
സ്വന്തം ലേഖകൻ: നോവല്‍ കൊറോണ വൈറസ് വുഹാനിലെ ചൈനീസ് ലാബോറട്ടറിയില്‍ നിന്ന് പടര്‍ന്നതാണെന്നതിന് നിലവില്‍ തെളിവുകളൊന്നുമില്ലെന്ന് ലോകാരോഗ്യസംഘടന ശാസ്ത്രജ്ഞര്‍. മറിച്ച് ചൈനയില്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ നടക്കുന്ന വന്യജീവി വ്യാപാരമായിരിക്കാം മഹാമാരിക്ക് കാരണമായതെന്നാണ് വിദഗ്ധരുടെ അനുമാനം.
കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ചൈനയില്‍ സന്ദര്‍ശനം നടത്തിയ വിദഗ്ധരാണ് വൈറസ് ചൈനീസ് ലാബില്‍ നിന്ന് ചോര്‍ന്നതാണെന്ന ഗൂഢാലോചനാ സിദ്ധാന്തത്തിന് വിരുദ്ധമായ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. ഒരു മാസം നീണ്ടുനിന്ന അന്വേഷണമാണ് വിദഗ്ധരുടെ സംഘം നടത്തിയത്. എന്നാല്‍ അന്വേഷണത്തില്‍ വൈറസിനെ മനഃപൂര്‍വം സൃഷ്ടിച്ചതാണെന്ന് തെളിയിക്കാനുളള യാതൊരു തെളിവുകളും തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
വുഹാനിലെ വെറ്റ് മാര്‍ക്കറ്റും വൈറസുകളെ വഹിക്കുന്ന വവ്വാലുകളുളള പ്രദേശങ്ങളും തമ്മിലുളള ഒരു ‘ലിങ്ക്’ തങ്ങള്‍ക്ക് കണ്ടെത്താനായതായും വിദഗ്ധര്‍ പറയുന്നു. ചൈനയില്‍ ആദ്യം കോവിഡ് ബാധ സ്ഥിരീകരിക്കുന്നത് മാര്‍ക്കറ്റിൽ എത്തിയവര്‍ക്കാണ്.
ഹ്വാനന്‍ മാര്‍ക്കറ്റിന് സമീപമുളള മൂന്ന് ലാബോറട്ടറികളില്‍ തങ്ങള്‍ സന്ദര്‍ശനം നടത്തിയതായി യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ റോട്ടര്‍ഡാമിലെ വൈറോസയന്‍സ് മേധാവി മരിയോണ്‍ കൂപ്മാന്‍ പറഞ്ഞു. മിഷന്‍ വുഹാന്‍ ദൗത്യവുമായി ബന്ധപ്പെട്ടുളള പ്രാഥമിക റിപ്പോര്‍ട്ട് അടുത്ത ആഴ്ച അന്വേഷണ സംഘം പ്രസിദ്ധീകരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല