
സ്വന്തം ലേഖകൻ: കോവിഡ് വാക്സിനെടുത്തവർക്ക് പ്രത്യേക ഡിസ്കൗണ്ടുകൾ നൽകാൻ കടകൾക്ക് അനുമതി നൽകി സൗദി വാണിജ്യ മന്ത്രാലയം. പൊതുജനാരോഗ്യ സുരക്ഷക്കും ആളുകളെ വാക്സിനെടുക്കുന്നതിന് പ്രോത്സാഹിപ്പിക്കാനുമാണ് ഉപഭോക്താക്കൾക്ക് കച്ചവട സ്ഥാപനങ്ങളിൽ പ്രത്യേക ഡിസ്കൗണ്ട് നൽകുന്നതിന് സേവനമൊരുക്കിയിരിക്കുന്നത്.
വാക്സിനെടുത്തവർക്ക് പ്രത്യേക ഡിസ്കൗണ്ട് നൽകാൻ കടയുടമകളെ അനുവദിക്കുന്നതാണ് പുതിയ സേവനം. എല്ലാ കച്ചവട കേന്ദ്രങ്ങൾക്കും കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഡിസ്കൗണ്ട് നൽകാനാകും. ഇതിനായി മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് നേടേണ്ട ആവശ്യമില്ല. കച്ചവട കേന്ദ്രങ്ങൾക്ക് അനുവദിച്ച വാർഷിക ഇളവുകളിൽ ഒരു കുറവുമുണ്ടാകില്ല. സേവനദാതാവിന് സാമ്പത്തിക ഫീസൊന്നും നൽകേണ്ടതില്ലെന്നും വാണിജ്യ മന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി.
സൗദിയിലെ ഹജ്ജ്, ഉംറ സേവന മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഇളവുകൾ പ്രഖ്യാപിച്ചു. ഹജ്ജ്, ഉംറ മേഖലയിലെ നിക്ഷേപകർ, വ്യക്തികൾ, സ്വകാര്യ മേഖല സ്ഥാപനങ്ങൾ എന്നിവർക്ക് ഇളവുകളുടെ പ്രയോജനം ലഭിക്കും. ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്കുള്ള ലെവി അടക്കാൻ ആറു മാസത്തെ ഇളവ് നൽകി.
മക്ക, മദീന നഗരങ്ങളിൽ താമസ സൗകര്യങ്ങൾക്കായി അനുവദിക്കുന്ന മുനിസിപ്പൽ വാണിജ്യ പ്രവർത്തന ലൈസൻസുകളുടെ വാർഷിക ഫീസ് ഒരു വർഷത്തേക്ക് ഒഴിവാക്കി. ഇരു നഗരങ്ങളിലെയും താമസ സൗകര്യങ്ങൾക്കായി ടൂറിസം മന്ത്രാലയ ലൈസൻസ് പുതുക്കാനുള്ള ഫീ ഒരു വർഷത്തേക്ക് സൗജന്യമാക്കി. ഈ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ താമസ രേഖ പുതുക്കാനുള്ള ഫീ ആറു മാസത്തേക്ക് ഒഴിവാക്കി. എന്നാൽ, ഇത് ഒരു വർഷത്തിനുള്ളിൽ തവണകളായി അടച്ചു തീർക്കണം.
തീർഥാടകരുടെ യാത്രകൾക്കായി സ്ഥാപനങ്ങൾ സർവിസ് നടത്തുന്ന ബസുകളുടെ ലൈസൻസ് (ഇസ്തിമാറ) ഫീ ഒരു വർഷത്തേക്ക് സൗജന്യമാക്കി. ഈ വർഷത്തെ ഹജ്ജിനായി ഒരുക്കുന്ന പുതിയ ബസുകളുടെ കസ്റ്റംസ് തീരുവ മൂന്ന് മാസത്തേക്ക് മാറ്റിവെക്കും. ഇത് നിശ്ചിത തീയതി മുതൽ നാല് മാസ കാലയളവിൽ തവണകളായി അടച്ചാൽ മതിയാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല