
സ്വന്തം ലേഖകൻ: ദുബായ്–അബുദാബി അതിർത്തി കടക്കാനുള്ള വിവരങ്ങളെല്ലാം റേഡിയോ മലയാളത്തിൽ പറഞ്ഞു തരും. അതിർത്തി ചെക് പോസ്റ്റിനോട് 200 മീറ്റർ അടുക്കുന്ന സമയത്ത് റേഡിയോ സ്വാഭാവികമായും അറിയിപ്പിലേക്കു വഴിമാറും. ഏതു ഭാഷകളിലെ റേഡിയോ വച്ചാലും പരിസരത്തെത്തിയാൽ നിയമത്തെക്കുറിച്ചുള്ള അറിയിപ്പു മാത്രമാകും കേൾക്കുക.
മലയാളം, ഇംഗ്ലിഷ്, അറബിക്, ഉറുദു ഭാഷകളിലെ 24 എഫ്എം സ്റ്റേഷനുകളിൽ ഈ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിർത്തി ചെക്ക് പോയിന്റുകളിൽ പാലിക്കേണ്ട നടപടിക്രമങ്ങളും പൊതുവായ കോവിഡ് മാനദണ്ഡങ്ങളും ഓർമിപ്പിക്കും. ഇതു നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സഹായകമാകും. ഇതുവഴി ഗതാഗത കുരുക്കും ഒഴിവാക്കാം.
ചെക്ക് പോയിന്റിന് അടുത്ത് എത്തുമ്പോൾ വാഹനത്തിന്റെ സ്പീഡ് കുറയ്ക്കുകയും ഹെഡ്‍ലൈറ് ഡിം ആക്കുകയും ചെയ്യുക. നിയുക്ത ലെയ്ൻ പാലിച്ച് വാഹനം നിർത്തുക, വലതുവശത്തെ ലെയ്ൻ ട്രക്കുക്കൾക്ക് മാത്രം തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കും. അനുവദിച്ചതിൽ കൂടുതൽ പേർ വാഹനത്തിൽ പാടില്ലെന്നും മാസ്ക് ധരിച്ചിരിക്കണമെന്നും ഓർമിപ്പിക്കും.
ചെക്ക് പോയിന്റിൽ എമിറേറ്റ്സ് ഐഡിക്കൊപ്പം അൽഹൊസൻ ആപ്പിൽ കോവിഡ് ടെസ്റ്റ് ഫലം കാണിക്കണം. വിദേശ രാജ്യങ്ങളിൽ നിന്നാണ് വരുന്നതെങ്കിൽ അക്കാര്യം അറിയിക്കുകയും വേണം. ഫോട്ടോ എടുക്കാൻ പാടില്ലെന്നും അറിയിപ്പിലൂടെ ഓർമിപ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല