
സ്വന്തം ലേഖകൻ: യുകെയില്‍ ആദ്യമായി കണ്ടെത്തിയ കൊവിഡിന്റെ വകഭേദം ജര്‍മനിയില്‍ കൂടുതൽ കരുത്തു നേടുന്നതായി റിപ്പോർട്ട്. വൈറസ് വേരിയന്റ് ബി. 1.1.7 എന്നറിയപ്പെടുന്ന ഈ വൈറസ് വകഭേദത്തിൻ്റെ ലക്ഷണങ്ങള്‍ മറ്റ് വേരിയൻ്റുകളിൽ നിന്ന് അൽപം വ്യത്യസ്തമായിട്ടാണു കാണപ്പെടുന്നത്.
ജർമ്മനിയിലെ റോബര്‍ട്ട് കോഹ് ഇന്‍സ്ററിറ്റ്യൂട്ട് (ആര്‍കെഐ) നടത്തിയ ഒരു പഠനത്തിൽ പുതിയ വകഭേദം ബാധിച്ച രോഗികൾ ചില പ്രത്യേക ലക്ഷണങ്ങളാൽ കഷ്ടപ്പെടുന്നുണ്ടെന്നാണ്. ലോകാരോഗ്യ സംഘടനയുടെ പ്രതിവാര എപ്പിഡെമോളജിക്കല്‍ റിപ്പോര്‍ട്ടില്‍ ഏറ്റവും പുതിയ കണക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്:
ഗന്ധം നഷ്ടപ്പെടുന്നതും രുചി കുറയുന്നതും ഇതിലേയ്ക്കുള്ള ആദ്യ ലക്ഷണമാണ്. ചുമ (40 ശതമാനം), പനി (27 ശതമാനം), മൂക്കൊലിപ്പ് (28 ശതമാനം), ഗന്ധം/രുചി (21 ശതമാനം), ന്യുമോണിയ (ഒരു ശതമാനം) തുടങ്ങിയ ലക്ഷണങ്ങളാണ് ഏറ്റവും ആദ്യം കാണപ്പെടുക. പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി അഞ്ചു/ആറു ദിവസങ്ങള്‍ക്കു ശേഷം ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളാണ് അനുഭവപ്പെടുക. ശരീരത്തിന്റെ ഉഷ്മാവ് പടിപടിയായി ഉയരുകയും ചെയ്യും.
കൂടാതെ ക്ഷീണം, കൈകാലുകളില്‍ വേദന, തൊണ്ടവേദന എന്നിവയുടെ ലക്ഷണങ്ങള്‍ ഈ വൈറസ് വേരിയന്റില്‍ കുറച്ചുകൂടി ശക്തിപ്രാപിക്കും. തലവേദന, ശ്വാസം മുട്ടല്‍, വയറിളക്കം, ഛര്‍ദ്ദി എന്നി ലക്ഷണങ്ങള്‍ പലപ്പോഴും സംഭവിക്കാറുണ്ട്.അമിതമായി ചുമ, വളരെ ക്ഷീണം അനുഭവപ്പെടുകയോ കൈകാലുകളില്‍ വേദനയോ തൊണ്ടവേദനയോ ഉണ്ടെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കണം.
70 രാജ്യങ്ങളില്‍ ഇപ്പോള്‍ ബി 1.1.7 കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് ഇത് 60 ആയിരുന്നു. ദക്ഷിണാഫ്രിക്കന്‍ മ്യൂട്ടേഷനും ഇപ്പോള്‍ 31 രാജ്യങ്ങളില്‍ എത്തിയിട്ടുണ്ട്. പുതിയ വകഭേദങ്ങള്‍ അതിവേഗത്തില്‍ വ്യാപിക്കുന്നതായി ഈ കണക്കുകള്‍ കാണിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ബി 1.351 എന്ന വകഭേദത്തിൽ ആന്റിബോഡി ന്യൂട്രലൈസേഷന് സാധ്യത കുറവാണ്. ഇതോടെ വാക്സിനേഷന്‍ ലഭിച്ച ആളുകള്‍ വീണ്ടും രോഗ ബാധിതരാകാമെന്ന ആശങ്കയും വ്യാപകമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല