
സ്വന്തം ലേഖകൻ: കൊവിഡ് യാത്രാ നടപടികളിൽ ഇളവുള്ള 13 ഗ്രീൻ രാജ്യങ്ങളുടെ പട്ടിക അബുദാബി പുറത്തിറക്കി. സൗദി അറേബ്യ, ഖസാക്കിസ്ഥാൻ, മൊറോക്കോ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചത്. നേരത്തെ ഓസ്ട്രേലിയ, ഭൂട്ടാൻ, ബ്രൂണെ, ചൈന, ഗ്രീൻലാൻഡ്, ഹോങ്കോങ്, ഐസ് ലാൻഡ്, ഖസാക്കിസ്ഥാൻ, മൊറീഷ്യസ്, ന്യൂസീലൻഡ്, സിംഗപ്പൂർ എന്നീ രാജ്യക്കാർക്ക് ഇളവുണ്ടായിരുന്നു.
അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓരോ രാജ്യത്തെയും കോവിഡ് വ്യാപ്തി നിരീക്ഷിച്ച ശേഷം രണ്ടാഴ്ചയിൽ ഒരിക്കലാണ് പട്ടിക പരിഷ്കരിക്കുന്നത്.
ഗ്രീൻ രാജ്യങ്ങളിൽനിന്നു വരുന്നവർക്കു മുൻകൂട്ടി പിസിആർ ടെസ്റ്റ് വേണ്ട. എന്നാൽ അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ ഇവർ പിസിആർ പരിശോധനയ്ക്കു വിധേയമാകണം. ഫലം അറിയുന്നതുവരെ സ്വയം നിരീക്ഷണത്തിൽ കഴിയുകയും വേണം. നെഗറ്റീവാണെങ്കിൽ ക്വാറന്റീൻ ആവശ്യമില്ല. മറിച്ച് ഫലം പോസിറ്റീവാണെങ്കിൽ മാത്രം 10 ദിവസം ക്വാറന്റീൻ വേണം.
ഇന്ത്യ ഉൾപ്പെടുന്ന റെഡ് വിഭാഗം പട്ടികയിൽ നിന്നുള്ള രാജ്യക്കാർക്ക് ഐസിഎ അനുമതിക്കൊപ്പം 96 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്. ഒപ്പം അബുദാബിയിൽ 10 ദിവസത്തെ ക്വാറന്റീനും വേണം. വാക്സീൻ എടുത്തവരും വാക്സീൻ പരീക്ഷണത്തിൽ പങ്കാളികളായവരും റെഡ് രാജ്യങ്ങളിൽ നിന്നാണ് വരുന്നതെങ്കിൽ ക്വാറന്റീൻ നിർബന്ധമാണെന്നും പുതുക്കിയ മാർഗനിദേശങ്ങളിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല