
സ്വന്തം ലേഖകൻ: ഓക്സഫഡ്- ആസ്ട്രസെനെക്ക വാക്‌സിന്‍ സുരക്ഷിതമാണെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും സാക്ഷ്യപ്പെടുത്തിയതോടെ വാക്‌സിന്‍ വിതരണം പുനരാരംഭിക്കാനൊരുങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍. ആസ്‌ട്രെസെനെക്ക വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് നേരത്തെ ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു.
വാക്‌സിൻ എടുത്തവരില്‍ രക്തം കട്ടപിടിക്കുന്ന ഏതാനും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ വാക്‌സിന്‍ ഉപയോഗം താത്കാലികമായി നിര്‍ത്തിവെക്കുന്നതായി അറിയിച്ചിരുന്നു. എന്നാല്‍, രക്തം കട്ടപിടിക്കുന്നതുമായി വാക്‌സിന് ഒരു ബന്ധവും കണ്ടുപിടിക്കാനായിട്ടില്ലെന്നും അതിനാല്‍ വാക്‌സിന്‍ ഉപയോഗം നിര്‍ത്തിവെക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു ലോകാരോഗ്യ സംഘടന വിശദീകരിച്ചത്.
ഇതിനു പിന്നാലെയാണ് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും ഓക്സ്ഫഡ് വാക്‌സിന് പച്ചക്കൊടി കാണിച്ചത്. വാക്‌സിന്‍ ഉപയോഗം ഉടന്‍ പുനരാരംഭിക്കുമെന്ന് ജര്‍മനി, ഫ്രാന്‍സ്,സ്‌പെയിന്‍,ഇറ്റലി. നെതര്‍ലന്റ്‌സ്,പോര്‍ച്ചുഗല്‍,ലിതുവാനിയ,ലാത്വിയ, സ്ലോവേനിയ, ബള്‍ഗേറിയ എന്നീ രാജ്യങ്ങള്‍ പ്രഖ്യാപിച്ചു.
ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച ആസ്ട്രാ- സെനിക്ക കോവിഡ് വാക്സീൻ സുരക്ഷിതമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും കഴിഞ്ഞ ദിവസം ഉറപ്പു നൽകിയിരുന്നു. ശാസ്ത്രീയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വാക്സീൻ സുരക്ഷിതമാണെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചത്. താൻ സ്വീകരിച്ച വാക്സീനും ഇതുതന്നെയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
അതിനിടെ വാക്സീൻ വിതരണം സജീവമായി മുന്നേറുന്ന ബ്രിട്ടനിൽ കോവിഡ് രോഗികളുടെ എണ്ണവും ആശുപത്രിയിൽ ചികിൽസ തേടുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. മരണ നിരക്കും വളരെ പെട്ടെന്ന് കുറയുന്നതായി കണക്കുകൾ കാണിക്കുന്നു. ഒക്ടോബറിനു ശേഷം ആദ്യമായി ബ്രിട്ടനിലെ കോവിഡ് മരണ നിരക്ക് നൂറിൽ താഴെയെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല