
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണ നടപടികൾ ഉണ്ടായേക്കാമെന്ന ധാരണയിൽ ആളുകൾ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതായി റിപ്പോർട്ട്. എന്നാൽ, ഭക്ഷ്യക്ഷാമമുണ്ടാകില്ലെന്നും സാധനങ്ങൾ വാങ്ങിക്കൂേട്ടണ്ട കാര്യമില്ലെന്നും അധികൃതർ ഉറപ്പു നൽകുന്നു. സഹകരണ സംഘങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത തിരക്ക് അനുഭവപ്പെട്ടിരുന്നു.
അതേസമയം, കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ വാണിജ്യ മന്ത്രാലയത്തിെൻറ നിരീക്ഷണമുണ്ട്. കർഫ്യൂ ആരംഭിച്ചതിനുശേഷം ചില ഉൽപന്നങ്ങൾക്ക് വില വർധിച്ചിട്ടുണ്ടെങ്കിലും അസാധാരണ വർധനയില്ല. പല സമയങ്ങളിലായി പർച്ചേസിന് എത്തിയിരുന്നവർ പകൽ കേന്ദ്രീകരിക്കപ്പെട്ടതും തിരക്ക് വർധിക്കാൻ കാരണമായി. ഇൗ തിരക്ക് വൈറസ് വ്യാപനത്തിന് കാരണമാകുമെന്ന മുന്നറിയിപ്പ് ആരോഗ്യ വിദഗ്ധർ നൽകുന്നു.
കുവൈത്തിൽ ഒരു വർഷം വരേക്കുള്ള ഭക്ഷ്യ കരുതലുണ്ടെന്നാണ് വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കുന്നത്. ഏറ്റവും മോശമായ സാഹചര്യം ഉടലെടുത്ത് ഭക്ഷ്യ ഇറക്കുമതി അസാധ്യമായ ഘട്ടത്തിൽപോലും ഒരു വർഷംവരെ രാജ്യത്ത് ക്ഷാമമുണ്ടാവില്ല. ചിലപ്പോൾ ഒരുവർഷത്തിനപ്പുറവും ബാക്കിയുണ്ടാവുമെന്ന് സ്റ്റോക്ക് വിലയിരുത്തിയ ശേഷം അധികൃതർ പറഞ്ഞു. പൂർണ കർഫ്യൂ ഏർപ്പെടുത്തേണ്ടിവന്നാലും അവശ്യവസ്തുക്കൾ ലഭ്യമാക്കുന്നതിന് സംവിധാനമുണ്ടായിരിക്കും.
പൊതുവെ ആറു മാസം വരേക്കുള്ള സ്ട്രാറ്റജിക് സ്റ്റോക് കരുതാറുള്ള വാണിജ്യ മന്ത്രാലയം കോവിഡ് കാലത്ത് സംഭരണ ശേഷിയും ഇറക്കുമതിയും കൂട്ടി. ഭക്ഷ്യ സുരക്ഷയെ കരുതി ജനങ്ങൾ ഭയക്കേണ്ടതില്ലെന്നും സർക്കാർ തയാറെടുപ്പ് നടത്തിയിട്ടുണ്ടെന്നുമാണ് അധികൃതർ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല