
സ്വന്തം ലേഖകൻ: ടെക്സസിൽ ഒരാഴ്ചയായി നീണ്ടു നിൽക്കുന്ന അതിശൈത്യവും മഞ്ഞുവീഴ്ചയും സ്ലീറ്റും സംസ്ഥാനത്തെ സംബന്ധിച്ചിടുത്തോളം ഏറ്റവും ചെലവേറിയ ദുരന്തമാണെന്ന് റിപ്പോർട്ടുകൾ. മഞ്ഞും പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും കുറഞ്ഞ താപനിലയും വളരെ വലിയ ഇൻഷുറൻസ് ക്ലെയിമുകളും ഇതുവരെയില്ലാത്ത സാഹചര്യമാണ് 254 കൗണ്ടികളിലും സൃഷ്ടിച്ചിരിക്കുന്നത്.
ഈ ദുരന്തത്തിലെ നഷ്ടം ഹരികെയ്ൻ ഹാർവീയെക്കാൾ വലുതായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം. ഹാർവീയുടെ നഷ്ടം 19 ബില്യൺ ഡോളർ (ഇന്നത്തെ നിലവാരത്തിൽ 20.1 ബില്യൺ ഡോളർ) ആയിരുന്നു. ഇതിൽ ഭവന, വാഹന, വാടക, ബിസിനസ് ഇൻഷുറൻസ് മാർക്കറ്റ് നഷ്ടങ്ങൾ മാത്രമേ ഉൾപ്പെടുത്തിയിരുന്നുള്ളൂ. പബ്ലിക്ക് ഇൻഫ്രാസ്ട്രക്ചർ, എനർജി പൈപ്പ് ലൈനുകൾ, സമ്മർദ്ദം ഏറെ നേരിട്ട പവർപ്ലാന്റുകൾ എന്നിവയിൽ നിന്നുണ്ടായ നഷ്ടം ഇവ ഇവയ്ക്കു പുറമെയാണ്.
ടെക്സസിലെ അഞ്ചാമത്തെ വലിയ ഇൻഷുറൻസ് കമ്പനിയായ യുഎസ്എയ്ക്ക് ഇതുവരെ 20,000 ക്ലെയിമുകൾ ലഭിച്ചപ്പോൾ ഹരിക്കേനുകളും പൈപ്പുകൾ പൊട്ടുന്നതും കവർ ചെയ്യുന്ന പോളിസികൾ വിറ്റ കമ്പനികൾ എന്തു ചെയ്യണമെന്നറിയാത്ത നിലയിലാണ്. സംസ്ഥാനം ഒട്ടാകെയുള്ള നാശനഷ്ടങ്ങൾ പ്ലമ്പർമാരിലും റൂഫ് കമ്പനികളിലും കാർപെന്റർമാരിലും വലിയ സമ്മർദ്ദമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
ഭവന ഉടമകളും വാടകക്കാരും മുൻകൂട്ടി വലിയ തുക ആവശ്യപ്പെടുന്ന കോൺട്രാക്ടർമാരെയും ശരിയായ ലൈസൻസോ സർട്ടിഫിക്കേറ്റോ ഇല്ലാത്തവരെയും ഒഴിവാക്കണമെന്ന് കൺസ്യൂമർ വാച്ച് ഡോഗിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കാർമെൻ ബാൽബർ പറയുന്നു. കൊടും തണുപ്പിൽ വൈദ്യുതി നിലക്കുമ്പോൾ ഹോട്ടലിലേയ്ക്കു മാറേണ്ടി വന്നാൽ ആ ചെലവ് ഇൻഷുറൻസ് കമ്പനി വഹിക്കേണ്ടതാണ്. ഇക്കാര്യത്തിൽ നേരത്തെ വ്യക്തത വരുത്തണമെന്നും ബൽബർ ഓർമ്മിപ്പിച്ചു.
അതിനിടെ ടെക്സസ് സംസ്ഥാനത്തിന്റെ കിഴക്കന്‍ തീരത്ത് ഒരു പുതിയ കൊടുങ്കാറ്റ് കൂടി ഉടലെടുക്കുന്നതായി കാലാവസ്ഥാ റിപ്പോർട്ടുകളുണ്ട്. സംസ്ഥാനത്തെ ദശലക്ഷക്കണക്കിന് ജനങ്ങള്‍ വൈദ്യുതിയുടെയും കുടിവെള്ളത്തിന്റെയും അഭാവത്തിൽ നരകിക്കുമ്പോഴാണ് പുതിയ മുന്നറിയിപ്പ്. കൊവിഡ് വാക്സീന് വിതരണം തടസ്സപ്പെടുത്തിയ പ്രതികൂല കാലാവസ്ഥ ഇതുവരെ 38 പേരുടെ ജീവനെടുത്തിട്ടുണ്ട്.
ടെക്സസിലെ ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് തുടര്‍ച്ചയായ ദുരിതങ്ങള്‍ നേരിടാന്‍ തയ്യാറായിരിക്കണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. അമേരിക്കയുടെ മധ്യതെക്കന്‍ ഭാഗങ്ങളില്‍ കുടിവെള്ള ക്ഷാമവും വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. ഐസ് ചൂടാക്കിയാണ് പലരും വെള്ളം കണ്ടെത്തുന്നത്. ഓസ്റ്റിന്‍ നഗരത്തിലെ ഏറ്റവും വലിയ ജലസംസ്കരണ കേന്ദ്രത്തിൽ വൈദ്യുതി നിലച്ചതാണ് പ്രശ്നം ഗുരുതരമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല