1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2021

സ്വന്തം ലേഖകൻ: ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ നിയമവിരുദ്ധമെന്ന് സര്‍ക്കാര്‍. നിലവിലുള്ള നിയമത്തില്‍ ഓണ്‍ലൈന്‍ റമ്മി കളിയെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് കേരള സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. 1960 ലെ കേരള ഗെയിമിങ് ആക്റ്റ് സെക്ഷന്‍ 14എയിലാണ് ഓണ്‍ലൈന്‍ റമ്മി കൂടി ഉള്‍പ്പെടുത്തി ഭേദഗതി വരുത്തിയത്. 1960 ലെ കേരള ഗെയിമിങ് നിയമത്തില്‍ ഓണ്‍ലൈന്‍ ഗാംബ്ലിങ്, ഓണ്‍ലൈന്‍ ബെറ്റിങ് എന്നിവ കൂടി ഉള്‍പ്പെടുത്തുന്നതില്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

ഓണ്‍ലൈന്‍ റമ്മിയും സമാനമായ ചൂതാട്ട പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്ന വെബ് പോര്‍ട്ടലുകള്‍ക്കെതിരെ ചലച്ചിത്ര സംവിധായകന്‍ പോളി വടക്കന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി നിര്‍ദേശം.

ഈ കേസില്‍ വിവിധ ഓണ്‍ലൈന്‍ റമ്മി പോര്‍ട്ടലുകളുടെ ബ്രാന്റ് അംബാസഡര്‍മാരായ ഇന്ത്യന്‍ ക്രിക്കറ്റ് കാപ്റ്റന്‍ വിരാട് കോഹ്ലി, അഭിനേതാക്കളായ തമന്ന ഭാട്ടിയ, അജു വര്‍ഗീസ് എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഓണ്‍ലൈന്‍ റമ്മി കളിയിലൂടെ ആളുകള്‍ക്ക് വന്‍തോതില്‍ പണം നഷ്ടപ്പെടുകയും അതുവഴി ഒരു ആത്മഹത്യ നടക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് പരാതിയെത്തിയത്.

കേരളത്തിലെ നിലവിലുള്ള നിയമം അനുസരിച്ച് പരസ്യമായി പണം വെച്ച് ചീട്ടുകളിക്കുന്നത് കണ്ടാല്‍ പോലീസിന് നിയമ നടപടി സ്വീകരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അടുത്തകാലത്ത് രംഗപ്രവേശം ചെയ്ത ഓണ്‍ലൈന്‍ റമ്മി കളി ഈ നിയമ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഈ പഴുത് മുതലെടുത്താണ് വലിയ പ്രചാരണത്തോടെ ഓണ്‍ലൈന്‍ റമ്മി ആപ്പുകള്‍ സജീവമായത്.

എന്നാല്‍ നിയമ ഭേദഗതി വന്നതോടെ ഈ ആപ്പുകള്‍ക്കെതിരെ പരാതി ലഭിക്കുന്ന മുറയ്ക്ക് പോലീസിന് നിയമ നടപടി സ്വീകരിക്കാന്‍ സാധിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.