
സ്വന്തം ലേഖകൻ: പൂര്‍ണമായി കോവിഡ് പ്രതിരോധ കുത്തിവപ്പ് എടുത്തവര്‍ക്ക് മാസ്ക് ഇല്ലാതെ വീടുകളിലും മറ്റും ചെറു സംഘങ്ങളായി ഒത്തുകൂടാമെന്ന് അമേരിക്കന്‍ ഭരണകൂടം. എന്നാല്‍ അത്യാവശ്യങ്ങള്‍ക്കല്ലാത്ത യാത്രകള്‍ ഒഴിവാക്കുന്നതും പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കുന്നതും തുടരണമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ തിങ്കളാഴ്ച വ്യക്തമാക്കി. അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആണ് ഇത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
വാക്സിന് സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോഴും കോവിഡ് നിയന്ത്രണങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ മാത്രമേ അമേരിക്ക വരുത്തിയിട്ടുള്ളു എന്നത് ശ്രദ്ധേയമാണ്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് ജാഗ്രതയോടെയുള്ള സമീപനം തുടരാന്‍ തന്നെയാണ് സര്‍ക്കാര്‍ തലങ്ങളിലെ തീരുമാനം. കോവിഡ് ജാഗ്രത തുടരാനും സി.ഡി.സി നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും പ്രസിഡന്റ് ജോ ബൈഡന് കഴിഞ്ഞ ദിവസം ജനങ്ങളോട് അഭ്യര്‍ഥിച്ചു.
പൂര്‍ണമായി വാക്സിന് സ്വീകരിച്ചാലും വലിയ ജനപങ്കാളിത്തമുള്ള ഒത്തുകൂടലുകളില്‍ നടത്തരുതെന്നും വാക്സിന് സ്വീകരിക്കാത്തവരെയും വലിയ അപകട സാധ്യത ഉള്ളവരെയും സന്ദര്‍ശിക്കുമ്പോള്‍ മാസ്ക് ധരിക്കണമെന്നുമാണ് സി.ഡി.സി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നത്. ഇപ്പോഴും പ്രതിദിനം 60,000 പുതിയ കേസുകള്‍ ഉണ്ടാവുന്നുണ്ടെന്നും വാക്സിന് എടുക്കാത്തവരെയും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും സി.ഡി.സി ഡയറക്ടര്‍ റോഷലെ വലെന്‍സ്കി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
”നാം ഗുരുതരമായ ഒരു പകര്‍ച്ചവ്യാധിയുടെ നടുവിലാണ് കഴിയുന്നത്, എന്നിട്ടും നമ്മുടെ ജനസംഖ്യയുടെ 90 ശതമാനത്തിലധികം പേര്‍ക്കും പൂര്‍ണമായി പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടില്ല,” റോഷലെ പറഞ്ഞു. അതിനാല്‍, പ്രതിരോധ കുത്തിവയ്പ്പ് നടത്തിയാലും ഇല്ലെങ്കിലും എല്ലാവരും ഇടത്തരം വലുതും വലുതുമായ ഒത്തുചേരലുകളും അവശ്യമല്ലാത്ത യാത്രകളും ഒഴിവാക്കണം.
നിലവില്‍ 5,25,000 ല്‍ കൂടുതല്‍ ആളുകളാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡിന് മുന്‍പുണ്ടായിരുന്ന ജീവിതത്തിലേക്ക് മടങ്ങാന്‍ തീവ്രമായി ആഗ്രഹിക്കുന്ന അമേരിക്കന്‍ ജനത അതിനുള്ള ഏക മാര്‍ഗമായാണ് പ്രതിരോധ കുത്തിവെപ്പിനെ കാണുന്നത്. അമേരിക്കയിലെ ബിസിനസ് മേഖലയില്‍ ഉള്‍പ്പടെ കോവിഡ് വാക്സിന് സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല