1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2021

സ്വന്തം ലേഖകൻ: യുകെയിൽ പ്രതിദിന കൊറോണ വൈറസ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങിക്കൂട്ടരുതെന്ന് ബ്രിട്ടീഷ് സൂപ്പർമാർക്കറ്റുകൾ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കാലിയായ ഷെൽഫുകളാണ് സൂപ്പർ മാർക്കറ്റുകൾ നേരുടുന്ന പ്രധാന വെല്ലുവിളിയെന്ന് ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം (ബിആർസി) അംഗങ്ങൾ പുറത്തുവിട്ട സംയുക്ത പ്രസ്താവനയിൽ പറയുന്നു. യുകെയിൽ എല്ലാവർക്കും ആവശ്യത്തിന് ഭക്ഷണം ഉണ്ടെന്ന് ഉറപ്പാക്കാൻ ഉപഭോക്താക്കൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കാണമെന്നും പ്രസ്താവനയിൽ ഊന്നിപ്പറയുന്നുണ്ട്.

കൊവിഡ് വ്യാപനം തടയുന്നതിന് പൊതുജനങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഉഭോക്താക്കൾക്ക് ആവശ്യമായ ഇനങ്ങൾ ലഭിക്കുന്നു എന്ന് ഉറപ്പാക്കാൻ ചില്ലറ വ്യാപാരികൾ “മുഴുവൻ സമയവും“ പ്രവർത്തിക്കുന്നതായും ബിആർസി പറയുന്നു. ഷെൽഫുകൾ കാലിയാകുന്നില്ല എന്ന് ഉറപ്പു വരുത്താൻ സൂപ്പർ മാർക്കറ്റുകൾ സർക്കാരുമായും വിതരണക്കാരുമായും സഹകരിച്ച് പ്രവർത്തിക്കുന്നു. വരും ദിവസങ്ങളിൽ കൂടുതൽ സ്റ്റോർ ഡെലിവറികൾക്കായി പരമാവധി ശ്രമിക്കുന്നതായും ബിആർസി കൂട്ടിച്ചേർത്തു.

മറുവശത്ത് ഇയു രാജ്യങ്ങളിലെ ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള സൂപ്പർ മാർക്കറ്റ് ശൃംഖലകൾ ബ്രെക്സിറ്റിൻ്റെ ചുവപ്പു നാടകളിൽ കുരുങ്ങി വലയുകയാണ്. ബ്രെക്സിറ്റ് പൂർത്തിയായതോടെ യുകെയിൽ നിന്ന് സാധനങ്ങൾ ലഭിക്കുന്നതിൽ കടുത്ത ബുദ്ധിമുട്ട് നേരിടുന്നതായി സൂപ്പർ മാർക്കറ്റുകൾ വ്യക്തമാക്കുന്നു. മിക്ക സൂപ്പർ മാർക്കറ്റ് ചെയിനുകളും നിലവിൽ ഐറിഷ് കമ്പനികളെയാണ് അവശ്യ സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പാക്കാൻ ആശ്രയിക്കുന്നത്.

ബ്രസൽസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബ്രിട്ടീഷ് സൂപ്പർ മാർക്കറ്റ് ചെയിനായ സ്റ്റോൺമാനറിന് പുതുവർഷത്തിന് ശേഷം യുകെയിൽ നിന്ന് ഒരു ഡെലിവറി പോലും ലഭിച്ചിട്ടില്ല. സാധനങ്ങളുടെ ക്ഷാമം മൂലം 40 വർഷത്തിനിടെ ഇതാദ്യമായി വാരാന്ത്യത്തിൽ രണ്ട് സ്റ്റോറുകൾ അടച്ചിടാനും സ്റ്റോൺമാനർ നിർബന്ധിതരായി.

വിപുലമായ തയ്യാറെടുപ്പുകൾ ഉണ്ടായിരുന്നിട്ടും യുകെയിൽ നിന്ന് യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നത് വളരെ സങ്കീർണ്ണമായി തുടരുന്നതായി മറ്റൊരു സൂപ്പർ മാർക്കറ്റ് ചെയിനായ മാർക്ക്സ് ആൻ്റ് സ്‌പെൻസറും സ്കൈ ന്യൂസിനോട് വ്യക്തമാക്കി. പ്രത്യേകിച്ചും പുതിയ ഭക്ഷ്യ ഉൽപന്നങ്ങൾ വിതരണത്തിലാണ് ഇതിൻ്റെ ആഘാതം ശരിക്കും വ്യക്തമാകുന്നത്.

അതിനിടെ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 12,718 പുതിയ കൊറോണ വൈറസ് കേസുകളും 738 മരണങ്ങളുമാണ് ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നുവെന്നതിന്റെ സൂചനകൾക്കിടയിലാണ് പ്രതിദിന കേസുകളിൽ വീണ്ടും വർധന. യുകെയുടെ ചില ഭാഗങ്ങളിൽ ഇപ്പോൾ വൈറസ് വ്യാപനം വർദ്ധിച്ചുവരികയാണെന്ന് വിവിധ പഠനങ്ങളും മുന്നറിയിപ്പ് നൽകുന്നു.

സ്‌കോട്ട്‌ലൻഡിലും വടക്കൻ അയർലൻഡിലും യോർക്ക്‌ഷയർ, നോർത്ത് ഈസ്റ്റ്, ഇംഗ്ലണ്ടിലെ ഈസ്റ്റ് മിഡ്‌ലാന്റ്സ് എന്നിവിടങ്ങളിലും കോവിഡിന്റെ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ആളുകളുടെ എണ്ണം വീണ്ടും ഉയർന്നതായി കിംഗ്സ് കോളേജിൻ്റെ കണക്കുകൾ വെളിപ്പെടുത്തുന്നു. മറ്റ് കണക്കുകളും സൂചിപ്പിക്കുന്നത് കൊവിഡിൻ്റെ രണ്ടാം തരംഗം ഒരിടവേളയ്ക്ക് ശേഷം വീണ്ടും ശക്തി പ്രാപിക്കുന്നു എന്നാണ്.

ഈ പുതിയ കണക്കുകൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്കും തിരിച്ചടിയായേക്കും. കടുത്ത നിയന്ത്രണങ്ങൾ അവസാനിക്കുന്നതിനു മുമ്പ് കൊവിഡ് വ്യാപനവും പ്രതിദിന കേസുകളും പൂജ്യത്തോട് അടുത്ത് വേണമെന്ന് ഡോക്ടർമാരും ശാസ്ത്രജ്ഞരും മുന്നറിയിപ്പ് നൽകുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.

പബ്ബുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ എന്നിവ വീണ്ടും തുറക്കുന്നത് സംബന്ധിച്ചുള്ള അൺലോക്ക് റോഡ് മാപ്പ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തിങ്കളാഴ്ച അവതരിപ്പിക്കാനിരിക്കുകയാണ്. വീണ്ടുമൊരു ലോക്ക് ഡൗണിനുള്ള സാദ്ധ്യതകൾ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് ജാഗ്രതയോടെയും വിവേകപൂർണ്ണവുമായ സമീപനമായിരിക്കും നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിൽ എന്ന് ജോൺസൺ കഴിഞ്ഞ ദിവസം ഉറപ്പ് നൽകിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.