്. നാലിഞ്ചിന് മേല്‍ കനത്തിലാണ് ടെക്‌സാസില്‍ മഞ്ഞുവീഴ്ച. മിസ്സിസിപ്പി, വര്‍ജീനിയ എന്നിവടങ്ങളിലും കാലാവസ്ഥ കൂടുതല്‍ മോശമാകുമെന്ന് മുന്നറിയിപ്പുണ്ട്. മിതമായ ശൈത്യകാലം അനുഭവപ്പെടുന്ന സംസ്ഥാനങ്ങളില്‍ അപ്രതീക്ഷിതമായെത്തിയ അതിശൈത്യം അതിജീവിക്കാനുള്ള ശ്രമത്തിലാണ് അധികൃതരും ജനങ്ങളും.
അതിനിടെ അരിസോനയിൽ കോവിഡ് 19 രോഗികളുടെ എണ്ണം 8,00,000 കവിഞ്ഞതായും മരണ സംഖ്യ15,000 ത്തിലധികമായതായും ഫെബ്രുവരി 17ന് പുറത്തിറക്കിയ പ്രസ്താവനയിൽ സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതർ സ്ഥിരീകരിച്ചു.
ജനുവരി മധ്യത്തോടെ ഉയർന്ന രോഗവ്യാപനവും, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണവും താങ്ക്സ് ഗിവിങ്ങിനു ശേഷം കുറഞ്ഞുവരുന്നതായും അധികൃതർ പറയുന്നു.കഴിഞ്ഞ ആഴ്ച 90,406 പേർക്ക് കോവിഡ് 19 പരിശോധന നടത്തിയപ്പോൾ 9 ശതമാനം മാത്രമായിരുന്നു പോസിറ്റീവ് ഫലം.
രോഗലക്ഷണങ്ങൾ പ്രകടമാക്കാത്ത ചില രോഗികൾ രോഗം പരത്തുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നതായി ആരോഗ്യ വകുപ്പ് സംശയിക്കുന്നു. ചെറിയ ചുമയോ, നേരിയ പനിയോ ഉള്ളവർ രോഗലക്ഷണങ്ങൾ കാര്യമാക്കാതെ പുറത്തിറങ്ങി മറ്റുള്ളവരുമായി ബന്ധപ്പെടുന്നത് അപകടകരമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം സ്റ്റുഡന്റ് ലോൺ, സ്റ്റിമുലസ് ചെക്ക്, 15 ഡോളർ മിനിമം വേതനം തുടങ്ങിയ നിരവധി വിഷയങ്ങളിൽ ബൈഡൻ വ്യക്തമായ തീരുമാനമെടുക്കാത്തതിൽ പ്രതിഷേധം ശക്തമാകുകയാണ്. 50,000 ഡോളർ വരെയുള്ള സ്റ്റുഡന്റ് ലോൺ എഴുതി തള്ളൽ സമീപ ഭാവിയിലൊന്നും സാധ്യമല്ലെന്ന സൂചനയാണ് പ്രസിഡൻ്റ് നൽകുന്നത്.
ബെർണി സാന്റേഴ്സ് ഉൾപ്പെടെയുള്ള ഡമോക്രാറ്റിക് സെനറ്റർമാർ തിരഞ്ഞെടുപ്പ് വാഗ്ദാനമായി ഉയർത്തി കാട്ടിയ വിദ്യാർഥികളുടെ ഈ ആവശ്യം അംഗീകരിക്കുമെന്ന വിശ്വാസത്തിൽ പതിനായിര കണക്കിന് വിദ്യാർത്ഥികളാണു ബൈഡന് അനുകൂലമായി വോട്ട് ചെയ്തത്. ബൈഡൻ അധികാരമേറ്റ ഉടനെ നടത്തിയ പ്രസ്താവനയിലും സ്റ്റുഡന്റ് ലോൺ ഒഴിവാക്കുമെന്ന് സൂചന നൽകിയിരുന്നു.
എന്നാൽ 43 മില്യൺ വിദ്യാർഥികൾക്ക് ഫെഡറൽ സഹായമായി നൽകിയിരുന്ന വിദ്യാഭ്യാസ ധനം 50,000 ഡോളർ വീതം എഴുതി തള്ളണമെങ്കിൽ ഖജനാവിൽ നിന്നും 1 ട്രില്യൺ ഡോളർ എങ്കിലും ചെലവാക്കേണ്ടി വരുമെന്നാണ് ഇപ്പോൾ ബൈഡൻ പറയുന്നത്. ഈ ഭീമമായ തുക കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനും, കമ്മ്യൂണി കോളേജുകളിൽ സൗജന്യ പഠനത്തിനും ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലതെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല