
സ്വന്തം ലേഖകൻ: കോവിഡുമായി ബന്ധപ്പെട്ട് നിബന്ധനകള്‍ കടുപ്പിച്ച് കര്‍ണാടക. നാളെമുതല്‍ സംസ്ഥാനത്ത് പ്രവേശിക്കാന്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബ്ബന്ധമാക്കി. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ സംസ്ഥാനത്തേക്ക് കടത്തിവിടേണ്ടെന്നാണ് തീരുമാനം. ഇന്ന് ഇളവ് നല്‍കുമെങ്കിലും നാളെ മുതല്‍ പരിശോധനകള്‍ കര്‍ക്കശമാക്കാനാണ് തീരുമാനം.
കര്‍ണാകടത്തില്‍ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന അനേകരെ തീരുമാനം ദോഷകരമായി മാറുമെന്നതിനാല്‍ നടപടി പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് കഴിഞ്ഞ ദിവസം കര്‍ണാടകാ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് തലപ്പാടിയിലെ അതിര്‍ത്തിയില്‍ പോലീസ് കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞു പരിശോധിച്ചു.
കഴിഞ്ഞ മാസവും കര്‍ണാടക കോവിഡ് വെച്ച് അതിര്‍ത്തികള്‍ അടച്ചിരുന്നു. കേന്ദ്രത്തിന്റെ അണ്‍ലോക്ക് ചട്ടങ്ങള്‍ ലംഘിച്ച് കര്‍ണാടക തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി കടക്കാന്‍ ആര്‍ടി-പിസിആര്‍ ടെസ്റ്റ നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു. ഇത് യാത്രക്കാരും അധികൃതരും തമ്മിലുള്ള തര്‍ക്കത്തിനും ഇടയാക്കിയിരുന്നു.
കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന ബംഗലുരു, കലബുര്‍ഗി, ബിദാര്‍ എന്നീ ജില്ലകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെട്ടതായി ബുധനാഴ്ച യദ്യൂരപ്പ പറഞ്ഞിരുന്നു. പ്രശ്‌നം പരിഹാരത്തിനും മുന്നൊരുക്കങ്ങള്‍ക്കുമായി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുമായുള്ള ഓണ്‍ലൈന്‍ മീറ്റിംഗിലായിരുന്നു മോഡി യദ്യൂരപ്പയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ജനങ്ങള്‍ കര്‍ശനമായും മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിക്കാനും കര്‍ണാടകാ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല