
സ്വന്തം ലേഖകൻ: അറുപതു വയസ്സിന് മുകളിൽ പ്രായമുള്ളവർ കൊവിഡ് വാക്സിനേഷനായി ഹോട്ലൈൻ നമ്പറിൽ വിളിച്ച് മുൻകൂർ അനുമതി തേടണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. 402 770 77 എന്ന ഹോട്ലൈനിൽ രാവിലെ 7.00 മുതൽ രാത്രി 11.00 വരെ വിളിക്കാം. കൊവിഡ് അപകടസാധ്യത കൂടുതലുള്ളതിനാൽ 60 വയസ്സിന് മുകളിലുള്ളവർ വാക്സീൻ എടുക്കാൻ വിമുഖത കാട്ടരുതെന്നും അധികൃതർ നിർദേശിച്ചു.
സമൂഹ മാധ്യമങ്ങളിലൂടെയാണ് 60 വയസ്സിന് മുകളിലുള്ളവർ വാക്സീൻ എടുക്കണമെന്ന് മന്ത്രാലയത്തിന്റെ തുടർച്ചയായ ഓർമപ്പെടുത്തൽ. കൊവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരിൽ ഭൂരിഭാഗം പേരും 60 വയസ്സിന് മുകളിലുള്ളവരാണ്. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമായി വാക്സിനേഷൻ ബുക്കിങ്ങിനായി പ്രാഥമിക പരിചരണ കോർപറേഷനാണ് ഹോട്ലൈൻ ആരംഭിച്ചത്.
പൊതുജനങ്ങളിൽ വാക്സിനേഷന് താൽപര്യമുള്ളവർ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. രാജ്യത്ത് നിലവിൽ ഫൈസർ-ബയോടെക്, മൊഡേണ എന്നിവയുടെ വാക്സീൻ ആണ് വിതരണം ചെയ്യുന്നത്. വാക്സിനേഷൻ ക്യാംപെയ്ന്റെ ഭാഗമായി ഖത്തർ നാഷനൽ കൺവൻഷൻ സെന്ററിലും എല്ലാ ഹെൽത്ത് സെന്ററുകളിലും വാക്സിനേഷൻ പുരോഗമിക്കുകയാണ്.
സ്കൂൾ അധ്യാപകർ, ജീവനക്കാർ, കമ്യൂണിറ്റി അംഗങ്ങൾ എന്നിവർക്കാണ് കൺവൻഷൻ സെന്ററിലെ താൽക്കാലിക വാക്സിനേഷൻ കേന്ദ്രത്തിൽ വാക്സീൻ നൽകുന്നത്. ഫൈസർ-ബയോടെക് വാക്സീൻ 16 വയസ്സിന് മുകളിലുള്ളവർക്കും മൊഡേണ 18 വയസ്സിന് മുകളിലുള്ളവർക്കുമാണ് നൽകുന്നത്. അൽ വജ്ബ, ലിബൈബ്, തുമാമ ഹെൽത്ത്സെന്ററുകളിൽ മാത്രമാണ് മൊഡേണയുടെ വിതരണം.
സ്വദേശികൾക്കും പ്രവാസികൾക്കും വാക്സിനേഷൻ സൗജന്യമാണ്. ഹെൽത്ത് കാർഡ് ഇല്ലാത്തവർ റജിസ്ട്രേഷൻ നിരക്ക് നൽകണം. അധികൃതരുടെ ക്ഷണം ലഭിക്കുന്നവർക്ക് മാത്രമാണ് വാക്സിനേഷൻ. ഓൺലൈനിൽ റജിസ്റ്റർ ചെയ്തവരെ മുൻഗണനാപട്ടികയിലെ ഊഴം അനുസരിച്ച് ബന്ധപ്പെടുമെന്നും അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല