1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2021

സ്വന്തം ലേഖകൻ: യുഎഇയിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കിൽ വർധന. അവസാന നിമിഷം ടിക്കറ്റെടുക്കുന്നവർക്ക് ഇരട്ടി വർധന. കഴിഞ്ഞ ആഴ്ച വരെ 350 ദിർഹത്തിന് കിട്ടിയിരുന്ന ടിക്കറ്റ് 750 ദിർഹം വരെയായി. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് നിരക്ക് കൂടുതൽ. യുഎഇയിൽ വാർഷിക പരീക്ഷ കഴിഞ്ഞ് 3 ആഴ്ചത്തേക്കു സ്കൂൾ അടച്ചതും നിയമസഭ തിരഞ്ഞെടുപ്പും മൂലം നാട്ടിലേക്കുള്ള യാത്രക്കാരുടെ ഒഴുക്ക് കൂടിയതുമാണ് നിരക്കു വർധനയ്ക്കു കാരണം.

അതേസമയം കേരളത്തിൽ സ്കൂൾ അടയ്ക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേ പ്രവാസി കുടുംബങ്ങളുടെ ഗൾഫിലേക്കുള്ള വരവും കൂടി. കേരളത്തിൽ 1–9 വരെ വാർഷിക പരീക്ഷ വേണ്ടെന്നു വച്ചതും പഠനം ഓൺലൈനായതും കാരണം നേരത്തെ തന്നെ പ്രവാസി കുടുംബങ്ങൾ ഗൾഫിലേക്ക് വന്നു തുടങ്ങിയിരുന്നു.

സ്കൂൾ അടയ്ക്കുന്നതോടെ നിരക്ക് വർധനയിൽനിന്ന് രക്ഷപെടാനാണ് ചിലർ നേരത്തെ എത്തിയത്. ടിക്കറ്റ് ബുക്കിങ്ങിൽ വൻ വർധനയുണ്ടെന്നു ട്രാവൽ ഏജൻസികളും സൂചിപ്പിച്ചു. യുഎഇയിൽ 18 വയസ്സിനു താഴെയുള്ളവർക്ക് സൗജന്യ വീസ ലഭിക്കുമെന്നതാണ് കുടുംബങ്ങളെ ആക‍ർഷിക്കുന്ന മറ്റൊരു കാരണം.

കോവിഡ് നിയന്ത്രണം മൂലം നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചെത്താനുള്ള സമയപരിധി ഈ മാസം 31ന് അവസാനിക്കുന്നതിനാൽ യുഎഇയിലേക്കു വരുന്നവരുടെ എണ്ണം കുത്തനെ ഉയർന്നിരുന്നു. എന്നാൽ യാത്രക്കാരുടെ വർധനയ്ക്കു ആനുപാതികമായി വിമാന സർവീസുകളുടെ എണ്ണം കൂടാത്തതും നിരക്കിൽ പ്രതിഫലിക്കുന്നു.

യുഎഇയിൽ നിന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്കാണ് കൂടിയ നിരക്ക്. കണ്ണൂരിലേക്കു സർവീസ് പരിമിതമായതും ഡിമാൻഡ് കൂട്ടി. വാരാന്ത്യങ്ങളിൽ 750–850 ദിർഹമാണ് വൺവേ ടിക്കറ്റ് നിരക്ക്. നാലംഗ കുടുംബത്തിന് നാട്ടിൽ പോയി വരാൻ സാധാരണ നൽകുന്നതിന്റെ ഇരട്ടി തുക നൽകേണ്ടി വരുന്നതായി യാത്രക്കാർ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.