
സ്വന്തം ലേഖകൻ: അമേരിക്കയിലെ അറ്റ്ലാന്റയിൽ മൂന്ന് മസാജ് പാര്‍ലറുകളിലായി നടന്ന വെടിവയ്പ്പിൽ എട്ട് പേരെ വെടിവച്ചു കൊന്നു. കുറ്റകൃത്യങ്ങള്‍ ഏഷ്യന്‍ വംശജരെ ലക്ഷ്യമിട്ടേക്കാമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ആറ് പേര് ഏഷ്യക്കാരും രണ്ട് പേര് വെള്ളക്കാരും ആണെന്ന് നിയമപാലകര്‍ പറഞ്ഞു. ഒരാള്‍ ഒഴികെ എല്ലാവരും സ്ത്രീകളായിരുന്നു.
അക്രമം നടത്തിയ ഇരുപത്തിയൊന്നുകാരനായ ജോർജിയൻ സ്വദേശി റോബർട്ട് ആരോൺ ലോംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. അറ്റ്ലാന്റയിൽനിന്ന് അന്‍പതു കിലോമീറ്റർ വടക്ക് അക്വർത്തിലെ യംഗ്സ് ഏഷ്യൻ മസാജ് പാർലറിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് ആദ്യം വെടിവയ്പുണ്ടായത്. വെടിവയ്പിൽ രണ്ടു പേർ സംഭവസ്ഥലത്തും മൂന്നു പേർ ആശുപത്രിയിലും മരിച്ചെന്ന് ചെറോക്കി കൺട്രി ഷെറീഫിന്റെ വക്താവ് അറിയിച്ചു. സ്പാ ജീവനക്കാരായ സ്ത്രീകളാണു മരിച്ചത്.
ഒരു മണിക്കൂറിനുള്ളിൽ ബക്ക്ഹെഡിലെ ഗോൾഡ് സ്പായിൽ വെടിവയ്പും മോഷണവുമുണ്ടായി. ഇവിടെ മൂന്നു സ്ത്രീകൾക്കു വെടിയേറ്റു. ബക്ക്ഹെഡിലെ തന്നെ അരോമതെറാപ്പി സ്പായിലുണ്ടായ വെടിവയ്പിൽ ഒരു സ്ത്രീ മരിച്ചതായും പോലീസ് അറിയിച്ചു. ഒരേ കാറിലെത്തിയ വ്യക്തിയാണ് അക്രമം നടത്തിയതെന്ന് സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ മനസിലായെന്ന് പോലീസ് പറഞ്ഞു.
വെടിവയ്പിൽ മരിച്ച നാലുപേർ ദക്ഷിണ കൊറിയക്കാരാണെന്നു ദക്ഷിണ കൊറിയൻ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ദക്ഷിണ കൊറിയയിൽ കൂടിക്കാഴ്ച നടത്തുന്നതിനിടെയാണു വെടിവയ്പുണ്ടായത്. സ്പാ വെടിവയ്പിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നടുക്കം രേഖപ്പെടുത്തി.
ഇതിനിടെ, മിൽവോക്കിയിലെ സൂപ്പർമാർക്കറ്റ് വിതരണ കേന്ദ്രത്തിലെ തൊഴിലാളി രണ്ട് സഹപ്രവർത്തകരെ വെടിവച്ച് കൊന്നു. മിൽവോക്കിയിൽനിന്ന് 48 കിലോമീറ്റർ പടിഞ്ഞാറ് ഒക്കോണോമോവോക്കിലാണ് വെടിവയ്പ് ഉണ്ടായത്. ഈ ഭാഗത്ത് ഫിലിപ്പന്‍സ്, കൊറിയ സ്വദേശികളുടെ നിരവധി സ്പാകളും ബ്യൂട്ടിപാര്‍ലറുകളും സലൂണുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്ക് കോവിഡ് സമയത്ത് വാക്സിനേഷൻ അടക്കമുള്ള കാര്യങ്ങളില്‍ സമതുലനം നല്‍കിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ രാജ്യവ്യാപകമായി ഏഷ്യന്‍ അമേരിക്കക്കാരെ ലക്ഷ്യമിട്ട് 3,800 ഓളം വിദ്വേഷ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. ചൊവ്വാഴ്ച നടന്ന വെടിവയ്പ്പ് ‘ഏഷ്യന്‍ അമേരിക്കന്‍ സമൂഹം തുടരുന്ന ഭയവും വേദനയും വർധിപ്പിക്കുകയേയുള്ളൂ’ എന്ന് എപിഎഐ സംഘം പറഞ്ഞു. നഗരത്തിലെ ഏഷ്യന്‍-അമേരിക്കന്‍ കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കുന്നതിനായി പട്രോളിംഗ് വർധിപ്പിക്കുമെന്ന് സിയാറ്റില്‍ പൊലീസ് വകുപ്പ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല