
സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് വരുന്നവർ കൊവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കേന്ദ്ര സർക്കാറിെൻറ പുതിയ നിർദേശം പ്രവാസികൾക്ക് അപ്രതീക്ഷിത ആഘാതമായി. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് സർട്ടിഫിക്കറ്റാണ് വേണ്ടത്. ഇത് സുവിധ പോർട്ടലിൽ അപ്ലോഡ് ചെയ്ത് എയർപോർട്ടിൽ ഹാജരാക്കിയാൽ മാത്രമേ വിമാനത്തിൽ കയറാൻ അനുവദിക്കൂ. ഇതിന് പുറമെ, നാട്ടിലെത്തുന്ന വിമാനത്താവളത്തിൽവെച്ച് വീണ്ടും കൊവിഡ് പരിശോധനക്ക് വിധേയരാകണം. ഇതിനുള്ള പണം യാത്രക്കാർ അടക്കണമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്.
ഫെബ്രുവരി 22 മുതൽ പുതിയനിയമം പ്രാബല്യത്തിൽ വരുന്നതോടെ പ്രവാസികളുടെ യാത്ര ദുഷ്കരമാകും. ഇതുവരെ ബഹ്റൈനിൽനിന്ന് നാട്ടിലേക്ക് പോകുന്നതിന് ഇത്തരം നിബന്ധനകളില്ലായിരുന്നു. സുവിധ വെബ്സൈറ്റിൽ നാട്ടിലെ വിലാസവും മറ്റ് വിവരങ്ങളും ചേർക്കുകയും ക്വാറൻറീനിൽ കഴിഞ്ഞുകൊള്ളാമെന്ന സത്യവാങ്മൂലം നൽകുകയും ചെയ്താൽ മതിയായിരുന്നു. നാട്ടിലെ വിമാനത്താവളത്തിലും കൊവിഡ് പരിശോധന നിർബന്ധമായിരുന്നില്ല. ഇതിനാണ് ഇപ്പോൾ മാറ്റം വരുന്നത്.
കൊറോണ വൈറസിെൻറ പുതിയ വകഭേദം വ്യാപകമാകുന്ന സാഹചര്യത്തിലാണ് പുതിയ നിബന്ധനകൾ കൊണ്ടുവന്നിരിക്കുന്നത്. കൊവിഡ് വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങൾ അനിവാര്യമാണെങ്കിലും പ്രവാസികൾക്ക് മാത്രമേ ഇത്തരം നിയന്ത്രണങ്ങൾ ബാധകമാകുന്നുള്ളൂ എന്നാണ് പ്രവാസി സംഘടനാ ഭാരവാഹികളുടെ ആരോപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല