1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2021

സ്വന്തം ലേഖകൻ: വിദേശങ്ങളിൽ നിന്നു കോവിഡ് വാക്‌സീൻ സ്വീകരിക്കുന്നവർക്കു ക്വാറന്റീൻ ഇളവില്ലെന്ന് അധികൃതർ. ഖത്തറിൽ വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്കു മാത്രമാണ് 6 മാസത്തേക്കു വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തുമ്പോഴുള്ള ക്വാറന്റീൻ ഇളവു ലഭിക്കുന്നത്.

നിലവിൽ ഇതു സംബന്ധിച്ചു ഖത്തറും മറ്റു രാജ്യങ്ങളും തമ്മിൽ കരാർ ഇല്ലെന്നു ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.യൂസഫ് അൽ മസലമണി വ്യക്തമാക്കി. ടൂറിസത്തെ ആശ്രയിക്കുന്ന ഏതാനും രാജ്യങ്ങൾ കോവിഡ് വാക്‌സീൻ എടുത്തവർക്കു പ്രവേശനം അനുവദിക്കുന്നുണ്ട്.

ദോഹയിൽ നിന്നു നാട്ടിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കു തയാറെടുക്കുന്ന പ്രവാസികൾ മനസ്സിലാക്കേണ്ട കാര്യങ്ങൾ അറിയാം. യാത്രയ്ക്കു 72 മണിക്കൂർ മുൻപു നടത്തിയ ആർടി-പിസിആർ കോവിഡ് നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. യാത്രക്കാർ എയർ സുവിധ എന്ന വെബ്‌സൈറ്റിൽ (https://www.newdelhiairport.in/airsuvidha/apho-registration) റജിസ്റ്റർ ചെയ്യണം. നെഗറ്റീവ് കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റും അപേക്ഷയ്‌ക്കൊപ്പം അറ്റാച്ച് ചെയ്യണം. എയർ സുവിധയിൽ പൂരിപ്പിച്ച റജിസ്‌ട്രേഷൻ ഫോമിന്റെ പകർപ്പ് പ്രിന്റെടുത്തു കൈവശം വയ്ക്കണം.

മൊബൈൽ ഫോണിൽ ആരോഗ്യസേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യണം. ഹമദ് വിമാനത്താവളത്തിൽ എത്തുമ്പോൾ വിമാനക്കമ്പനി അധികൃതർ നൽകുന്ന ഫോമുകൾ പൂരിപ്പിച്ചു നൽകണം. യാത്രയ്ക്കായി എയർഷീൽഡ്, മാസ്‌ക്, സാനിറ്റൈസർ എന്നിവ അടങ്ങിയ കിറ്റും ലഭിക്കും. നാട്ടിലെ വിമാനത്താവളത്തിൽ ചെന്നിറങ്ങുമ്പോൾ തന്നെ കോവിഡ് പരിശോധന നടത്തും. പരിശോധന സൗജന്യമാണ്.

നാട്ടിലെ വിമാനത്താവളത്തിൽ നിന്നു വീട്ടിലെത്തിയാൽ 7 ദിവസം ക്വാറന്റീൻ നിർബന്ധം. എട്ടാമത്തെ ദിവസം ആർടി-പിസിആർ പരിശോധന നടത്തി ഫലം നെഗറ്റീവ് എങ്കിൽ ക്വാറന്റീൻ അവസാനിക്കും. ക്വാറന്റീൻ വ്യവസ്ഥകൾ ലംഘിച്ചാൽ നിയമനടപടികൾ നേരിടേണ്ടി വരും. കോവിഡ് വാക്‌സീൻ എടുത്താലും ഇല്ലെങ്കിലും ക്വാറന്റീൻ നിർബന്ധം.

ദോഹയിലേക്കു ഖത്തർ ഐഡിയുള്ള പ്രവാസികൾക്കു മാത്രമാണ് പ്രവേശനം. ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സെപ്ഷണൽ എൻട്രി പെർമിറ്റ് നിർബന്ധം. നിലവിൽ ദോഹയിൽ നിന്നു നാട്ടിലേക്കു പോകുമ്പോൾ തനിയെ പെർമിറ്റ് ലഭിക്കും. മൊബൈൽ ഫോണിൽ ഇഹ്‌തെറാസ് ആപ് ഇൻസ്റ്റാൾ ചെയ്യണം.

ദോഹയിലെത്തി 7 ദിവസം ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണ്. ആറാമത്തെ ദിവസം കോവിഡ് പരിശോധന നടത്തും. നെഗറ്റീവ് എങ്കിൽ വീട്ടിലേക്ക് പോകാം. പോസിറ്റീവായാൽ ഐസലേഷനിലേക്കു മാറ്റും. അതേസമയം ദോഹയിൽ കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയവർ ആണെങ്കിൽ രണ്ടാമത്തെ ഡോസെടുത്ത് 14 ദിവസം കഴിഞ്ഞിട്ടുണ്ടെങ്കിൽ ക്വാറന്റീൻ ആവശ്യമില്ല.

എന്നാൽ ഹമദ് വിമാനത്താവളത്തിലെത്തുമ്പോൾ കോവിഡ് പരിശോധനയ്ക്ക് വിധേയമാകണം. ദോഹയിൽ വാക്‌സിനേഷൻ പൂർത്തിയാക്കിയ രക്ഷിതാക്കൾക്കൊപ്പമുള്ള 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു ഹോം ക്വാറന്റീൻ അനുവദിക്കും. ഹോട്ടൽ ബുക്കിങ് ഡിസ്‌കവർ ഖത്തർ (https://www.discoverqatar.qa/welcome-home) മുഖേന വേണം നടത്താൻ. കുടുംബങ്ങൾ സ്വന്തം ചെലവിലും കമ്പനി ജീവനക്കാർക്കു തൊഴിലുടമയുമാണു ക്വാറന്റീൻ ചെലവു നൽകേണ്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.